പെഗാസസില്‍ അന്വേഷണം: സുപ്രിം കോടതി വിധി ഇന്ന്
ന്യൂഡല്‍ഹി: വലിയ രാഷ്ട്രീയ വിവാദമായി തുടരുന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ഫോണ്‍ നിരീക്ഷണം അന്വേഷിക്കാനായി സുപ്രീംകോടതി മേല്‍നോട്ടത്തില്‍ ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കിയേക്കുമെന്നാണ് സൂചന
രാഷ്ട്രീയമാധ്യമസാമൂഹിക പ്രവര്‍ത്തകര്‍ക്കു മേല്‍ ചാരവൃത്തി നടത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ ടെക്‌നിക്കല്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ ആലോചിക്കുന്നതായി കഴിഞ്ഞ മാസം 23 ന് നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഈ സമിതിയിലേക്ക് കണ്ടെത്തിയ ചിലര്‍ അസൗകര്യം അറിയിച്ച പശ്ചാത്തലത്തിലാണ് ഉത്തരവ് വൈകുന്നതെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചിരുന്നു.
ഇസ്‌റാഈല്‍ ചാര സോഫ്റ്റുവെയറായ പെഗാസസ് ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരുടെയടക്കം ഫോണുകള്‍ നിരീക്ഷിച്ചോ എന്നതില്‍ കോടതി ചോദിച്ചിട്ടും വ്യക്തമായ മറുപടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പെഗാസസ് വാങ്ങിയോ ഇല്ലയോ എന്നതില്‍ വ്യക്തത നല്‍കാനും കേന്ദ്രം തയ്യാറായിട്ടില്ല. പെഗാസസ് കെട്ടുകഥയെന്നും, സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു വിദഗ്ധ സമിതി രൂപീകരിക്കാന്‍ അനുവദിച്ചാല്‍ തെറ്റിദ്ധാരണകള്‍ മാറ്റാം എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അത് തള്ളിയാണ് അന്വേഷണത്തിനുള്ള വിദഗ്ധസമിതി സുപ്രിം കോടതി തന്നെ പ്രഖ്യാപിക്കുന്നത്.
സുപ്രിം കോടതി നിയോഗിക്കുന്ന സമിതിക്ക് മുമ്പാകെ കേന്ദ്ര സര്‍ക്കാരിന് വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടിവരും. അതല്ലെങ്കില്‍ അതിനായി കോടതി ഉത്തരവിറക്കാനും സാധ്യതയുണ്ട്.
സുപ്രിംകോടതി പ്രഖ്യാപിക്കുന്ന അന്വേഷണ സംവിധാനത്തോടെ പെഗാസസ് ചര്‍ച്ചകള്‍ ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകും. പെഗാസസില്‍ ചര്‍ച്ചയാവശ്യപ്പെട്ട് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഏതാണ്ട് എല്ലാ ദിനങ്ങളും പ്രക്ഷുബ്ധമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."