ടീം തോല്‍ക്കുമ്പോള്‍ പഴികേള്‍ക്കാന്‍ ഒരാള്‍ മാത്രം
കരിയാടന്‍
ലൗ ജിഹാദിന്റെ കാറ്റ് പോയതോടെ ഒരു ക്രൈസ്തവ പുരോഹിതന്‍ എടുത്തു വിളമ്പിയ നാര്‍കോട്ടിക് ജിഹാദിനും ക്ലച്ചുപിടിക്കാന്‍ സാധിക്കാതെ പോയിടുത്താണ് നാം വന്നു നില്‍ക്കുന്നത്. ഇനി 'ക്രിക്കറ്റ് ജിഹാദി'നും സമയമായോ എന്നാണ് ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യന്‍ പരാജയം ഉയര്‍ത്തുന്ന ചോദ്യം. പന്ത്രണ്ടു തവണ നാം തോല്‍പിച്ചുവിട്ട പാകിസ്താന്‍, ദുബൈ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയെ പത്തു വിക്കറ്റിന് തോല്‍പിച്ചതോടെയാണ് പുതിയ സംഭവവികാസങ്ങള്‍. ടീം മൊത്തത്തില്‍ പരാജയപ്പെട്ടുവെന്നും ഈ ഇരുപത് ഓവര്‍ ക്രിക്കറ്റിന്റെ എല്ലാതലത്തിലും പാകിസ്താന്‍ അവിചാരിതമായ മേന്മ കാട്ടിയെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെ പറഞ്ഞതാണ്. മികച്ച സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് പ്രകടമാക്കിക്കൊണ്ട് പാകിസ്താന്‍ കളിക്കാരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആലിംഗനം ചെയ്യുന്ന പടങ്ങളും വൈറലാവുകയുണ്ടായി. എന്നാല്‍ കളിക്കപ്പുറത്തെ ജാതിയും മതവും കാണാന്‍ കച്ചകെട്ടി ഇറങ്ങിയ ചിലര്‍ക്ക് ഇന്ത്യന്‍ പരാജയത്തിനു കാരണക്കാരനായി ഒരാളെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. ഇന്ത്യയുടെ ഓപ്പണിങ് ബൗളറായ ബംഗാളി യുവാവ് മുഹമ്മദ് ഷമിയെ.
പത്തു വിക്കറ്റുകളും കൈകളില്‍ ഭദ്രമാക്കി കൂറ്റന്‍ വിജയത്തിലേക്കു ഓടിക്കയറിയ പാകിസ്താന്റെ ഒരാളെപ്പോലും പുറത്താക്കാന്‍ നമുക്കു കഴിയാതെപോയത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ദുഃഖമായിരിക്കാം. എന്നാല്‍ അഞ്ചു ബൗളര്‍മാരെ പരീക്ഷിച്ചിട്ടും ഫലിക്കാതെപോയ ശ്രമത്തിന് ഒരാളെമാത്രം കുരിശിലേറ്റുന്നതിനു കാരണം മറ്റൊന്നുമാത്രം. ഇന്ത്യന്‍ ഇലവനിലെ ഏക മുസ്‌ലിം കളിക്കാരന്‍ ബംഗാളില്‍ നിന്നുള്ള ഈ 31 കാരനാണ്. ഉത്തര്‍പ്രദേശിലെ പിന്നോക്ക ഗ്രാമമായ അംറോഹയില്‍ ജനിച്ച ഈ കര്‍ഷകപുത്രന്‍ കളിക്കാനായി മാത്രം ബംഗാളില്‍ ചേക്കേറിയ താരമാണ്. അതോടെയാണ് ദേശീയ പ്രസിദ്ധിയാര്‍ജിച്ചത്. 2013ല്‍ വെസ്റ്റിന്‍ഡീസിനെതിരേ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച അഞ്ചടി എട്ടിഞ്ച് പൊക്കക്കാരനായ ഷമി, ഏഷ്യ ഇലവനിലും ലോക ഇലവനിലും കളിക്കാന്‍ കഴിഞ്ഞ ചുരുക്കം ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ്. അണ്ടര്‍ 19 ടീമില്‍ ഉത്തര്‍പ്രദേശിന്റെ സ്റ്റേറ്റ് ടീം പോലും പരിഗണിക്കാതിരുന്ന ഷമി, കോച്ച് ബദറുദ്ദീന്‍ ശൈഖിന്റെ ഉപദേശപ്രകാരമാണ് കൊല്‍ക്കത്തക്ക് പോയതും അവിടെ മോഹന്‍ബഗാന്‍ ക്രിക്കറ്റ് ടീമില്‍ അംഗത്വം നേടിയതും. പില്‍ക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അധ്യക്ഷപദവിയിലെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണ് ബംഗാള്‍ ടീമിലേക്ക് തെരഞ്ഞെടുത്തത്. ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതോടെ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന ബഹുമതിയിലേക്കും ഷമി ഉയര്‍ന്നു.
2017-ലെ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ ഇന്ത്യ തോല്‍പിച്ചപ്പോള്‍ ഇന്ത്യക്കു കളിച്ചതിന് ഒരു പാകിസ്താന്‍ ആരാധകന്റെ പഴി വാക്കുകള്‍ കേട്ടുവളര്‍ന്ന ക്രിക്കറ്ററാണ് ഷമി. ഇന്നിപ്പോള്‍ പാകിസ്താന്‍ ടീമിനോട് കൈക്കൂലിവാങ്ങി ആ ബൗളര്‍ പന്ത് പുറത്തേക്കെറിഞ്ഞുവെന്നാണ് സംഘ്പരിവാര്‍ കണ്ടുപിടുത്തം. ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ ഷമി പുറത്താവാതെ നിന്നതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. അദ്ദേഹത്തിന്റെ മതം മാത്രമാണ് അവര്‍ക്ക് പ്രശ്‌നം.
ക്രിക്കറ്റ് കളിയെ മതമായും ക്രിക്കറ്റ് കളിക്കാരെ ദൈവങ്ങളായും കരുതുന്ന ഒരുപാട് ഭ്രാന്തന്‍മാരുടെ നാടാണ് ഭാരതം. നിര്‍ഭാഗ്യകരമാംവിധം കളിക്കാരെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനും അവര്‍ക്കു മടിയില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിക്കാന്‍ വിലപ്പെട്ട സേവനങ്ങളര്‍പ്പിച്ച ഒരു മതവിഭാഗക്കാര്‍ക്ക് എതിരായാണ് ഈ ഹാലിളക്കമെന്നു കണ്ടറിയുക. ഗുലാം അഹമ്മദിനെയും പട്ടൗഡി നവാബിനെയും മുഹമ്മദ് അസ്ഹറുദ്ദീനെയും പോലുള്ള ക്യാപ്റ്റന്മാരെ സംഭാവന ചെയ്ത സമുദായത്തിനെതിരേ. ഗുലാം അഹമ്മദ് ക്യാപ്റ്റന്‍ പദവിക്ക് പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെക്രട്ടറി പദംപോലും അലങ്കരിച്ച വ്യക്തിയാണ്. പട്ടൗഡി നവാബുമാരാകട്ടെ പിതാവ് ഇഫ്ത്തിഖാറലിയും മകന്‍ മന്‍സൂറലിയും ക്യാപ്റ്റന്മാരായി ഇന്ത്യയെ നയിച്ച ക്രിക്കറ്റര്‍മാരായി. 99 ടെസ്റ്റുകളില്‍ ഇന്ത്യന്‍ ക്യാപ് അണിഞ്ഞ അസ്ഹറുദ്ദീന്‍ 47 എണ്ണത്തില്‍ നമ്മുടെ ക്യാപ്റ്റനുമായിരുന്നു. കൊച്ചുനാളുകളില്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ ബൗളിങ് ഇതിഹാസങ്ങളായ സഹോദരങ്ങളായിരുന്നു വസിം അലിയും നസീര്‍ അലിയും. പതിറ്റാണ്ടുകള്‍ക്കുശേഷം ഗുജറാത്തില്‍ വഡോദ്‌റയില്‍ ഒരു മതപണ്ഡിതന്റെ മക്കളായ യൂസുഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍ എന്നീ സഹോദരന്മാര്‍ എട്ടു ഏകദിന മത്സരങ്ങളില്‍ ഒന്നിച്ചു ഇന്ത്യന്‍ ടീമില്‍ കളിക്കുകയുമുണ്ടായി. ടെസ്റ്റ് ക്രിക്കറ്റില്‍ വിദേശത്തുപോയി ആദ്യമായി സെഞ്ചുറി നേടിയ സയ്യിദ് മുഷ്ത്താഖലിയും 29 ടെസ്റ്റുകളില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായ സയ്യിദ് മുസ്തഫാ കിര്‍മാനിയും ഒക്കെ ഏതെങ്കിലും മതത്തിന്റെ വക്താക്കളായല്ല ഇന്ത്യന്‍ ക്രിക്കറ്റിന്റെ യശസ് ഉയര്‍ത്തിയത്.
ചെന്നൈയില്‍ ജനിച്ച നാസര്‍ ഹുസൈന് ഇംഗ്ലണ്ടും ഹൈദരാബാദില്‍ പിറന്ന ആസിഫ് ഇഖ്ബാലിനു പാകിസ്താനും ക്യാപ്റ്റന്‍ പദവി നല്‍കാന്‍ മടി കാണിച്ചില്ല. ഇന്ത്യയുടെ ദേശീയ വിനോദമായി കണക്കാക്കപ്പെടുന്ന ഹോക്കിയില്‍ ലാല്‍ഷാ ബുഖാരി എന്ന ക്യാപ്റ്റന്‍ മുതല്‍ മുഹമ്മദ് ശാഹിദ്, ഇനാമുര്‍ റഹ്മാന്‍ തുടങ്ങിയ ഒരുപാട് പേരുകള്‍ യശോധാവള്യം പരത്തിയത് കാണാം. താജ് മുഹമ്മദ്, അഹമദ്ഖാന്‍, എസ്.എ ലത്തീഫ്, മുഹമ്മദ് ഹബീബ്, സയ്യിദ് നഈമുദ്ദീന്‍, കോട്ടയം സാലി, കോഴിക്കോട് റഹ്മാന്‍ എന്നിങ്ങനെ ഫുട്‌ബോളിലും ഇന്ത്യയുടെ യശസ് ഉയര്‍ത്തിയവര്‍ എത്രയോ പേരുണ്ട്. ഇന്ത്യ സൃഷ്ടിച്ച എക്കാലത്തെയും വലിയ കോച്ചായ ഹൈദരാബാദുകാരന്‍ സയ്യിദ് അബ്ദുല്‍ റഹിം നമ്മുടെ നാടിനെ ഉയരത്തിലെത്തിച്ച ഏറ്റവും മികച്ച ഫുട്‌ബോള്‍ കോച്ചായിരുന്നു.
ഏഷ്യന്‍ ചാംപ്യന്മാരായ ഒളിംപ്യന്മാരടക്കം നിരവധി ഇന്ത്യന്‍ താരങ്ങളെ സൃഷ്ടിച്ച അത്‌ലറ്റിക്ക് കോച്ച് എന്ന ബഹുമതി കര്‍ണാടകയില്‍ നിന്നുള്ള ഇല്ല്യാസ് ബാബറിനുള്ളതാണ്. അബ്ബാസ് മുന്‍ തസീര്‍ മുതല്‍ കേരളത്തിന്റെ സ്വന്തം മുഹമ്മദ് ഇക്ബാല്‍ വരെയുള്ള ബാസ്‌ക്കറ്റ്‌ബോള്‍ താരങ്ങളെയും ടി. ഖാലിദ് മുതല്‍ വടകര അബ്ദുറഹിമാന്‍ വരെയുള്ള വോളിബോള്‍ ഇന്റര്‍ നാഷണലുകളെയും സംഭാവന ചെയ്ത സമുദായമാണിത്. ആ മതവിഭാഗത്തില്‍ നിന്നുള്ള ഒരാളെ ഒരു പരാജയത്തിന്റെ പേരില്‍ വേട്ടയാടുന്നത് രാജ്യാന്തരങ്ങളില്‍ തന്നെ നമ്മുടെ മതേതരത്വത്തിനു മേലുള്ള ചെളി വാരി എറിയലത്രെ. യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ സ്ഥാനം വഹിച്ചിരുന്ന മുന്‍ കേന്ദ്രമന്ത്രിയായ ഡോ. ശശി തരൂര്‍ എം.പി പറഞ്ഞത് പോലെ ക്രിക്കറ്റ് മതങ്ങള്‍ തമ്മിലുള്ള ഒരു കളിയല്ല, ടീമുകള്‍ തമ്മിലുള്ള കളിയാണ്. കളിക്കുകയും തോല്‍ക്കുകയും ചെയ്തത് ഒരാളല്ല, പതിനൊന്നു ഇന്ത്യക്കാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."