ഉപഭോക്തൃ കമ്മിഷൻ ഒഴിവ് കേരളത്തിന് രണ്ടു ലക്ഷം പിഴയിടുമെന്ന് സുപ്രിംകോടതി
ഒരാഴ്ചയ്ക്കകം
റിപ്പോർട്ട് നൽകണമെന്നും
കോടതി
ന്യൂഡൽഹി
സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനുകളിലെ ഒഴിവുകൾ സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിച്ചില്ലെങ്കിൽ രണ്ട് ലക്ഷം രൂപ പിഴ ചുമത്തുമെന്ന് കേരളത്തിന് സുപ്രിംകോടതിയുടെ മുന്നറിയിപ്പ്. മറ്റ് 14 സംസ്ഥാനങ്ങൾക്കും സുപ്രിംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിഴയുടെ ഭാഷ മാത്രമേ സംസ്ഥാനങ്ങൾക്ക് മനസ്സിലാകൂ എങ്കിൽ അതുതന്നെ ചെയ്യേണ്ടി വരുമെന്നും എസ്.കെ കൗൾ, എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഉപഭോക്തൃ കമ്മിഷനുകളിലെ ഒഴിവുകൾ നികത്താൻ നേരത്തെ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. അതോടൊപ്പം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണിച്ച ഒക്ടോബർ 22നും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. ശേഷം കഴിഞ്ഞ ദിവസം വരെ സമയം കൊടുത്തു. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ ഇതുവരെ റിപ്പോർട്ട് നൽകിയില്ലെന്ന് അമിക്കസ് ക്യൂറി ഗോപാൽ ശങ്കരനാരായണൻ അറിയിച്ചതോടെയാണ് കോടതി പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകിയത്.
കേരളവും ഗോവയും ഗുജറാത്തും അടക്കം 15 സംസ്ഥാനങ്ങളാണ് റിപ്പോർട്ട് സമർപ്പിക്കാനുള്ളത്.
കേരളം, ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, തെലുങ്കാന, യു.പി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ സംസ്ഥാന ഉപഭോക്തൃ കമ്മിഷനുകളിലെ ജീവനക്കാരുടെ വിവരം സംബന്ധിച്ച റിപ്പോർട്ടാണ് സമർപ്പിക്കാത്തത്. ഗുജറാത്ത്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ കമ്മിഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നൽകിയില്ല. കേസ് അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."