വിദ്യാര്‍ഥിയെക്കൊണ്ട് കാലുപിടിച്ച് മാപ്പുപറയിച്ചു; കാസര്‍കോട് ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പലിനെതിരെ പരാതി
കാസര്‍കോട്: കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്ന് പരാതി.
കഴിഞ്ഞമാസം 18 നാണു കാസര്‍കോട് ഗവ.കോളജില്‍ പ്രാകൃത രീതിയിലുള്ള സംഭവം ഉണ്ടായത്. കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയോട് തനിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കോളജില്‍ നിന്നും ടി.സി തന്നു പറഞ്ഞു വിടുമെന്നും പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് വഹിക്കുന്ന അധ്യാപിക പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.
എന്നാല്‍ തന്റെ മേലുള്ള പരാതി, ഇവ നല്‍കിയ പരാതിക്കാര്‍ എന്നിവരെ സംബന്ധിച്ചു അധ്യാപികയോട് വിവരങ്ങള്‍ തിരക്കിയെങ്കിലും ഇവ നല്‍കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് എം.എസ്.എഫ് കോളജ് യൂനിറ്റ് ഭാരവാഹികള്‍ കാര്യം അന്വേഷിച്ചെങ്കിലും അധ്യാപിക അവര്‍ക്കും വിവരങ്ങള്‍ കൈമാറിയില്ല. എന്നാല്‍ തുടര്‍പഠനം സംബന്ധമായി ആശങ്ക ഉയര്‍ന്ന വിദ്യാര്‍ഥി തന്റെ സുഹൃത്തുക്കളോടൊപ്പം പ്രിന്‍സിപ്പലിന് മുമ്പിലെത്തി സംസാരിച്ചപ്പോള്‍ തന്റെ കാല് പിടിച്ചു മാപ്പു പറഞ്ഞാല്‍ തുടര്‍ പഠനത്തിന് അനുവദിക്കാമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതോടെ ഗത്യന്തരമില്ലാതെ വിദ്യാര്‍ഥി അധ്യാപികയുടെ കാല് പിടിച്ച് മാപ്പ് പറഞ്ഞെങ്കിലും ഒരുതവണ പോരെന്നും മൂന്നു തവണ ഇതേ രീതിയില്‍ മാപ്പ് പറയണമെന്നും അധ്യാപിക ആവശ്യപ്പെട്ടതായാണ് ആരോപണം.
എന്നാല്‍ ആരോപണം തെറ്റാണെന്ന് പ്രിന്‍സിപ്പല്‍ രമ വ്യക്തമാക്കി. മാസ്‌ക്ക് ഇടാതെ വന്നത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥി തന്നെ അടിക്കാന്‍ ശ്രമിച്ചെന്നും ഇത് സംബന്ധിച്ച് കേസ് നല്‍കരുതെന്ന് പറഞ്ഞ് സ്വമേധയാ കാലില് വീഴുകയായിരുന്നെന്നും ഇവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."