കടലോളം ആശങ്ക, ഒടുങ്ങാത്ത ദുരിതം പേറി കേരളത്തിന്റെ സൈന്യം
ഇന്ന് ലോകമത്സ്യത്തൊഴിലാളി ദിനം. ആഘോഷങ്ങള്‍ക്കും സന്തോഷത്തിനും പകരം തീരങ്ങളില്‍ അടിക്കുന്നത് പ്രതിഷേധത്തിന്റെ തിരമാലകളാണ്. രാജ്യത്തെ മത്സ്യത്തൊഴിലാളികള്‍ മുന്‍കാലങ്ങളില്‍ ഒന്നുമില്ലാത്ത കടുത്ത പ്രതിസന്ധിയേയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
അപ്രവചനീയമായ കാലാവസ്ഥ, അപ്രതീക്ഷിതമായി മാറിമറിയുന്ന കടല്‍പരപ്പ്... പ്രകൃതിക്ഷോഭം ഒന്നിനുപിറകെ ഒന്നായി ആര്‍ത്തലച്ചുവരുമ്പോള്‍ കടലില്‍ പോകാനാവാതെ വലയുകയാണ് കടലിന്റെ മക്കള്‍. പട്ടിണിക്കും മരണത്തിനുമിടയിലേക്ക് വഴുതിവീഴുകയാണ് പലപ്പോഴും ഇവര്‍.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ഉണ്ടാകുന്ന പ്രകൃതി ക്ഷോഭത്തിന്റെ പ്രധാന ഇരകളും തീരദേശവാസികളാണ്. ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും കടലാക്രമണവും പതിവായിരിക്കുന്നു. ഈ സമയത്താണ് ദുരിതത്തിലായ മത്സ്യത്തൊഴിലാളികള്‍ക്ക് മേല്‍ കേന്ദ്രകേരള സര്‍ക്കാരുകള്‍ കഠിനമായ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതും.
ജനനന്മയ്ക്ക് വേണ്ടി നിയമങ്ങളുണ്ടാക്കുന്നതിന് പകരം പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന നിയമങ്ങളാണ് പാര്‍ലമെന്റിലും നിയമസഭയിലും പാസാക്കിയിട്ടുള്ളത്.
തീരക്കടലിലടക്കം കോര്‍പറേറ്റുകള്‍ക്ക് മുതല്‍ മുടക്കി കടല്‍ വിഭവങ്ങല്‍ യഥേഷ്ടം ചൂഷണം ചെയ്യാന്‍ അവകാശം നല്‍കുന്ന ബ്ലൂ ഇക്കോണമി നയവും തീരക്കടലിലും ആഴക്കടലിലും മത്സ്യം പിടിക്കുന്നതിന് പരമ്പരാഗത തൊഴിലാളികള്‍ക്ക് പാലിക്കാന്‍ കഴിയാത്ത വിധമുള്ള എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടുള്ള ലൈസന്‍സ് വേണമെന്ന ഇന്ത്യന്‍ മറൈന്‍ ഫിഷറീസ് ആക്ടും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നു.
സംസ്ഥാന സര്‍ക്കാരുകളുമായും മത്സ്യത്തൊഴിലാളി സംഘടകളുമായും ചര്‍ച്ച ചെയ്യാതെ തങ്ങളുടെ വരുതിക്ക് നില്‍ക്കുന്ന സന്നദ്ധ സംഘടനകളുമായി മാത്രം ചര്‍ച്ച നടത്തുന്ന രീതിയാണ് നിലനില്‍ക്കുന്നത്. കേന്ദ്ര നിയമം പാസായാല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം യാനങ്ങള്‍ക്കും 12 നോട്ടിക്കല്‍ മൈലിനപ്പുറത്തേക്ക് പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. നിയമ ലംഘനത്തിന്റെ പേരില്‍ മത്സ്യതൊഴിലാളികള്‍ക്ക് വന്‍തുക പിഴയും ക്രിമിനല്‍ നടപടിയും വ്യവസ്ഥ ചെയ്യുന്ന നിയമം മത്സ്യമേഖലയെ കോര്‍പറേറ്റ്വല്ക്കരിക്കുന്നതിനുള്ളതാണ്. സംസ്ഥാന സര്‍ക്കാരുകളും മത്സ്യത്തൊഴിലാളി സംഘടനകളും നല്കിയ നിര്‍ദ്ദേശങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
തൊഴിലെടുക്കാന്‍ പറ്റാത്ത ദിനങ്ങളിലെ പട്ടിണി മാറ്റുവാന്‍ തൊഴില്‍നഷ്ട വേതനം നിയമംമൂലം നടപ്പിലാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. എങ്കിലും ഓരോ ബജറ്റിലും ആയിരക്കണക്കിന് കോടികളുടെ പാക്കേജ് പ്രഖ്യാപിക്കുന്ന പതിവ് മുടങ്ങിയിട്ടില്ല. പ്രളയകാലത്ത് ആയിരക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ചതോടെ കേരളത്തിന്റെ സ്വന്തം സൈന്യമെന്ന വിശേഷണം ലഭിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ കടലിലെ സുരക്ഷ ഉള്‍പ്പെടെ വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
കാലാവസ്ഥയിലെ അസ്ഥിരത നേരിട്ടു ബാധിച്ചു തുടങ്ങിയ ഏറ്റവും വലിയ ജനവിഭാഗമായി മത്സ്യത്തൊഴിലാളികള്‍ മാറി. മത്സ്യബന്ധനം കേരളത്തിലെ ഏറ്റവും അപകടകരമായ തൊഴിലുകളിലൊന്നായും മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."