തുർക്കി: ഉർദുഗാന് കാലിടറുന്നോ?
മുസ്തഫ ഹുദവി ഈജംപാടി
തുർക്കിയിൽ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ കൊവിഡ് വ്യാപനം വലിയ ആഘാതമൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാൽ മറ്റൊരു വശത്ത്, എല്ലാ സാമൂഹിക വളർച്ചാ സൂചകങ്ങളും നാടകീയമായി അധഃപതിച്ചിരിക്കുന്നു. കൊവിഡ് പ്രതിസന്ധി ലഘൂകരിക്കാനുള്ള എല്ലാ സർക്കാർ പദ്ധതികളും രാജ്യത്തെ സമ്പന്നർക്ക് അനുകൂലമായിരുന്നു. ധനകാര്യ സംവിധാനത്തെ സർക്കാർ വരേണ്യവർഗത്തിലും ഭരിക്കുന്ന പാർട്ടിയെ അനുകൂലിക്കുന്ന വിഭാഗത്തിലും കേന്ദ്രീകരിച്ചു. തുർക്കി അഞ്ചു ശതമാനം വളർച്ച രേഖപ്പെടുത്തുമ്പോഴും വേതനത്തിന് അനുവദിച്ച ദേശീയ വരുമാനത്തിന്റെ വിഹിതം 3-4 ശതമാനം ചുരുങ്ങുകയാണുണ്ടായത്. തൊഴിലാളി വിഭാഗങ്ങളുടെ അസാധാരണമായ ദാരിദ്ര്യത്തിനാണ് ഇതു വഴിയൊരുക്കിയത്.തുർക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഒരാളായ കോർകുട്ട് ബോറാട്ടവ് പറയുന്നത്, 'പകർച്ചവ്യാധി സമയത്ത് തുർക്കി സമ്പദ്‌വ്യവസ്ഥ കാര്യമാത്ര പ്രതിസന്ധി നേരിട്ടില്ല, അത് വളരുകയാണുണ്ടായത്. എന്നാൽ സർക്കാർ പാവപ്പെട്ടവരുടെ വിഹിതം സമ്പന്നർക്ക് നൽകി. സമ്പന്നർ അതിസമ്പന്നരാവുകയും സാധാരണക്കാരെ ദാരിദ്ര്യത്തിലേക്കു തള്ളിവിടുകയും ചെയ്തു' എന്നാണ്.
തുർക്കിയിൽ പണപ്പെരുപ്പ നിരക്ക് കുത്തനെ വർധിക്കുകയാണ്. അനിയന്ത്രിതമായ ക്രെഡിറ്റ് വളർച്ചയും ദുർബലമായ മോണിറ്ററി പോളിസിയും കാരണം വിലവർധന തുർക്കിയിൽ ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു. കഴിഞ്ഞ മാസം പണപ്പെരുപ്പം 20 ശതമാനത്തിനടുത്തെത്തി. Organisation for Economic Co-operation and Development (OECD) രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. റഷ്യ, ഇന്ത്യ, ബ്രസീൽ എന്നിവയുൾപ്പെടെ ഈ ക്ലബിൽ അംഗങ്ങളല്ലാത്ത പല രാജ്യങ്ങളെ അപേക്ഷിച്ച് ഇത് പല മടങ്ങ് കൂടുതലാണ്. അതേസമയം, തുർക്കിയിലെ ഭക്ഷ്യവിലപ്പെരുപ്പം 28.8 ശതമാനം എന്ന റെക്കോർഡ് ശതമാനത്തിലെത്തി. ഈ വിലക്കയറ്റം പണപ്പെരുപ്പത്തിന്റെ ഒരു ദുഷിച്ച ചക്രത്തിന് കാരണമാകുന്നുവെന്നും അതിൽനിന്നു പുറത്തുകടക്കൽ അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാണെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനിടയിൽ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ ഗുരുതരമായ നിലയിലാണ്. യുവത തീർത്തും അസംത്യപ്തരാണ്. രാജ്യത്തിൻ്റെ ഭാവിയിൽ അവർക്കു പ്രതീക്ഷയില്ല. പലരും യൂറോപ്പിലേക്കോ മറ്റോ കൂടുമാറാൻ ആഗ്രഹിക്കുന്നവരാണ്.
സ്ഥിതിവിവരക്കണക്കുകളിൽ യുവാക്കളുടെ തൊഴിലില്ലായ്മ ഗുരുതരമായ തലത്തിലാണ്. സർക്കാർ ഏജൻസി DISK-ARന്റെ 2021 ജൂലൈയിലെ തൊഴിൽ, തൊഴിലില്ലായ്മ റിപ്പോർട്ട് പ്രകാരം, പരിമിതമായി നിർവചിക്കപ്പെട്ട തൊഴിൽരഹിതരുടെ എണ്ണം 4.4 ദശലക്ഷം ആണ്; നിരക്ക് 13.2 ശതമാനം. വിശാലമായി നിർവചിക്കപ്പെട്ട തൊഴിൽരഹിതരുടെ എണ്ണം 9.7 ദശലക്ഷം; നിരക്ക് 27.2 ശതമാനം. 15-34 പ്രായത്തിലുള്ള യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 34.7 ശതമാനമാണ്. 15-24 പ്രായക്കാരുടെ നിലവിൽ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്ത വിഭാഗവും ഉണ്ട്. അവരുടെ തൊഴിലില്ലായ്മ നിരക്ക് 42.4 ശതമാനമാണ്. ഈ കണക്കുകൾ സ്ഥിതി അതീവ ഗൗരവമാണെന്നു സൂചിപ്പിക്കുന്നു. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) പ്രവചനമനുസരിച്ച്, 2021 അവസാനത്തോടെ ലോകത്തിലെ ഏറ്റവും വലിയ 20 സമ്പദ്‌വ്യവസ്ഥകളിൽ (G 20)നിന്ന് തുർക്കിയുടെ സ്ഥാനം നഷ്ടപ്പെടുമത്രെ. 2021ൽ 21ാം റാങ്കിലേക്ക് താഴുന്ന തുർക്കി 2022ൽ വീണ്ടും 22ാം റാങ്കിലേക്ക് വിഴും.മൂന്നു
വർഷങ്ങൾക്കു മുമ്പെ പതിനാറാം സ്ഥാനത്തുണ്ടായിരുന്നിടത്താണ് ഈ വീഴ്ച. തുർക്കി റിപ്പബ്ലിക്കിന്റെ നൂറാം വാർഷികമായ 2023നുള്ളിൽ ആദ്യ പത്തുസ്ഥാനങ്ങളിലൊന്നിൽ തുർക്കിയെ എത്തിക്കുമെന്നതായിരുന്നു ഉർദുഗാന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. അടുത്ത കാലയളവിൽ തുർക്കിഷ് ലിറ വിദേശ കറൻസിക്കെതിരേ നിരന്തരമായി മൂല്യത്തകർച്ച നേരിട്ടുകൊണ്ടിരിക്കുമ്പോൾ, സെപ്റ്റംബറിൽ വാർഷിക പണപ്പെരുപ്പം 19.6 ശതമാനത്തിലെത്തി. ഡോളറിന്റെ അടിസ്ഥാനത്തിൽ 2014 മുതൽ തുർക്കിയിലെ പ്രതിശീർഷ വരുമാനം താഴോട്ടാണ്. റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി 7 വർഷവും പ്രതിശീർഷ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) കുറവു രേഖപ്പെടുത്തി.
കുറച്ച് വർഷങ്ങളായി തുർക്കിയിലെ ഡോളർ നിരക്ക് വളരെ സ്ഥിരതയുള്ളതായിരുന്നു. ഒരു ഡോളറിന് 1.3-1.5 ലിറ എന്ന മികച്ച നിലയിൽ. എന്നാൽ, 2013ന് ശേഷം ഡോളർ എട്ട് വർഷത്തേക്ക് ക്രമാനുഗതമായി ഉയരാൻ തുടങ്ങി. ഇതെഴുതുമ്പോൾ ഡോളർ 9.99 തുർക്കിഷ് ലിറയിലെത്തി നിൽക്കുന്നു. എന്നാൽ, തകരുന്ന കറൻസിയെ സ്ഥിരപ്പെടുത്താൻ തുർക്കി സർക്കാരിന് പ്രത്യേക പദ്ധതിയും സമർപ്പിക്കാനില്ല. മുങ്ങിക്കൊണ്ടിരിക്കുന്ന ലിറയെ രക്ഷിക്കാൻ 2018-2020 ൽ തുർക്കി അതിന്റെ ഭൂരിഭാഗം കരുതൽ ധനവും പാഴാക്കി. കഴിഞ്ഞ വർഷം അവസാനത്തോടെ 130 ബില്യൻ ഡോളറിലധികം ഈ ആവശ്യങ്ങൾക്കായി വിപണിയിൽ ഇറക്കി. അത് ഒരു ഫലവും ഉണ്ടാക്കിയില്ലെന്നു മാത്രമല്ല, ശുഷ്‌ക്കിച്ച വിദേശ നാണയ ശേഖരം രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലേക്കു തള്ളിവിടുകയാണുണ്ടായത്.
താങ്ങാവുന്നതിനപ്പുറം കടന്ന സിറിയൻ അഭയാർഥി പ്രവാഹമാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കിയ മറ്റൊരു ഘടകം. ഏഷ്യ-ആഫ്രിക്ക രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് അയൽരാജ്യമായ സിറിയയിൽ നിന്ന് ദശലക്ഷക്കണക്കിന് അഭയാർഥികൾക്ക് ഉർദുഗാൻ വാതിൽ തുറന്നിട്ടത് ഇപ്പോൾ അദ്ദേഹത്തിന്റെ മേൽ ഡെമോക്ലിസിന്റെ വാൾ പോലെ തൂങ്ങിനിൽക്കുന്ന തലവേദനയായിരിക്കുന്നു. 2013 മുതൽ രാജ്യത്തേക്ക് ഒഴുകിയെത്തിയ അഭയാർഥികൾ യൂറോപ്പിലേക്ക് കടക്കാനാവാത്തതിനാൽ തുർക്കിയിൽ തന്നെ തങ്ങി. അഭയാർഥികൾ തുർക്കി ജനസംഖ്യയിൽ 4 ദശലക്ഷം ആളുകളുടെ അധികഭാരം സൃഷ്ടിക്കുമ്പോൾ, ഈ ജനസംഖ്യ മൊത്തത്തിലുള്ള ജി.ഡി.പി വളർച്ചയിലോ സാമ്പത്തിക വികസന ചലനാത്മകതയിലോ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല. അഭയാർഥി ക്യാംപുകൾ കടന്നു സ്വദേശികൾക്കിടയിൽ താമസം തുടങ്ങിയ അഭയാർഥികൾ തുർക്കിക്കാരുടെ ജോലിയും അവസരങ്ങളും തട്ടിയെടുക്കുന്നുവെന്നുള്ള പരാതികൾ ഇപ്പോൾ തുറന്ന തെരുവുപോരിലേക്കു എത്തിനിൽക്കുന്നു. കഴിഞ്ഞ മാസം അങ്കാറയിൽ അഭയാർഥികളുടെ മർദനത്തിൽ തുർക്കി സ്വദേശി കൊല്ലപ്പെട്ടത് ഈ പോരിനു ആക്കം കൂട്ടി. 20 വർഷത്തിനിടയിൽ ഉർദുഗാന് ഏറ്റവും വലിയ തിരിച്ചടിയേറ്റ 2019 ലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഉയർത്തിയ പ്രധാന വിഷയങ്ങളിലൊന്ന് സിറിയൻ അഭയാർഥി പ്രശ്‌നമാണ്. അഭയാർഥികളെ അവരുടെ നാടുകളിലേക്കു തിരിച്ചയക്കുമെന്നായിരുന്നു വാഗ്ദാനം. ഇതുവരെ അഭയാർഥി അനുകൂല നയം സ്വീകരിച്ച ഉർദുഗാനെ വളരുന്ന ജനരോഷം മാറ്റി ചിന്തിപ്പിക്കുകയാണ്. അതിനിടെ സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങളുമായി പ്രതിപക്ഷം എരിതീയിൽ എണ്ണയൊഴിക്കുന്ന തിരക്കിലാണ്. സ്വദേശി-അഭയാർഥി അകൽച്ച ആഭ്യന്തര കലാപമായി പരിണമിക്കാൻ സാധ്യതയുണ്ടെന്നു രാഷ്ട്രീയവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തുർക്കിയിൽ രാഷ്ട്രീയഅധികാരം എന്നും സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മോശം സാമ്പത്തിക സ്ഥിതിയാണ് തുർക്കിയിലെ അധികാര മാറ്റങ്ങളിൽ പങ്കുവഹിച്ച പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. സാമ്പത്തിക പ്രതിസന്ധിയാണ് ഉർദുഗാനെയും അധികാരത്തിലെത്തിച്ചത്. 2000 കളുടെ തുടക്കത്തിൽ തുർക്കി ജി.ഡി.പി 10 ശതമാനം നഷ്ടമുണ്ടാക്കിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ മധ്യത്തിലാണ് അദ്ദേഹം അധികാരത്തിൽ വന്നത്. പ്രതിസന്ധിഘട്ടത്തിൽ കറൻസിയുടെ മൂല്യം വർധിപ്പിച്ചും പലിശനിരക്ക് കുറച്ചുമുള്ള ഉർദുഗാന്റെ നയങ്ങൾ ഫലം കണ്ടു. 21ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്നാണ് തുർക്കി സാമ്പത്തിക വിപ്ലവം. രണ്ട് ഭൂഖണ്ഡങ്ങൾക്കിടയിലെ പാലമായ രാജ്യത്തിന്റെ ജി.ഡി.പി നിരക്ക് പതിനഞ്ച് വർഷത്തിലേറെയായി 5 ശതമാനം കവിഞ്ഞു. നിലവിൽ, ഇന്ത്യയ്ക്കും ചൈനയ്ക്കും മാത്രമേ ഇതിലും ശക്തമായ സൂചകങ്ങൾ ഉണ്ടായിരുന്നുള്ളൂ. 2010കളുടെ രണ്ടാം പകുതിയിൽ, തുർക്കിയിലെ ആളോഹരി ജി.ഡി.പി അനുപാതം, ഏഷ്യയിലെ അയൽരാജ്യങ്ങളെ മറികടന്നു, ചില യൂറോപ്യൻ രാജ്യങ്ങളുടെ നിലവാരത്തെ മറികടക്കുന്ന തലത്തിലെത്തി. സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ സുസ്ഥിരതയും വിജയസൂചകവുമായി ഇതു മാറി.
എന്നാൽ 20 വർഷങ്ങൾക്കിപ്പുറം ഉർദുഗാൻ മറ്റൊരു തെരഞ്ഞെടുപ്പ് നേരിടാനിരിക്കുമ്പോൾ സ്ഥിതിഗതികൾ ആശാവഹമല്ല. സാമ്പത്തികരംഗത്ത് അദ്ദേഹത്തിന്റെ മാജിക്കുകൾ ഒന്നും പഴയ പോലെ ഏശുന്നില്ല. തന്നെ അധികാരത്തിലെത്തിക്കാൻ സഹായിച്ച അതിസാധാരണക്കാർ വിലക്കയറ്റം മൂലം ഉർദുഗാനിൽ നിന്നു അകന്നു കൊണ്ടിരിക്കുകയാണ്. 2023 ജൂൺ 18ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത തുർക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആരാണ് വിജയിക്കുകയെന്നതിന്റെ നിർണായക ഘടകങ്ങളിലൊന്ന് തുർക്കിയുടെ സാമ്പത്തിക സ്ഥിതിയായിരിക്കും.കെമാലിസ്റ്റ് അൾട്രാ സെക്കുലർ വിഭാഗം അധികാരം പിടിച്ചാൽ രാജ്യത്തു ഉർദുഗാൻ നടത്തിയ മത നവോത്ഥാന പ്രവർത്തനങ്ങൾ പാതിവഴിയിലാവുമോ എന്ന ആശങ്കയുണ്ട്. തെരഞ്ഞെടുപ്പിന് ഒരു വർഷം മുന്നിലുള്ളപ്പോൾ തുർക്കിയെ പഴയ ട്രാക്കിലാക്കാൻ എന്തു കാൽവയ്പ്പാവും ഉർദുഗാൻ നടത്തുകയെന്ന ആകാംക്ഷയിലാണ് ലോകം.
(അങ്കാറ യൂനിവേഴ്‌സിറ്റിയിലെ
ഗവേഷകനാണ് ലേഖകൻ )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."