സാമൂഹിക പുരോഗതിയും വഖ്ഫ് സ്വത്തും
വെള്ളിപ്രഭാതം
ജമാൽ എടയൂർ
ഇസ്‌ലാമിക സമൂഹത്തിന്റെ വലിയൊരു സവിശേഷത അത് ഉദ്ഘോഷിക്കുന്ന സാഹോദര്യവും സമത്വവും പരസ്പര സഹകരണവും സ്‌നേഹവും അനുകമ്പയുമാണ്. ഇതു വെളിപ്പെടുത്തുന്ന വലിയൊരു സാമ്പത്തിക സംവിധാനമാണ് ഇസ്‌ലാം പരിചയപ്പെടുത്തിയ വഖ്ഫ്. വിശ്വാസികൾ അവരുടെ സമ്പത്തിന്റെ വിഹിതം മൂലധനം നിലനിർത്തിക്കൊണ്ട് ഉടമസ്ഥാവകാശം എന്നെന്നേക്കുമായി അല്ലാഹുവിനു സമർപ്പിക്കുന്നതിനാണ് വഖ്ഫ് എന്നു പറയുന്നത്. ഐച്ഛിക ദാന ധർമങ്ങളിൽ എന്നെന്നും നിലനിൽക്കുന്നതും കൂടുതൽ പ്രയോജനപ്രദവും അതിലുപരി വലിയ പ്രതിഫലാർഹവുമായ പുണ്യകർമമാണ് വഖ്ഫ്.
വഖ്ഫ് ചരിത്രത്തിൽ
മദീനയിലെത്തിയ പ്രവാചകൻ മസ്ജിദുൽ ഖുബാഇൻ്റെ നിർമാണത്തിലൂടെ വഖ്ഫിന്റെ പ്രായോഗിക മാതൃക അനുയായികൾക്ക് പകർന്നുനൽകി. പ്രവാചകാധ്യാപനങ്ങൾ ജീവിതത്തിലേക്കാവാഹിക്കുന്നതിൽ ആവേശം കൊണ്ട അനുയായികളും ഈ മാതൃക പിന്തുടർന്നു. മദീനയിലെത്തിയ വിശ്വാസികൾ കുടിവെള്ളത്തിനാശ്രയിച്ചിരുന്ന റൂമ കിണർ ഉടമസ്ഥനായ ജൂതൻ ചൂഷണോപാധിയാക്കിയപ്പോൾ അത് വിലയ്ക്കുവാങ്ങി സമൂഹത്തിനു സമർപ്പിക്കാൻ ഉസ്മാൻ (റ) മുന്നോട്ടുവരികയുണ്ടായി. അബൂ ത്വൽഹാ(റ)വിൻ്റെ ബൈറുഹാ തോട്ടം ചരിത്രത്തിൽ ഇടം പിടിച്ചത് നമുക്കറിയാവുന്ന വസ്തുതയാണ്. ഇങ്ങനെ വഖ്ഫിന്റെ സുന്ദരമാതൃകകൾ സമൂഹത്തിനു സമർപ്പിച്ചവരായിരുന്നു സ്വഹാബിമാർ. ഏതെങ്കിലും മാർഗത്തിൽ വഖ്ഫ് ചെയ്യാത്തവരായി സ്വഹാബികളിൽ ആരുമുണ്ടായിരുന്നില്ലെന്ന് ജാബിർ(റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്. തുടർക്കാലങ്ങളിലും വിശ്വാസി സമൂഹം ഈ പുണ്യകർമത്തെ ആവേശപൂർവം ഏറ്റെടുത്തു എന്ന് ചരിത്രം പരിശോധിക്കുമ്പോൾ നമുക്കു വ്യക്തമാകും.
അമവി കാലഘട്ടത്തിൽ വഖ്ഫിൻ്റെ വൃത്തം കൂടുതൽ വിശാലമായപ്പോൾ അവ നിയന്ത്രിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി ഖലീഫ ഹിശാമുബ്‌നു അബ്ദുൽ മലിക് പ്രത്യേക ഓഫിസ് സിസ്റ്റം കൊണ്ടുവരുകയുണ്ടായി. തുടർന്ന് അബ്ബാസി, ഫാത്വിമി, ഉസ്മാനി കാലഘട്ടങ്ങളിലും വഖ്ഫിനോടുള്ള വിശ്വാസികളുടെ താത്പര്യം വർധിക്കുകയും അത് വഖ്ഫിന്റെ മേഖലകൾ കൂടുതൽ വിശാലമാക്കിത്തീർക്കുകയും ചെയ്തു. ദമസ്‌കസിലെ വഖ്ഫിന്റെ ആധിക്യവും വൈവിധ്യവും അളന്നു തിട്ടപ്പെടുത്താനോ എണ്ണിക്കണക്കാക്കാനോ കഴിയുമായിരുന്നില്ല എന്ന് സഞ്ചാരിയായിരുന്ന ഇബ്‌നു ബതൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ആരംഭമെത്തുമ്പോഴേക്കും ഉസ്മാനിയാ ഖിലാഫത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ഭൂപ്രദേശങ്ങളും വഖ്ഫ് ഭൂമിയായി മാറിയിരുന്നു എന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീ ശാക്തീകരണത്തിലും വഖ്ഫ് സുപ്രധാന പങ്കുവഹിച്ചതായി അമേരിക്കൻ പ്രൊഫസർ മേരി ആൻ ഫേ വിലയിരുത്തുന്നു. അമേരിക്കയും ബ്രിട്ടനും അടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ സ്ത്രീക്ക് സ്വകാര്യ സ്വത്തവകാശം അനുവദിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ മധ്യത്തിലാണ് (Married Women's Property Act 1882). എന്നാൽ പൗരസ്ത്യ അറബ് മുസ്‌ലിം സ്ത്രീക്ക് ഈ അവകാശം ആറാം നൂറ്റാണ്ടിൽ തന്നെ നൽകപ്പെട്ടിരുന്നു എന്ന് മാത്രമല്ല വഖ്ഫിലൂടെയും മറ്റു ദാനധർമ്മങ്ങളിലൂടെയും ഈ അവകാശം അവർ സ്വതന്ത്രമായും സുന്ദരമായും സാമൂഹിക നന്മക്കനുഗുണമാം വിധം വിനിയോഗിച്ചതിൻ്റെ ധാരാളം അടയാളങ്ങൾ ഇന്നും മുസ്‌ലിം ലോകത്ത് കാണാം.
സാമൂഹിക പുരോഗതിയും രാഷ്ട്രത്തിൻ്റെ വികസനവും വിദ്യാഭ്യാസ വളർച്ചയും സാമ്പത്തിക സന്തുലനവും സാധ്യമാക്കുന്നതിൽ വഖ്ഫിന് വലിയ പങ്കുവഹിക്കാനാവും എന്ന് ചരിത്രം വെളിപ്പെടുത്തുന്നു. വിദ്യാഭ്യാസം, ഭക്ഷണം, പാർപ്പിടം, ആരോഗ്യം, ആരാധനാലയങ്ങൾ എന്നീ മേഖലകളിലാണ് ചരിത്രത്തിൽ വഖ്ഫ് പ്രധാനമായും വിനിയോഗിക്കപ്പെട്ടത്.
വൈജ്ഞാനിക മുന്നേറ്റം
ചരിത്രത്തിൽ വഖ്ഫിൻ്റെ വലിയൊരു ഭാഗവും വിനിയോഗിക്കപ്പെട്ടത് വിദ്യാഭ്യാസ മേഖലയിലായിരുന്നു. ഇസ്‌ലാമിക നാഗരികതയുടെ അഭിമാന സ്തംഭങ്ങളായ ജാമിഉം (പള്ളി) ജാമിഅയും (സർവകലാശാല) മുസ്‌ലിം നഗരങ്ങളിലുടനീളം വ്യാപിക്കുന്നതിൽ വഖ്ഫിൻ്റെ സ്വാധീനം വളരെ വലുതാണ്. ഇസ്‌ലാമിക ചരിത്രത്തിൽ വിദ്യാഭ്യാസത്തിൻ്റെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് വഖ്ഫിലേക്കാണ്. ഇസ്‌ലാമിക നാഗരികത വൈജ്ഞാനിക അഭിവൃദ്ധിയുടെ ഉത്തുംഗതയിൽ വിരാജിക്കുമ്പോൾ അതിനു വെള്ളവും വളവും നൽകിയത് വഖ്ഫ് സംരംഭങ്ങളായിരുന്നു എന്ന് ചരിത്രം. അതുകൊണ്ടാണ് വഖ്ഫ് രേഖകളിലൂടെയല്ലാതെ മധ്യ കാലഘട്ടത്തിലെ മുസ്‌ലിം ലോകത്തെ വിദ്യാഭ്യാസ വ്യവസ്ഥയെ ക്കുറിച്ച പഠനം അസാധ്യമാണെന്ന വിലയിരുത്തലിലേക്ക് ജോർജ് മക്ദിസിയെ എത്തിച്ചത്. മാത്രവുമല്ല 'The Rise of colleges' എന്ന തൻ്റെ ഗ്രന്ഥത്തിലെ ഒരധ്യായം തന്നെ അദ്ദേഹം വഖ്ഫിനെ പരിചയപ്പെടുത്താനായി വിനിയോഗിച്ചതു കാണാം.
മുസ്‌ലിം ലോകത്ത് വിദ്യാഭ്യാസത്തിൻ്റെ പ്രാഥമിക ഘട്ടം രൂപപ്പെട്ട് വന്നത് പള്ളികളെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു. വിവിധ മദ്ഹബുകളും വ്യതസ്ത വിജ്ഞാനീയങ്ങളും പഠിപ്പിക്കപ്പെടുന്നതിനു വലിയ തോതിൽതന്നെ വഖ്ഫ് ചെയ്യപ്പെട്ട ധാരാളം പള്ളികൾ ഇസ്‌ലാമിക ചരിത്രത്തിൽ കാണാം. ഇസ്താംബൂളിലെ മസ്ജിദ് സുലൈമാനിയ്യയും കൈറോയിലെ ജാമിഉൽ അതീകും വലിയ ൈവജ്ഞാനിക കേന്ദ്രങ്ങൾ കൂടിയായിരുന്നു. ദമസ്‌കസിലെ മസ്ജിദ് ഇമാം അബൂ ഹനീഫയുടെ വഖ്ഫിൽ നിന്നുള്ള വാർഷിക വരുമാനം എൻപതിനായിരം ദീനാറായിരുന്നു എന്ന് ചരിത്ര രേഖകളിൽ കാണാം.
വിദ്യാഭ്യാസ പുരോഗതിയുടെ മറ്റൊരു സുപ്രധാന ഘട്ടമായിരുന്നു മദ്റസകൾ. ഹിജ്‌റ മൂന്നാം നൂറ്റാണ്ട് മുതൽ തന്നെ മുസ്‌ലിം ലോകത്ത് മദ്റസകൾ സ്ഥാപിച്ചിരുന്നെങ്കിലും അഞ്ചാം നൂറ്റാണ്ടിൽ സൽജൂകി ഭരണത്തിൻ കീഴിൽ മന്ത്രിയായിരുന്ന നിദാം അൽ മുൽക്ക്(മരണം ഹി:485) ആവിഷക്കരിച്ച നിസാമിയാ മദ്റസാ പ്രസ്ഥാനത്തിലൂടെയാണ് വ്യവസ്ഥാപിതമായ മദ്റസകൾ മുസ്‌ലിം നഗരങ്ങളിൽ വ്യാപകമാവുന്നത്. ബാഗ്ദാദ്, നൈസാബൂർ, ത്വൂസ്, ഇസ്ഫഹാൻ, ഖുറാസാൻ, ബൽഖ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം മദ്റസകൾ സ്ഥാപിതമായി. ഈ മദ്റസകളുടെ വരുമാനത്തിനായി ഇറാഖിനകത്തും പുറത്തും ധാരാളം വഖ്ഫ് സംരംഭങ്ങളുണ്ടായിരുന്നു.
ലോകത്ത് ആദ്യമായി സർവകലാശാല എന്ന കാഴ്ചപ്പാട് രൂപപ്പെടുന്നതും വഖ്ഫിൽ നിന്നാണ്. ലോകത്തെ തന്നെ ആദ്യ യൂനിവേഴ്സിറ്റിയായി അറിയപ്പെടുന്ന മൊറോകൊയിലെ ജാമിഅതുൽ ഖറവിയ്യീൻ (ക്രി:859/ഹി:245) സ്ഥാപിതമാകുന്നത് ഉമ്മുൽ ബനീൻ ഫാത്തിമ അൽ ഫിഹരിയ്യ എന്ന മഹത് വനിതയുടെ വഖ്ഫിലൂടെയയിരുന്നു. ഇസ്‌ലാമിക നാഗരികതയുടെ വിളനിലമായിരുന്ന മുസ്‌ലിം സ്‌പെയിനിൻ്റെ വൈജ്ഞാനിക വളർച്ചക്ക് പ്രേരണയും പ്രോത്സാഹനവുമായി വർത്തിച്ചതും വഖ്ഫായിരുന്നു. ലോകത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിനു വിദ്യാർഥികൾക്ക് വിജ്ഞാന വിരുന്നൂട്ടാൻ സഹായകമായത് മു സ്‌ലിം സമൂഹവും ഭരണാധികാരികളും വഖ്ഫിൽ കാണിച്ച താത്പര്യമായിരുന്നു. സുൽത്താൻ സലാഹുദീൻ അയ്യൂബിയുടെ കാലഘട്ടം മുതൽ ഭരണാധികാരികൾ വഖ്ഫിൽ വലിയ താത്പര്യം കാണിച്ചിരുന്നു ഇതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചക്കും വ്യാപനത്തിനും കാരണമായി എന്നും ഇബ്‌നുഖൽദൂൻ രേഖപ്പെടുത്തിയത് കാണാം. ഇസ്‌ലാം ചെന്നെത്തിയ മേഖലകളിലെല്ലാം വിദ്യാഭ്യാസമേഖലയിൽ വഖ്ഫിന്റെ അടയാളങ്ങൾ നമുക്കു കണ്ടെത്താനാകും ഇന്ത്യയിൽ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി ജാമിയ ഹംദർദ തുടങ്ങിയ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വലിയൊരു ഭാഗവും വഖ്ഫാണ് എന്നതാണു വസ്തുത.
ആരോഗ്യമേഖല
ഇസ്‌ലാമിക നാഗരികതയുടെ മറ്റൊരു മേന്മ മികവുറ്റ സജ്ജീകരണങ്ങളോട് കൂടിയ ആശുപത്രികളായിരുന്നു. മരുന്നും ചികിത്സയും താമസവുമടക്കം എല്ലാം ഇവിടെ സൗജന്യമായിരുന്നു. വംശ, ദേശ, ഭാഷ ഭേദമന്യേ എല്ലാ ജനവിഭാഗങ്ങളും ഇതിൻ്റെ ഗുണഭോക്താക്കളായി. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൈദ്യവിദ്യാർഥികൾക്ക് അവലംബമായിരുന്ന ഈ ആശുപത്രികൾ നിലനിന്നതും വഖ്ഫിന്റെ വരുമാനത്തിലൂടെയയിരുന്നെന്ന് ചരിത്രം.
ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊണ്ട് വഖ്ഫ് എന്ന ഈ പ്രവാചക ചര്യയെ പുനരുജ്ജീവിപ്പിച്ചാൽ വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല ആരോഗ്യജനസേവന മേഖലയിലും പുതിയൊരു ബദൽ സമർപ്പിക്കാൻ മുസ്‌ലിം സമൂഹത്തിനു സാധിക്കും. മാത്രവുമല്ല, രാഷ്ട്രത്തിൻ്റെ പുരോഗമനപ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടാനും മുസ്‌ലിം സമൂഹത്തിനു കഴിയും ഇതിനൊരുത്തമ മാതൃകയാണ് ഡൽഹിയിലെ ഹംദർദ് യൂണിവേഴ്‌സിറ്റി. ഹക്കീം അബ്ദുൽ ഹമീദ് എന്ന ഭിഷഗ്വരനും വിദ്യാഭ്യാസ വിചക്ഷണനുമായ മഹാമനീഷിയുടെ ഹംദർദ് ലബോറട്ടറി എന്ന വഖ്ഫ് വ്യവസായ സംരംഭത്തിൽ നിന്നാണ് സാംസ്‌കാരിക സ്ഥാപനമായ ഗാലിബ് അക്കാദമിയും മജീദിയ്യാ മെഡിക്കൽ കോളജുമടങ്ങുന്ന വലിയ വിദ്യാഭ്യാസ സമുച്ചയമുയർന്നു വന്നത്. ഹരിയാന വഖ്ഫ് ബോർഡ് സ്ഥാപിച്ച മേവാത്ത് എൻജിനീയറിങ് കോളജും ഈ മേഖലയിലെ ആധുനിക ഉദാഹരണങ്ങളാണ്.
വഖ്ഫിനാൽ സ്ഥാപിതമായ ധാരാളം വിദ്യാഭ്യാസ സംരംഭങ്ങൾ കേരളക്കരയിലുമുണ്ട് എന്നാൽ ദൈനംദിന ചെലവുകൾക്കായി അവ ഇന്നും പിരിവിനെയും റിസീവർമാരെയുമാണ് ആശ്രയിക്കുന്നത്. മുസ്‌ലിം സമൂഹമുണർന്നു പ്രവർത്തിച്ചാൽ ഈ അവസ്ഥ മാറി വഖ്ഫ് പ്രോജക്ടുകളിലൂടെ തന്നെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ ഈ സ്ഥാപനങ്ങൾക്ക് കഴിയും. തന്നെയുമല്ല വിദ്യാഭ്യാസത്തിൻ്റെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ച ആധുനിക അന്വേഷണങ്ങൾക്ക് പ്രായോഗികമായ പുതിയൊരു ബദൽ സമർപ്പിക്കാനും നമുക്ക് കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."