അപകടമരണങ്ങള്‍ തുടര്‍ക്കഥയായ ചന്തപ്പുര - കോട്ടപ്പുറം റോഡില്‍ വീണ്ടും അപകടം
കൊടുങ്ങല്ലൂര്‍: അപകടമരണങ്ങള്‍ തുടര്‍ക്കഥയായ് മാറിയ ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസ് റോഡില്‍ വീണ്ടും അപകടം. ഇന്നലെ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്കേറ്റു. സിഗ്നല്‍ ലൈറ്റുകള്‍ അവഗണിച്ച് സര്‍വീസ് റോഡിലൂടെ അമിത വേഗതയില്‍ വന്ന കാറാണ് മറ്റൊരു കാറില്‍ വന്നിടിച്ചത്.
എറണാകുളം സ്വദേശികളായ ശ്യാംസുന്ദര്‍(65), ഭാര്യ മീരീഭായ് (60), എറിയാട് മേലഴത്ത് സുനില്‍ ഭാര്യ രശ്മി(37), മകള്‍ സജമ(10) എന്നിവരെയാണ് പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുളളത്. ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്നും സര്‍വീസ് റോഡിലൂടെ വന്ന കാര്‍ സിഗ്നലുകള്‍ മറികടന്നു പോകുന്നതിനിടെയാണ് കുറുകെ വന്ന കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. നാട്ടുകാര്‍ എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തില്‍പ്പെട്ട ഒരു കാറിന്റെ എന്‍ജിന്‍ ഓയില്‍ ചോര്‍ന്ന് റോഡില്‍ ഒഴുകിയത് റോഡില്‍ വീണ്ടും അപകടങ്ങള്‍ക്ക് സാധ്യത സൃഷ്ടിച്ചു.
രണ്ട് ബൈക്കുകള്‍ ഓയിലില്‍ തെന്നിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ സര്‍വീസ് എത്തി റോഡ് കഴുകി ഓയില്‍ നീക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുളളില്‍ ഒരു മരണമടക്കം നിരവധി അപകടങ്ങളാണ് ബൈപ്പാസില്‍ നടന്നത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനിടെ 19ഓളം മനുഷ്യ ജീവനുകള്‍ പൊലിഞ്ഞ ബൈപ്പാസിലെ അപകടങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുവാനോ പരിഹാരങ്ങള്‍ തേടുവാനോ കഴിയാതെ ബന്ധപ്പെട്ട അധികൃതര്‍ ഇരുട്ടില്‍ത്തപ്പുകയാണ്. സിഗ്നല്‍ ലൈറ്റുകളിലെ അപാകതകളും, തെരുവ് വിളക്കുകള്‍ സ്ഥാപിക്കാത്തും, സിഗ്നലുകള്‍ അവഗണിച്ചുളള അമിതവേഗതയിലുളള മരണപ്പാച്ചിലുമാണ് അപകടങ്ങളുടെ മുഖ്യകാരണങ്ങള്‍.
മൂന്നര കിലോമീറ്റര്‍ ദൂരം വരുന്ന ബൈപ്പാസിന്റെ സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാകാത്തതു മൂലമാണ് അപകടങ്ങളെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന വിമര്‍ശനം. എന്നാല്‍ റോഡിന്റെ ഇരുഭാഗത്തും ആധുനിക നിലവാരത്തില്‍ത്തന്നെ പൂര്‍ണമായും സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാകുകയും, ഗതാഗതത്തിന് തുറന്നു കൊടുക്കുകയും ചെയ്തതോടെയാണ് ഒരിടവേളക്ക് ശേഷം ദിനംപ്രതിയൊന്നോണം അപകടങ്ങള്‍ അരങ്ങേറുന്നത്. ഏതാനം സെക്കന്റുകള്‍ ലാഭിക്കുന്നതിനായി സിഗ്നലുകള്‍ ഒഴിവാക്കി സര്‍വീസ് റോഡുകളിലൂടെ കുതിച്ച് പായുന്ന വാഹനങ്ങളാണ് അടുത്തകാലത്തായി ബൈപ്പാസ്സിലെ അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
തീരദേശ മേഖലകളില്‍ നിന്നുളള പ്രധാന ഇടറോഡുകള്‍ വന്നുചേരുന്ന അഞ്ച് സിഗ്നല്‍ പോസ്റ്റുകളോട് ചേര്‍ന്നുളള സര്‍വീസ് റോഡുകളിലാണ് അപകടങ്ങള്‍ അരങ്ങേറുന്നത്. ഇടറോഡുകളില്‍ നിന്നും സിഗ്നല്‍ ലഭിക്കുന്ന മുറക്ക് ബൈപ്പാസ് റോഡ് മുറിച്ച കടക്കുന്ന വാഹനങ്ങളെ കണക്കിലെടുക്കാതെ സര്‍വീസ് റോഡുകളിലൂടെ കുതിച്ചപ്പായുന്നതാണ് യഥാര്‍ത്ഥ അപകടകാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."