കര്‍ഷക സമരത്തിന് ശേഷമുള്ള ആദ്യ പാര്‍ട്ടി പ്രഖ്യാപനം നടത്തി ഗുര്‍നാം; പഞ്ചാബില്‍ എല്ലാ സീറ്റിലും മത്സരിക്കും
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ഇടം പിടിച്ച കര്‍ഷക സമര വിജയത്തിന് ശേഷമുള്ള ആദ്യ പാര്‍ട്ടി പ്രഖ്യാപിച്ച് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് ഗുര്‍നാം സിങ് ഛാദുനി. സംയുക്ത സംഘര്‍ഷ് പാര്‍ട്ടി എന്ന് പേരിട്ടിരിക്കുന്ന തന്റെ പാര്‍ട്ടി വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ഛാദുനി പറഞ്ഞു.
മിക്ക രാഷ്ട്രീയ പാര്‍ട്ടികളും പണമുള്ളവരാണ്, രാജ്യത്ത് മുതലാളിത്തം തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു, പണക്കാരനും ദരിദ്രനും തമ്മില്‍ വലിയ അന്തരമുണ്ട്. പാവങ്ങള്‍ക്ക് പണമുള്ളവരാണ് നയങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും ഗുര്‍നാം സിങ് പറഞ്ഞു. ''ഞങ്ങളുടെ പാര്‍ട്ടി ജാതിക്കും മതത്തിനും അതീതമായിരിക്കും. ഈ പാര്‍ട്ടി എല്ലാ മതക്കാര്‍ക്കും എല്ലാ ജാതിക്കാര്‍ക്കും ഗ്രാമീണ, നഗര തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ളതായിരിക്കും'' ഛാദുനി കൂട്ടിച്ചേര്‍ത്തു.
കര്‍ഷക സമരം വിജയിച്ച പശ്ചാത്തലത്തില്‍ രൂപീകരിക്കപ്പെടുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് സംയുക്ത സംഘര്‍ഷ് പാര്‍ട്ടി. ഹരിയാന-പഞ്ചാബ് എന്നിവിടങ്ങളില്‍ കര്‍ഷകരെ സംഘടിപ്പിച്ചത് ഗുര്‍നാമായിരുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ ഹരിയാന അധ്യക്ഷനാണ് ഗുര്‍നാം. ഈ വര്‍ഷം ആഗസ്റ്റില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ പരിപാടിയ്ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചത് ഛാദുനിയുടെ ആഹ്വാനപ്രകാരമായിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ നേതാവ് രാകേഷ് ടികായത് നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോ നേതാക്കളോ തെരഞ്ഞെടുപ്പില്‍ തന്റെ പേരോ, പോസ്റ്ററില്‍ തന്റെ ചിത്രമോ പ്രചരണത്തിനുപയോഗിക്കരുതെന്നും ടികായത് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."