ആലപ്പുഴയിൽ രണ്ടിടത്ത് കൂടി പക്ഷിപ്പനി സംശയം; ഇറച്ചി, മുട്ട വിൽപന നിരോധിച്ചു
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി കൂടുതൽ സ്ഥലങ്ങളിൽ ഉള്ളതായി സംശയം. എടത്വ, ചെറുതന പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചതിനെ പിന്നാലെ രണ്ടിടത്തുകൂടി പക്ഷിപ്പനി ഉണ്ടെന്നാണ് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പുതുതായി പക്ഷിപ്പനി ബാധ സംശയം ഉള്ളത്. ഇവിടെ നിന്നുള്ള സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.
പക്ഷിപ്പനിയെ തുടർന്ന് ഇതുവരെ 17,480 താറാവുകളെയാണ് കൊന്ന് മറവ് ചെയ്തത്. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പന നിരോധിച്ചിരിക്കുകയാണ്. ഏപ്രിൽ 26 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്.
അതേസമയം, കേരളത്തിൽ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളും കയറ്റി തമിഴ്‌നാട്ടിലേക്ക് വരുന്ന വാഹനങ്ങൾ തിരിച്ചയക്കാനാണ് തീരുമാനം. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കും. 12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."