നീറ്റ്, അഗ്രികള്‍ച്ചര്‍ പി.ജി: ഇപ്പോള്‍ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം
പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ധന്‍ [email protected]
നീറ്റ് പി.ജി: അപേക്ഷ 6 വരെ
രാജ്യത്തെ മെഡിക്കല്‍ പി.ജി (എം.ഡി/എം.എസ്) /പി.ജി ഡിപ്ലോമ, പോസ്റ്റ് എം.ബി.ബി.എസ്.ഡി.എന്‍.ബി / ഡി.ആര്‍.എന്‍.ബി, എന്‍.ബി.ഇ.എം.എസ് .ഡിപ്ലോമ പ്രോഗ്രാമുകളുടെ പ്രവേശനത്തിനായുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് ) പി.ജി 2024 ജൂണ്‍ 23ന് നടക്കും. എന്‍.ബി.ഇ.എം.എസാണ് പരീക്ഷ നടത്തുന്നത്.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 50 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളും സ്റ്റേറ്റ് / കേന്ദ്രഭരണ പ്രദേശ ക്വോട്ട സീറ്റുകളും നീറ്റ് പി.ജി വഴിയാണ് നികത്തുന്നത്. കൂടാതെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍, സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍, ആന്‍ഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വിസസ് സ്ഥാപനങ്ങള്‍ എന്നിവയിലെ മെഡിക്കല്‍ പി.ജി സീറ്റുകളുടെ പ്രവേശനവും നീറ്റ് പി.ജി വഴിയാണ് . എന്നാല്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ് വിവിധ കേന്ദ്രങ്ങള്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ & റിസര്‍ച്ച് (പി.ജി.ഐ.എം.ഇ.ആര്‍ ചണ്ഡിഗഡ്), ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍&റിസര്‍ച്ച് (ജിപ്മര്‍ പുതുച്ചേരി ), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് & ന്യൂറോ സയന്‍സസ് (നിംഹാന്‍സ് ബെംഗളൂരു), ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളിലെ പി.ജി
പ്രോഗ്രാമുകളുടെ പ്രവേശനം നീറ്റ് പി.ജി വഴിയല്ല. (ഐ.എന്‍.ഐ സി.ഇ.ടി എന്ന പ്രത്യേക പ്രവേശന പരിക്ഷയുണ്ട്.)
പരീക്ഷ
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ. 200 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍. ശരിയുത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. ജൂണ്‍ 18 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മോക്ക് ടെസ്റ്റ് ജൂണ്‍ 10 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും.
തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ടയടക്കം രാജ്യത്ത് 259 കേന്ദ്രങ്ങളുണ്ട്.ആദ്യം അപേക്ഷിക്കുന്നവര്‍ക്കാണ് താല്‍പര്യമുള്ള പരീക്ഷാ കേന്ദ്രം ലഭിക്കാന്‍ സാധ്യത. ജൂലൈ 15ന് ഫലമറിയാം.
പരീക്ഷയില്‍ യോഗ്യത നേടുന്നതിന് ജനറല്‍/ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിന് 50 പെര്‍സന്റൈല്‍ സ്‌കോറും ഒ.ബി.സി /പട്ടികവിഭാഗക്കാര്‍ക്ക് 40, ഭിന്നശേഷിക്കാര്‍ക്ക് 45 പെര്‍സന്റൈല്‍ സ്‌കോറും ലഭിക്കണം. സ്‌കോറിന് 202425 വര്‍ഷത്തെ പ്രവേശനത്തിനാണ് പ്രാബല്യം. മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി നടത്തുന്ന കേന്ദ്രീകൃത ഓണ്‍ലൈന്‍ കൗണ്‍സലിങ് വഴിയാണ് പ്രവേശനം.
അപേക്ഷ
natboard.edu.in വഴി മെയ് 6 ന് രാത്രി 11:55 വരെ അപേക്ഷിക്കാം. അംഗീകൃത എം.ബി.ബി.എസ് ബിരുദവും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്കാണ് യോഗ്യത. 2024 ഓഗസ്റ്റ് 15നകം ഒരു വര്‍ഷ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കണം. വിദേശത്തു പഠിച്ചവര്‍ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്‍ (FMGE) യില്‍ യോഗ്യത നേടുകയും രജിസ്‌ട്രേഷന്‍, ഇന്റേണ്‍ഷിപ്പ് എന്നിവ പൂര്‍ത്തിയാക്കുകയും വേണം. അപേക്ഷാ ഫീസ് 3500 രൂപ. പട്ടിക /ഭിന്നശേഷിക്കാര്‍ക്ക് 2500 രൂപ മതി. വിശദാംശങ്ങള്‍ ക്ക്: natboard.edu.in, www.nbe.edu.in.
അഗ്രികള്‍ച്ചര്‍ പി.ജി: 11 വരെ അപേക്ഷിക്കാം
കേരളത്തിലേതടക്കം ഇന്ത്യയിലെ വിവിധ കാര്‍ഷിക സര്‍വകലാശാലകളിലെ അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്റ്ററി, വെറ്ററിനറി,അനിമല്‍ സയന്‍സ്, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്, കമ്മ്യൂണിറ്റി സയന്‍സ്, ഫിഷറീസ്, ഡയറി സയന്‍സ്,മറ്റ് അനുബന്ധ സയന്‍സ് വിഷയങ്ങളില്‍ പി.ജി പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (AIEEA(PG)2024 ) അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ICAR) ന് വേണ്ടി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്.
ദേശീയതലത്തില്‍ വിവിധ കാര്‍ഷിക സര്‍വകലാശാലകളിലെ 30 ശതമാനം പി.ജിസീറ്റുകളിലേക്കുള്ള പ്രവേശനം ഈ പരീക്ഷ വഴിയാണ്. ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (IARI) ഡല്‍ഹി, നാഷനല്‍ ഡെയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (NDRI) കര്‍ണാല്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എജ്യൂക്കേഷന്‍ (CIFE) മുംബൈ, ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (IVRI) ഇസ്സത്ത് നഗര്‍, റാണി ലക്ഷ്മിഭായ് സെന്‍ട്രല്‍ അഗ്രികള്‍ച്ചര്‍ യൂനിവേഴ്‌സിറ്റി (RLBCAU) ത്സാന്‍സി, ഡോ: രാജേന്ദ്ര പ്രസാദ് സെന്‍ട്രല്‍ അഗ്രികള്‍ച്ചര്‍ യൂനിവേഴ്‌സിറ്റി (RPCAU) ബിഹാര്‍ എന്നീ സര്‍വകലാശാലകളിലെ മുഴുവന്‍ സീറ്റുകളും AIEEA PG വഴിയാണ് നികത്തുന്നത്.
60 ശതമാനം മാര്‍ക്കോടെയുള്ള ബന്ധപ്പെട്ട നാലുവര്‍ഷം ബിരുദമാണ് യോഗ്യത. എന്നാല്‍ IARI, NDRI, IVRI എന്നിവയില്‍ മൂന്നുവര്‍ഷ ബിരുദക്കാര്‍ക്കും പ്രവേശനമുണ്ട്. വെറ്ററിനറി പി.ജി (എം.വി.എസ് സി) പ്രവേശനത്തിന് ബാച്ചിലര്‍ ബിരുദവും (ബി.വി.എസ്.സി) ഇന്റേണ്‍ഷിപ്പും ജൂലൈ 31നകം പൂര്‍ത്തിയാക്കേണ്ടതുണ്ട്.
പരീക്ഷ
ജൂണ്‍ 29നാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ. 120 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്ക് 120 മിനിറ്റ് സമയം. ശരിയുത്തരത്തിന് നാലു മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. വിശദമായ സിലബസ് വെബ്‌സൈറ്റിലുണ്ട്. പരീക്ഷയുടെ ഫലമറിഞ്ഞശേഷം ICAR നടത്തുന്ന കൗണ്‍സിലിങ് പ്രക്രിയയില്‍ പങ്കെടുത്ത് ഓപ്ഷനുകള്‍ നല്‍കേണ്ടതാണ് (www.icar.org). സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് പി.ജി പ്രോഗ്രാമുകള്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാനവസരമുണ്ടാകും.
അപേക്ഷ
exams.nta.ac.in/ICAR/ വഴി മെയ് 11ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. രാത്രി 11:50 വരെ ഫീസടക്കാം. 1200 രൂപയാണ് ഫീസ്. പിന്നോക്ക/സാമ്പത്തിക പിന്നോക്ക വിഭാഗങ്ങള്‍ക്ക് 1100 രൂപയും പട്ടിക / ഭിന്നശേഷി/ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 625 രൂപയും മതി.
മെയ് 13 മുതല്‍ 15 വരെ അപേക്ഷയിലെ അപാകതകള്‍ തിരുത്താം. വിശദവിവരങ്ങള്‍ക്ക് exams.nta.ac.in/ICAR/ സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."