ദയാധനം വാങ്ങി മാപ്പ് നല്‍കാന്‍ തയ്യാറെന്ന് കുട്ടിയുടെ കുടുംബം;അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍
സഊദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച തുക സ്വീകരിച്ച് മാപ്പു നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച കുട്ടിയുടെ കുടുംബം റിയാദ് കോടതിയെ അറിച്ചു. 34 കോടി രൂപയായിരുന്നു ദയാധനമായി മരിച്ച സൗദി കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഈ തുക സ്വരൂപിച്ചതായി റഹീമിന്റെ അഭിഭാഷകന്‍ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ റഹീമിനു മാപ്പു നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ദയാധനം സ്വീകരിച്ച് റഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് കുടുംബം കോടതിയെ അറിയിച്ചത്.
അഭിഭാഷകന്‍ മുഖേനെയാണ് ഈ വിവരം കുടുംബം കോടതിയെ അറിയിച്ചത്. ഇതിനായുള്ള തുടര്‍നടപടികള്‍ തുടരുകയാണ്. തുക കൈമാറുന്നതുമായി ബന്ധപ്പെട്ട് സഊദിയിലെ ഇന്ത്യന്‍ എംബസി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. റഹീമിന്റെ മോചനത്തിനായി ലോകത്താകമാനമുള്ള മലയാളികള്‍ കൈകോര്‍ക്കുകയായിരുന്നു.റഹീമിനായി സമാഹരിച്ച തുക ആദ്യം ബാങ്കില്‍ നിന്നു വിദേശകാര്യ മന്ത്രാലയത്തിനു കൈമാറണം. പിന്നീട് ഇന്ത്യന്‍ എംബസി വഴിയായിരിക്കും റിയാദ് കോടതി പറയുന്ന അക്കൗണ്ടിലേക്ക് തുക മാറ്റുക. ഇതുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ എംബസി പ്രതിനിധിയും സൗദിയിലെ റഹീം നിയമ സഹായ സമിതി ഭാരവാഹികളും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. നടപടികള്‍ വേഗത്തിലാക്കുന്നതിനായി ഇടപെടല്‍ നടക്കുന്നുണ്ട്.
26 -ാം വയസ്സില്‍ 2006 ലാണ് അബ്ദുള്‍ റഹീമിനെ സഊദി ജയിലില്‍ അടക്കുന്നത്. ഡ്രൈവര്‍ വിസയിലെത്തിയ റഹീമിന്റെ സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24ന് അബ്ദുറഹീമിന്റെ കൂടെ വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചു. റഹീമിന്റെ കൈതട്ടി ജീവന്‍രക്ഷാ ഉപകരണം നിലച്ചായിരുന്നു അനസ് അബദ്ധത്തില്‍ മരണപ്പെട്ടത്. ഈ സംഭവത്തില്‍ വധശിക്ഷയ്ക്ക് വിധേയനായി പതിനെട്ട് വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിയുകയാണ് റഹീം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."