ബോള്‍ട്ടിന്റെ ഒളിംപിക്സ് സ്വര്‍ണത്തിനു പിന്നില്‍ ബീഫെന്ന് ബി.ജെ.പി എം.പി
ന്യൂഡല്‍ഹി: ജമൈക്കന്‍ അത്ലറ്റ് ഉസൈന്‍ ബോള്‍ട്ടിന്റെ ഒളിംപിക്സ് സ്വര്‍ണത്തിനു പിന്നില്‍ ബീഫെന്ന് ബി.ജെ.പി എം.പി. ദലിത് നേതാവു കൂടിയായ ഉദിത് രാജ് ആണ് ബീഫ് കഴിക്കുന്നതു കൊണ്ടാണ് ബോള്‍ട്ടിന് ഒളിംപിക്സില്‍ ഒന്‍പത് സ്വര്‍ണം നേടാന്‍ കഴിഞ്ഞതെന്ന് ട്വീറ്റ് ചെയ്തത്.
അയാളുടെ പരിശീലകനാണ് ബോള്‍ട്ടിന് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നും ഉദിത് രാജ് പറയുന്നു.
ദാരിദ്ര്യം അനുഭവിക്കുന്ന ബോള്‍ട്ടിനോട് ദിവസം രണ്ടുനേരം ബീഫ് കഴിക്കാന്‍ പരിശീലകന് ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരം ബീഫ് കഴിച്ചതിനാലാണ് ഒന്‍പത് സ്വര്‍ണമെഡലുകള്‍ ബോള്‍ട്ടിന് ഒളിംപിക്സില്‍ നേടാനായത്.
ഉദിത് രാജിന്റെ പ്രസ്താവന ബീഫ് കഴിക്കാന്‍ പ്രോത്സാഹനം നല്കുന്നതാണെന്ന രീതിയില്‍ വിമര്‍ശനം ഉയര്‍ന്നതോടെ പ്രസ്താവന വിശദീകരിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തി. ബോള്‍ട്ടിന്റെ പരിശീലകന്റെ വാക്കുകള്‍ താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യതെന്ന് ഉദിത് രാജ് വ്യക്തമാക്കി.
ജമൈക്ക പോലൊരു ദരിദ്രരാജ്യത്തു നിന്നും ഇത്തരമൊരു വലിയ വിജയം സ്വന്തമാക്കാന്‍ ഒരു കായികതാരത്തിന് സാധിച്ചെങ്കില്‍ നമ്മുടെ കായികതാരങ്ങളും സര്‍ക്കാരിനെയും വ്യവസ്ഥയെയും പഴിക്കാതെ സ്വയം വിജയം നേടാന്‍ പരിശ്രമിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് എം.പി വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങളില്ല എന്നതുള്‍പ്പടെയുള്ള പരാതികള്‍ നിരന്തരം ഉയരുന്നുണ്ട്. ഇതുപോലുള്ള കാരണങ്ങള്‍ കണ്ടെത്താനല്ല കായികതാരങ്ങള്‍ ശ്രമിക്കേണ്ടത്, ബോള്‍ട്ടിനേപ്പോലെ സ്വന്തം സാഹചര്യത്തില്‍ നിന്നുകൊണ്ടു തന്നെ വിജയത്തിനായി പരിശ്രമിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ഉദിത് രാജ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."