ക്രിയേറ്റീവ് കരിയർ നേടാം: യുഎസിലും യുകെയിലും മികച്ച തൊഴിൽ സാധ്യതയുള്ള ആർട്ട് തെറാപ്പി കോഴ്സിനെക്കുറിച്ചറിയാം
ആർട്ട് തെറാപ്പി ഒരു മെന്റൽ ഹീലിംഗ് പ്രൊഫഷനാണ്. പലപ്പോഴും വൈദ്യചികിത്സയ്ക്കൊപ്പമാണ് ആർട്ട് തെറാപ്പി പരീക്ഷിക്കുന്നത്. മാനസിക വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ആളുകൾക്ക് ഒരു ആർട്ട് തെറാപ്പിസ്റ്റിന്റെ സാന്നിധ്യം ആവശ്യമായി വരാറുണ്ട്. ഇതുതന്നെയാണ് കോഴ്സിന്റെ സാധ്യതകളും. വെൽനസ് സെന്ററുകൾ,മെഡിക്കൽ സ്ഥാപനങ്ങൾ, സ്കൂളുകൾ, കമ്മ്യൂണിറ്റി ക്ലിനിക്കുകൾ, എന്നിങ്ങനെ വിവിധ ഇടങ്ങളിൽ കലയിലും തെറാപ്പിയിലും പരിശീലനം നേടിയ ആർട്ട് തെറാപ്പിസ്റ്റുകളെ നിയമിക്കാറുണ്ട്. ഡോക്ടർമാർക്കൊപ്പം ജോലി ചെയ്യാം എന്നതും ഈ പ്രൊഫഷണന്റെ ആകർഷണീയതയാണ്.
ഇന്ത്യയിൽ ആർട്ട് തെറാപ്പി കോഴ്സ് പഠിപ്പിക്കുന്ന പ്രധാന സ്ഥാപനങ്ങളിൽ ഒന്നാണ് പൂനെയിലുള്ള എംഐടി എഡിടി യൂണിവേഴ്സിറ്റി. ബിഎഫ്എ യോഗ്യതയുള്ളവർക്ക് ഇവിടെ എംഎഫ്എ ആർട്ട് തെറാപ്പി കോഴ്സിന് പ്രവേശനം നേടാം.
വിദേശത്ത് ആർട്ട് തെറാപ്പിസ്റ്റായി ജോലി ചെയ്യാനാഗ്രഹിക്കുന്നവർക്കുള്ള മികച്ച ചോയ്സാണ് യുഎസ്എ,യുകെ തുടങ്ങിയ രാജ്യങ്ങൾ. യു.എസിൽ അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നുള്ള പിജി ആണ് പ്രധാന യോഗ്യത. ഒപ്പം ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റും ആവശ്യമാണ്. ഈ കടമ്പ മറികടന്നാൽ ക്ലിനിക്കൽ ആർട്ട് തെറാപ്പി ടെസ്റ്റിൽ പങ്കെടുക്കണം. ഇത് വിജയിക്കുക കൂടി ചെയ്താൽ രജിസ്റ്റേർഡ് ആർട്ട് തെറാപ്പിസ്റ്റായി ജോലി നേടാം.
തെറാപ്പിസ്റ്റ് ആവാൻ യുകെയിൽ വേണ്ടത് ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് ആർട്ട് തെറാപ്പിസ്റ്റ് അംഗത്വമാണ്. ഹെൽത്ത് ആൻഡ് കെയർ പ്രൊഫഷണൽ കൗൺസിൽ അംഗീകൃത ബിരുദാനന്തര ബിരുദം നേടുകയാണ് ഇതിന്റെ ആദ്യപടി. ശേഷം അംഗത്വം ലഭിച്ചാൽ ഹോസ്പിറ്റലുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, ഭിന്നശേഷി സ്കൂളുകൾ തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങളിൽ മികച്ച സാലറിയോടെ ജോലി നേടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."