വിദ്യാര്‍ത്ഥിയെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്ത എസ്.ഐക്കും സി.പി.ഒയ്ക്കും സസ്‌പെന്‍ഷന്‍
ഇടുക്കി: കട്ടപ്പനയില്‍ വിദ്യാര്‍ത്ഥിയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.ഐക്കും സി.പി.ഒയ്ക്കും സസ്‌പെന്‍ഷന്‍. കട്ടപ്പന പ്രിന്‍സിപ്പല്‍ എസ്.ഐ ആയിരുന്ന സുനേഖ് ജെയിംസിനും സി.പി.ഒ മനു പി. ജോസിനുമെതിരെയാണ് നടപടി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തേ ഇരുവരെയും ജില്ലാ പൊലിസ് മേധാവി സ്ഥലം മാറ്റിയിരുന്നു. എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുടേതാണ് സസ്‌പെഷന്‍ നടപടി.
ഏപ്രില്‍ 25നാണ് പൊലിസ് സംഘം വിദ്യാര്‍ത്ഥിയായ ആസിഫിനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചത്. ഏപ്രില്‍ 25ന് ഇരട്ടയാറില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ കട്ടപ്പന സ്റ്റേഷനിലെ സി.പി.ഒ മനു പി ജോസിന് പരുക്കേറ്റിരുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരും പുളിയന്‍മല മടുക്കോലിപ്പറമ്പില്‍ ആസിഫും ചേര്‍ന്ന് വാഹനമിടിപ്പിച്ച് പരുക്കേല്‍പ്പിച്ചുവെന്ന് കാണിച്ച് പൊലിസ് മൂവര്‍ക്കുമെതിരെ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്തവരെ വിട്ടയക്കുകയും ആസിഫിനെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
രണ്ട് ബൈക്കുകളിലായാണ് ആസിഫും കൂട്ടുകാരുമെത്തിയത്. ആസിഫ് ഓടിച്ച ബൈക്ക് പൊലിസ് വാഹനത്തെ മറികടന്നു പോയിരുന്നു. പിറകെയെത്തിയ ബൈക്കിലുള്ളയാളെ പിടികൂടാന്‍ പൊലിസ് ജീപ്പ് കുറുകെ നിര്‍ത്തുകയും ഈ സമയം ബൈക്ക് പൊലിസ് വാഹനത്തിന് സമീപത്തേക്ക് മറിയുകയും ഇറങ്ങിവന്ന മനു റോഡിലേക്ക് വീഴുകയുമായിരുന്നു. ബൈക്കിടിച്ച സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്ന ആസിഫിനെ ഒന്നാം പ്രതിയാക്കിയാണ് പൊലിസ് കേസെടുത്തത്. സംഭവത്തിന് ശേഷം സുഹൃത്തുക്കളെ അന്വേഷിച്ച് എത്തിയപ്പോഴാണ് പൊലിസ് അറസ്റ്റ് ചെയ്തതെന്നും പൊലിസ് വാഹനത്തില്‍ വച്ചും സ്റ്റേഷനില്‍ വച്ചും മര്‍ദിച്ചതായും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കും മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പൊലിസ് മേധാവിക്കും പരാതി നല്‍കിയിരുന്നു അമ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."