വെള്ളക്കരം: ബി.പി.എല്ലുകാര്‍ക്ക് നാലുമാസമായി സബ്സിഡി ഇല്ല
ഹരിപ്പാട് (ആലപ്പുഴ): ബി.പി.എല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ കുടിവെള്ള പദ്ധതിയുടെ ബില്‍ തയാറാക്കുന്നതിലെ സാങ്കേതിക തടസം ഉപഭോക്താക്കളെ വലയ്ക്കുന്നു. ജനുവരി മുതല്‍ ഉപഭോഗത്തിന് ആനുപാതികമായി ബില്ലില്‍ കിഴിവ് വരുത്തുന്നില്ല. ഏപ്രില്‍ വരെയുള്ള ബില്ലും പിഴത്തുകയുമുള്പ്പെടെ ബില്ലാണ് ഇപ്പോള്‍ നല്‍കിയത്.
മാസം 15,000 ലിറ്ററില്‍ താഴെ കുടിവെള്ളം ഉപയോഗിക്കുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്കാണ് സൗജന്യത്തിന് അര്‍ഹത.
എല്ലാ വര്‍ഷവും ജനുവരിയില്‍ ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റും റേഷന്‍ കാര്‍ഡും അനുബന്ധ രേഖകളും ഹാജരാക്കി അപേക്ഷിക്കുന്നവരെയാണ് പദ്ധതിയില്പ്പെടുത്തിയിരുന്നത്. നിലവിലെ ഗുണഭോക്താക്കള്‍ ഇത്തവണ അപേക്ഷ പുതുക്കേണ്ടതില്ലെന്നും പുതിയ ഗുണഭോക്താക്കള്‍ അപേക്ഷിച്ചാല്‍ മതിയെന്നുമായിരുന്നു ജലഅതോറിറ്റിയുടെ അറിയിപ്പ്.
നിലവിലെ ഗുണഭോക്താക്കളുടെ ബി.പി.എല്‍ രേഖ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ പോര്‍ട്ടലില്‍നിന്ന് ഓണ്‍ലൈനായി പരിശോധിച്ച് ആനുകൂല്യം പുതുക്കാനായിരുന്നു തീരുമാനം.
ബി.പി.എല്‍ കുടുംബങ്ങള്‍ക്കും മറ്റുള്ളവരെപ്പോലെ രണ്ടുമാസത്തെ ഉപയോഗം പരിഗണിച്ച് ബില്‍ നല്‍കുമെങ്കിലും ഒരുമാസത്തെ ശരാശരി ഉപയോഗം കണക്കാക്കി അടുത്ത ബില്ലില്‍ കിഴിവ് അനുവദിക്കുകയാണ് പതിവ്. മാസം 15,000 ലിറ്ററില്‍ കൂടുതലാണ് ഉപയോഗമെങ്കില്‍ ആ ബില്‍ പൂര്‍ണമായും അടയ്ക്കണം. അടുത്ത ബില്‍ കാലയളവില്‍ ഉപയോഗം നിശ്ചിത പരിധിക്കുള്ളിലാണെങ്കില്‍ ബില്‍ തുകയില്‍ കിഴിവ് അനുവദിക്കും. ഇങ്ങനെ ഉപഭോഗത്തിന് ആനുപാതികമായി അടുത്ത ബില്ലില്‍ കിഴിവ് അനുവദിക്കുന്ന രീതി നിലച്ചിട്ട് നാലുമാസമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."