പൗരത്വ ഭേദഗതി ഇന്ന് സുപ്രിം കോടതിയിൽ; കേന്ദ്രസര്‍ക്കാരിന്റേത് ഏകപക്ഷീയമായ നടപടി
ന്യൂഡൽഹി: പൗരത്വ ഭേദഗതി നടപ്പിലാക്കി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് ഇന്ന് സുപ്രിംകോടതിയിലെത്തും. മുസ്‌ലിം ലീഗ്, ഡിവൈഎഫ്‌ഐ അടക്കമുള്ള കക്ഷികളുടെ അഭിഭാഷകരാണ് വിഷയം സുപ്രിംകോടതിയിൽ ഉന്നയിക്കുക. സുപ്രിംകോടതി പരിഗണനയിലുള്ള വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നടപടി എടുത്തത് ജുഡീഷ്യറിയോടുള്ള അവഹേളനമെന്നാണ് വിമർശനം.
രാജ്യത്ത് ശക്തമായ പ്രതിഷേധം നിലനിൽക്കെയാണ് തെരഞ്ഞെടുപ്പിനിടയിൽ പൗരത്വനിയമഭേദഗതിക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കഴിഞ്ഞ ദിവസം നടന്നത്. രാജ്യത്ത് 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം അപേക്ഷിച്ച 14 പേര്‍ക്കാണ് സിഎഎ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതിന് പുറമെ 300 പേർക്ക് ഓൺലൈനായും നൽകിയെന്ന് റിപ്പോർട്ട് ഉണ്ട്.
സിഎഎക്കെതിരെ 237 ഹരജികളാണ് കോടതിയിൽ എത്തിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ഹർജികള്‍ പരിഗണിക്കുന്നത്. കോടതി വേനൽക്കാല അവധിയിലേക്ക് പോകാനിരിക്കെ ഹരജികള്‍ ഇന്ന് പരിഗണിക്കുമോയെന്ന് വ്യക്തമല്ല. സർക്കാർ പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. പൗരത്വനിയമഭേദഗതി അനുസരിച്ച് 300 പേര്‍ക്ക് പൗരത്വം നല്‍കിയെന്നാണ് അമിത് ഷാ പറയുന്നത്.
2019 ഡിസംബറിലാണ് സിഎഎ നടപ്പിലാക്കിയിരുന്നത്. പിന്നീട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാര്‍ച്ച് 11ന് ആണ് നിയമഭേദഗതി സംബന്ധിച്ച ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."