ഡല്‍ഹിക്കിത് 'ചൂടേറിയ' തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് കടന്നു നില്‍ക്കെ ഡല്‍ഹിയിലെ ഏഴുമണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. ചൂടുമൂലം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ്. ഇതോടെ ഡല്‍ഹിയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വോട്ടെടുപ്പാകും ഇത്. ആറാംഘട്ട തെരഞ്ഞെടുപ്പിനൊപ്പമാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ പൂര്‍ത്തിയായി. 2,627 പോളിങ് ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തിലും കനത്ത ചൂടിനെ നേരിടാന്‍ സൗകര്യമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
കാലാവസ്ഥാ അറിയാന്‍ ബന്ധപ്പെട്ട വകുപ്പുമായി നിരന്തരം ആശയവിനിമയം നടത്തിവരുന്നുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യകുമാര്‍, ചൗന്ദ്‌നി ചൗക്കില്‍ ജെ.പി അഗര്‍വാള്‍ എന്നിവരാണ് കോണ്‍ഗ്രസ്സിന്റെ പ്രമുഖ സ്ഥാനാര്‍ഥികള്‍. ന്യൂഡല്‍ഹിയില്‍ നിന്ന് എ.എ.പിയുടെ മുതിര്‍ന്ന നേതാവ് സോമനാഥ് ഭാരതിയും ജനവിധി തേടുന്നുണ്ട്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ മനോജ് തിവാരി, ന്യൂഡല്‍ഹിയില്‍ ബന്‍സുരി സ്വരാജ് എന്നിവരാണ് ബി.ജെ.പിയുടെ പ്രധാന സ്ഥാനാര്‍ഥികള്‍.
ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കുന്ന ആം ആദ്മി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാറിന് വേണ്ടി ഓഖ്‌ല വിഹാര്‍ മേഖലയില്‍ മുസ് ലിം ലീഗ് നേതാക്കളും ചാണ്ടി ഉമ്മന്‍ എം.എല്‍.എയും പ്രചാരണം നടത്തി. മണ്ഡലത്തിലെ ഡോര്‍ ടു ഡോര്‍ കാംപയിനില്‍ മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ.വി.കെ ഫൈസല്‍ ബാബു, ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി, വൈസ്പ്രസിഡന്റ് അഡ്വ. ഷിബു മീരാന്‍, സെക്രട്ടറി സി.കെ ശാക്കിര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ട്രഷറര്‍ അതീബ് ഖാന്‍, ഡല്‍ഹി കെ.എം.സി.സി സെക്രട്ടറി മുഹമ്മദ് ഹലിം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."