രോഗികളും പ്രായമായവരും ദിവസം എത്ര ലിറ്റര്‍ വെള്ളം കുടിക്കണം; അറിയാം
'ജീവന്റെ അമൃത്' എന്നാണ് സാധാരണയായി ജലത്തെ വിശേഷിപ്പിക്കാറുള്ളത്. ശരീരത്തിന്റെ പ്രവര്‍ത്തനം കൃത്യമായി നടപ്പാകുന്നതിനും, ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ശരിയായ നിയന്ത്രണത്തിനും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതുണ്ട്.ആരോഗ്യമുള്ള ഒരു പുരുഷന് 3.5 ലീറ്റര്‍ വരെയും സ്ത്രീകള്‍ക്ക് 2.5 ലീറ്റര്‍ വരെയും വെള്ളം കുടിക്കാം. മറ്റ് അസുഖങ്ങളില്ലാത്ത ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ച് ഇത് കുഴപ്പമില്ല. എന്നാല്‍ വളരെ പ്രായം ചെന്നവര്‍ക്കും വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്കും 8 - 10 ഗ്ലാസ് ( 1.5 - 2 ലീറ്റര്‍ ) വരെ വെള്ളമാണ് അനുവദനീയം.
കാരണം ഇവര്‍ക്ക് കൂടുതല്‍ ജലം പുറത്തേക്ക് കളയാന്‍ പരിമിതികളുണ്ട്. അതിനാല്‍ കൂടുതല്‍ വെള്ളം ശരീരത്തില്‍ കെട്ടിക്കിടന്ന് വാട്ടര്‍ ഇന്റോക്സിക്കേഷന്‍ എന്ന അവസ്ഥയുണ്ടാകാം. ഇങ്ങനെയുള്ളവര്‍ക്ക് രക്തത്തിലെ ഉപ്പിന്റെ അംശവും കുറഞ്ഞു പോകാം. ഓര്‍മക്കുറവ്, തളര്‍ച്ച, ഛര്‍ദി, അപസ്മാരം, അബോധാവസ്ഥ എന്നിവയ്ക്കും സാധ്യതയുണ്ട്. ഈ അവസ്ഥ തക്കസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഗുരുതരമാകാം.
ആവശ്യത്തിനു വെള്ളം കുടിക്കാതിരുന്നാല്‍ നിര്‍ജലീകരണം ഉണ്ടാകാം. ഇതും വളരെ ഗൗരവമുള്ളതാണ്. ഓരോരുത്തര്‍ക്കും ആവശ്യമുള്ള വെള്ളത്തിന്റെ അളവ് അവരുടെ ജോലി, ജോലിസ്ഥലം (തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വെള്ളം ആവശ്യമാണ്), വ്യായാമം എന്നിവയെ ആശ്രയിച്ചിരിക്കും. ഇവിടെയും മുതിര്‍ന്ന പൗരന്മാരെ ഒരു പ്രത്യേക വിഭാഗമായി കരുതാം. പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്നവര്‍. പ്രായമുള്ളവര്‍ക്ക് ദാഹം അറിയുന്നതിനുള്ള കഴിവ് കുറവായിരിക്കും എന്നതാണ് പ്രധാന പ്രശ്നം. ശരീരത്തില്‍ വെള്ളത്തിന്റെ അളവും കുറവായിരിക്കും. അതുകൊണ്ട് പ്രായമായവരെ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചില്ലെങ്കില്‍ അവര്‍ വെള്ളം കുടിക്കാന്‍ മറന്നുപോകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."