സ്പീക്കര്‍ പദവി, പ്രധാന വകുപ്പുകള്‍...വിലപേശി നിതീഷ് കുമാറും നായിഡുവും; 'ഡിമാന്‍ഡുകളില്‍' വലഞ്ഞ് ബി.ജെ.പി
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ തകൃതിയാക്കി എന്‍.ഡി.എ. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. എന്നാല്‍ വകുപ്പ് വിഭജനത്തില്‍ ഘടകകക്ഷികള്‍ വിലപേശുന്നത് ബി.ജെ.പിക്ക് തലവേദനയായിരിക്കുകയാണ്. കേന്ദ്രത്തില്‍ പ്രധാന വകുപ്പുകളോടെ നാലു കാബിനറ്റ് മന്ത്രിസ്ഥാനം നിതീഷ് കുമാറിന്റെ ജെ.ഡി.യു ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. റയില്‍വേ, കൃഷി, വ്യവസായം, രാസവളം, ഗ്രാമീണ വികസനം, ജലവിഭവം എന്നീ വകുപ്പുകളില്‍ നാലെണ്ണമാണ് ആവശ്യപ്പെടുക. ബിഹാറിന് പ്രത്യേക പദവിയും നിതീഷിന്റെ ആവശ്യങ്ങളില്‍ പെടും. സ്പീക്കര്‍ പദവിയും സുപ്രധാന വകുപ്പുകളും നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയും ആവശ്യപ്പെടും.
കേവല ഭൂരിപക്ഷത്തിന് 32 സീറ്റുകള്‍ അകലെ വീണ ബി.ജെ.പിക്ക് ഭരിക്കാന്‍ ടി.ഡി.പിയും ജെ.ഡി.യുവും ചേര്‍ന്ന് നേടിയ 28 സീറ്റുകള്‍ നിര്‍ണായകമാണ്. ഇതോടൊപ്പം മറ്റു സഖ്യകക്ഷികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട 272 എന്ന മാന്ത്രിക സംഖ്യ കടക്കാന്‍ എന്‍.ഡി.എക്ക് കഴിയും. കാബിനറ്റ് പദവിയടക്കമുള്ള നിരവധി ആവശ്യങ്ങള്‍ ഇരുവരും മോദിക്കു മുന്നില്‍ വച്ചിട്ടുണ്ടെന്നാണ് വിവരം. മത്സരിച്ച അഞ്ച് സീറ്റിലും ജയിച്ച എല്‍.ജെ.പി , ഒരു കേന്ദ്രമന്ത്രി സ്ഥാനവും ഒരു സഹമന്ത്രി സ്ഥാനവും ആവശ്യപ്പെടുന്നു. ഏഴ് സീറ്റുള്ള ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ, ഒരു ക്യാബിനറ്റ് പദവിയും ഒരു സഹമന്ത്രി സ്ഥാനവും ആവശ്യപ്പെടുന്നു.
ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും പ്രതിപക്ഷം വളരെ ശക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ സ്പീക്കറുടെ തീരുമാനം ഏറെ നിര്‍ണായകമാണ്. അത് കൊണ്ട് വിശ്വസ്തനായ ബി.ജെ.പി എം.പിയെ സ്പീക്കര്‍ ആക്കാനാണ് മോദിക്ക് താല്‍പര്യം.
പുതിയ സര്‍ക്കാര്‍ ബിഹാറിന് പ്രത്യേക പദവി നല്‍കുന്നത് പരിഗണിക്കുമെന്നും രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തുമെന്നും പ്രതീക്ഷിക്കുന്നതായി ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു. എന്നാല്‍ ജെ.ഡി.യു എന്‍.ഡി.എയുടെ ഭാഗമായി തുടരുന്നതിനുള്ള വ്യവസ്ഥകളല്ല ഇതെന്നും തങ്ങളുടെ പിന്തുണ നിരുപാധികമാണെന്നും ത്യാഗി പറഞ്ഞു. ആന്ധാപ്രദേശിന് മുന്‍ഗണനാ പദവി, വിവിധ കാബിനറ്റ് സ്ഥാനങ്ങള്‍ എന്നിവ നായിഡുവും മുന്നോട്ടുവച്ചിട്ടുണ്ട്.
അതേസമയം ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ തങ്ങളുടെ പിന്തുണ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും എഴുതി നല്‍കി. 293 പേരുടെ പിന്തുണയാണ് എന്‍.ഡി.എ സര്‍ക്കാറിനുണ്ടാകുക. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത് 272 സീറ്റുകളാണ്.
ഇന്നലെ നടന്ന എന്‍.ഡി.എ യോഗം നരേന്ദ്ര മോദിയെ സഖ്യത്തിന്റെ നേതാവായി തെരഞ്ഞെടുത്തു. എന്‍.ഡി.എ മുന്നണിയില്‍ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ യോഗം ഈ മാസം ഏഴിന് ഡല്‍ഹിയില്‍ ചേരും.
ബി.ജെ.പിക്ക് 240 ലോക്‌സഭാ സീറ്റുകളാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിന് 32 സീറ്റുകളുടെ കുറവുണ്ട്. ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിക്ക് 16 സീറ്റുകളും നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് 12 സീറ്റുകളുമുണ്ട്.
നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പിനു മുമ്പു വരെ ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാഗമായിരുന്നു. മോദി സര്‍ക്കാറിനെതിരേ മൂന്നാംമുന്നണിയുണ്ടാക്കാന്‍ നേതൃത്വം നല്‍കിയയാളാണ് ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് എന്‍.ഡി.എയുടെ ഭാഗമാകുന്നത്. ഈ സാഹചര്യത്തില്‍ ഇന്‍ഡ്യാ സഖ്യവുമായി ഇരുവരും സഖ്യത്തിലാകാനുള്ള സാധ്യതയുണ്ടായിരുന്നു. അതിനാല്‍, ബി.ജെ.പിക്ക് ഇരു പാര്‍ട്ടികളില്‍ നിന്നും ശക്തമായ വിലപേശലുകളാണ് നേരിടേണ്ടി വരുന്നത്. ചിരാഗ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരും കാബിനറ്റ് പദവി ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് ഒരു കാബനിറ്റ് പദവി ലഭിക്കുമെന്നും മറ്റൊരു സഹമന്ത്രി സ്ഥാനം ലഭിച്ചാല്‍ അത് ബോണസായിരിക്കുമെന്നും എല്‍.ജെ.പി നേതാക്കള്‍ പറയുന്നു.
അധികാരം മൂന്നാം വട്ടവും കൈപ്പിടിയിലായെങ്കിലും ഘടക കക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയുള്ള ഭരണമാകും മോദി നേരിടുന്ന വലിയ വെല്ലുവിളി. അതേസമയം തല്‍ക്കാലം പ്രതിപക്ഷത്ത് ഇരുന്ന് എന്‍.ഡി.എയില്‍ അതൃപ്തി പുകഞ്ഞു തുടങ്ങുമ്പോള്‍ ഇടപെടാം എന്നാണ് ഇന്‍ഡ്യ സഖ്യം കണക്ക് കൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."