തീരങ്ങൾക്ക് ഇനി വിശ്രമ കാലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നു
പ്രതീക്ഷകളുടെ കടലുകൾ സ്വപ്നം കണ്ട തീരങ്ങൾക്കിത് വിശ്രമക്കാലം. പ്രജനനകാലത്ത് മീൻപിടിത്തം ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള ട്രോളിങ് നിരോധനത്തിന് ഇന്നലെ അർധരാത്രിയോടെ തുടക്കമായി. യന്ത്രവൽകൃത യാനങ്ങൾക്ക് 52 ദിവസമാണ് കടലിൽ വിലക്ക്. കടലിലേക്കുള്ള ദേശീയ ജലപാത ഫിഷറീസ് വകുപ്പ് ചങ്ങല കൊണ്ട് ബന്ധിച്ചു. ട്രോളിങ് അവസാനിക്കുന്ന ജൂലൈ 31നാണ് ചങ്ങലകൾ അഴിക്കുക.
പ്രതികൂല കാലാവസ്ഥയായതിനാൽ കടലിലുള്ള ഭൂരിഭാഗം ബോട്ടുകളും വെള്ളിയാഴ്ചയോടെ തന്നെ മീൻപിടിത്തം നിർത്തി ഹാർബറുകളിൽ തിരിച്ചെത്തിയിരുന്നു. ഇതര സംസ്ഥാന ബോട്ടുകളും തൊഴിലാളികളും മടങ്ങിത്തുടങ്ങി. ബോട്ടുകൾക്ക് ഇനി അറ്റകുറ്റപ്പണിയുടെ നാളുകളാണ്. നിരോധനം ആരംഭിച്ചതോടെ ജില്ലയിലെ ചോമ്പാൽ, കൊയിലാണ്ടി, പുതിയാപ്പ, വെള്ളയിൽ, ബേപൂർ തുടങ്ങിയ പ്രമുഖ മത്സ്യ ബന്ധന തുറമുഖങ്ങളെല്ലാം അടച്ചിരിക്കുകയാണ്.
അതേ സമയം, തീരത്തോട് ചേർന്ന് പരമ്പരാഗതമായ രീതിയിൽ മത്സ്യം പിടിക്കുന്നതിന് നിയന്ത്രണമില്ല. പരമ്പരാഗത തോണികൾക്ക് മാത്രമാണ് കടലിൽ പോയി മീൻപിടിക്കാൻ അനുമതിയുള്ളത്. ഇരട്ടവല ഉപയോഗിച്ച് ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നതിനാണ് നിരോധനമുള്ളത്. നിരോധനം തീരത്തെ മത്സ്യത്തൊഴിലാളികൾക്ക് ദുരിത കടലാകും, സൗജന്യ റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കിട്ടുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ. ക്ഷേമനിധി പെൻഷൻ ലഭിച്ചിട്ട് എട്ട് മാസം പിന്നിട്ടെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. 60 കഴിഞ്ഞ മത്സ്യത്തൊഴിലാളികൾക്കാണ് 1,600 രൂപ പെൻഷനായി ലഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."