പ്രധാന റോഡിലെ തിരക്ക്: ദുബൈയിൽ പുതിയ പാലം തുറന്നു
ദുബൈ:ദുബൈയിലെ രണ്ടു ജില്ലകകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിലെ തിരക്ക് ലഘൂകരിക്കാനായി നിർമിച്ച പുതിയ രണ്ടു വരിപ്പാലം ഇന്നലെ തുറന്നു. തിരക്കേറിയ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റിലേക്കും ദുബൈ പ്രൊഡക്ഷൻ സിറ്റിയിലേക്കും സർവിസ് റോഡിലേക്കുമുള്ള ഗതാഗതം സുഗമമാക്കാൻ ഈ പാലത്തിലെ 2 ലെയ്ൻ സഹായിക്കുമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
666 മീറ്റർ ദൈർഘ്യമുള്ള ഈ പാലത്തിലൂടെ മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് കടന്നു പോകാനാകും. 'ജറൻ അൽ സബ്‌ഖ സ്ട്രീറ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റ ർസെക്ഷൻ ഇംപ്രൂവ്മെന്റ് പ്രോജക്റ്റി'ന് കീഴിൽ ആസൂത്രണം ചെയ്ത നാല് പുതിയ പാലങ്ങളിലൊന്നാണിത്. ഈ വൻകിട റോഡ് പദ്ധതി ഇപ്പോൾ 90 ശതമാനവും പൂർത്തിയായതായി അതോറിറ്റി ഡയരക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു.
നഗരം വികസിച്ചു വരുന്നതിന്റെയും വർധിച്ചു വരുന്ന ജനസംഖ്യയുടെയും ആവശ്യങ്ങൾ നിറവേറ്റാൻ റോഡ് അടിസ്ഥാന സൗകര്യങ്ങൾ പ്രാപ്തമാണെന്ന് ഉറപ്പാക്കാനുള്ള ദുബൈയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നവീകരണ പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.
എമിറേറ്റിലെ ജനസംഖ്യ 3.7 ദശലക്ഷം കടന്നതായി ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ശൈഖ് മുഹമ്മ ദ് ബിൻ സായിദ് റോഡിനും ശൈഖ് സായിദ് റോഡിനുമിടയിൽ ഗതാഗതം കൂടുതൽ എളുപ്പത്തിലും സൗകര്യത്തിലുമാക്കാനുള്ള എമിറേറ്റിന്റെ നീക്കത്തെ ഈ സുപ്രധാന പദ്ധതി പിന്തുണക്കും.
ദേരയിൽ 1.6 കിലോമീറ്റർ ദൈർഘ്യത്തിൽ ആറു വരികളിൽടണൽ നിർമിച്ചു കൊണ്ട് തിരക്ക് കുറക്കാനുള്ള പദ്ധതി ഏപ്രിലിൽ ആർ.ടി.എ പ്രഖ്യാപിച്ചിരുന്നു. നിർമാണം പൂർത്തിയാകുന്നതോടെ അൽ ഖലീജ് സ്ട്രീറ്റ് ടണലിലൂടെ മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് കടന്നു പോകാനാകും. ദേരയിലെ ഇൻഫിനിറ്റി ബ്രിഡ്ജിന്റെ റാംപ് മുതൽ അൽ ഖലീജ്, കയ്റോ സ്ട്രീറ്റുകളുടെ ജംഗ്ഷൻ വരെ ഇത് നീളും.എന്നാൽ, ടണൽ എപ്പോൾ തുറക്കുമെന്ന് അധികൃതർ ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല. 5.3 ബില്യൺ ദിർഹം (1.44 ബില്യൺ ഡോളർ) ചെലവിലുള്ള അൽ ഷിന്ദഗ ഇടനാഴിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണിതെന്നും അധിൃകൃതർ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."