റഫയില്‍ ആക്രമണത്തിനെത്തിയ ഇസ്‌റാഈല്‍ സൈന്യത്തെ കുരുക്കി വീണ്ടും ഹമാസ്; നാല് പേര്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരുക്ക്
ഗസ്സ: റഫയില്‍ കരയാക്രമണം നടത്തുന്ന ഇസ്‌റാഈല്‍ സൈനികരെ കുരുക്കി വീണ്ടും ഹമാസ് പോരാളികള്‍. നാല് സൈനികരാണ് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് കൊലപ്പെടുത്തിയ്. ഏഴുസൈനികര്‍ക്ക് പരുക്കേറ്റതായും ഐ.ഡി.എഫ് അറിയിച്ചതായി ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
തെക്കന്‍ ഗസ്സയിലെ റഫയില്‍ മൂന്നുനില കെട്ടിടത്തില്‍ കയറിയ കമ്പനി കമാന്‍ഡര്‍ അടക്കമുള്ള സൈനികരെയാണ് ഖസ്സാം ബ്രിഗേഡ് തകര്‍ത്തെറിഞ്ഞത്. ഇവര്‍ കയറിയതിന് പിന്നാലെ കെട്ടിടം പൊട്ടിത്തെറിക്കുകയായിരുന്നു. റഫക്ക് സമീപമുള്ള ശബൂറയിലെ വീടിനുള്ളിലായിരുന്നു സംഭവം. ആദ്യം കെട്ടിടത്തിനകത്തേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ് അപകടക്കെണി ഒന്നുമില്ല എന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു സൈനികര്‍ അകത്തേക്ക് പ്രവേശിച്ചത്. എന്നാല്‍, രണ്ട് സൈനികര്‍ അകത്ത് കടന്നതും വന്‍ശബ്ദത്തോടെയുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ മൂന്ന് നിലകളുള്ള കെട്ടിടം തകരുകയായിരുന്നു.
പുറത്ത് കാവല്‍ നിന്ന സൈനികരുടെ ദേഹത്തേക്കാണ് കെട്ടിടം പതിച്ചത്. വീട്ടിനുള്ളില്‍ തുരങ്കവാതില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഐ.ഡി.എഫ് പറയുന്നത്.
മേജര്‍ താല്‍ ഷെബില്‍സ്‌കി ഷൗലോവ് ഗെദേര(24), സ്റ്റാഫ് സര്‍ജന്റ് ഈറ്റന്‍ കാള്‍സ്ബ്രണ്‍ (20), സര്‍ജന്റ് അല്‍മോഗ് ഷാലോം (19), സര്‍ജന്റ് യെയര്‍ ലെവിന്‍ (19) എന്നിവരാണ് മരിച്ചതെന്ന് ഐ.ഡി.എഫ് അറിയിച്ചു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും ഗിവാതി ബ്രിഗേഡ് രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരാണ്. സൈനിക കമാന്‍ഡറാണ് ഷെബില്‍സ്‌കി ഷൗലോവ്. ലികുഡ് പാര്‍ട്ടി നേതാവും മുന്‍ പാര്‍ലമെന്റംഗവുമായ മോഷെ ഫെയ്ഗ്ലിന്റെ ചെറുമകനാണ് ലെവിന്‍.
299 സൈനികര്‍ ഇതുവരെ ഹമാസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."