കോടമഞ്ഞും കാറ്റും; മണ്‍സൂണ്‍ ആസ്വദിക്കാന്‍ നെല്ലിയാമ്പതിയിലേക്ക് യാത്ര പോകാം..
നെല്ലിയാമ്പതി: മണ്‍സൂണില്‍ മലനിരകളില്‍ മഞ്ഞണിഞ്ഞും കാട്ടരുവികളാല്‍ കോടിയുടുത്തും സുന്ദരിയായിരിക്കുകയാണ് നെല്ലായമ്പതി. കേരളത്തിന്റെ മിനി ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി ആരെയും മോഹിപ്പിക്കും. കാഴ്ചകളാല്‍ സമ്പന്നമായ നെല്ലിയാമ്പതിയിലേക്ക് ദുര്‍ഘടമായ പാതകളിലൂടെയുള്ള യാത്ര സാഹസികര്‍ക്കും ഏറെ പ്രിയങ്കരമാണ്
465 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്നിട്ടാണ് ഇവിടുത്തെ മലനിരകള്‍ സ്ഥിതി ചെയ്യുന്നത്. ഓറഞ്ച് തോട്ടങ്ങള്‍ക്കും പേരുകേട്ട നെല്ലിയാമ്പതിയില്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും നിരവധിയുണ്ട്. നെല്ലിയാമ്പതിയില്‍ നിന്ന് അടുത്താണ് സീതാര്‍കുണ്ഡ് വെള്ളച്ചാട്ടം. ഈ വഴി പോകുമ്പോള്‍ കാട്ടുപോത്ത്, ആന, പുള്ളിപ്പുലി, മലയണ്ണാന്‍ തുടങ്ങി വന്യജീവികളുടെ സാന്നിധ്യവും കാണാന്‍ സാധിക്കും. തേയില കൂടാതെ ഏലം, കാപ്പി തോട്ടങ്ങളും കണ്ണിനു കുളിര്‍മ നല്‍കും.
വരാട്ടുമല, സീതാര്‍ക്കുണ്ട് വ്യൂ പോയിന്റ്, പോത്തുപാറ തേയിലത്തോട്ടം, കേശവന്‍ പാറ, പോത്തുണ്ടി ഡാം- ആസ്വദിക്കാന്‍ ഒരുപാടിടങ്ങളുണ്ട് നെല്ലിയാമ്പതി യാത്രയില്‍. നെന്മാറയിലെത്തി അവിടുന്ന് പോത്തുണ്ടി അണക്കെട്ട് വഴിയുള്ള റോഡിലൂടെ ഹെയര്‍പിന്‍ വളവുകള്‍ താണ്ടിയുള്ള യാത്ര ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും.
മണ്‍സൂണ്‍ ആസ്വദിക്കാന്‍ നെല്ലിയാമ്പതിയില്‍ വിനോദസഞ്ചാരികളുടെ ഒഴുക്കാണിപ്പോള്‍. പോത്തുണ്ടി ചെക്പോസ്റ്റ് മുതല്‍ കൈകാട്ടി വരെയുള്ള റോഡില്‍ ഇടതടവിടാതെ വാഹനങ്ങളുടെ തിരക്കായിരുന്നു. തമ്പുരാന്‍കാട് വ്യൂ പോയിന്റില്‍ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മഴ പെയ്തു തുടങ്ങിയതോടെ ചെറുതും വലുതുമായ 16 അരുവികളില്‍ വെള്ളമൊഴുക്ക് കൂടിയത് സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ചും വെള്ളച്ചാട്ടത്തിന് മുന്നില്‍ കയറി നിന്ന് സെല്‍ഫിയെടുക്കുന്നത് അപകടങ്ങള്‍ വരുത്തിവെക്കാനുമിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."