ഷോക്കേല്‍പ്പിച്ച് കെ.എസ്.ഇ.ബി; രണ്ടുമുറി വീടിന് 34,165 രൂപയുടെ വൈദ്യുതി ബില്‍
ചെറുതോണി: രണ്ടു മുറിയുള്ള വീടിന് 34,165 രൂപ വൈദ്യുതി ബില്‍. ബില്‍ത്തുക അടയ്ക്കാത്തതിനാല്‍ വീട്ടിലെ വൈദ്യുതി ബന്ധവും വിഛേദിച്ചു. മേരികുളം ആറേക്കള്‍ ആലയ്ക്കല്‍ എ.ജെ. ആഗസ്തിക്കാണ് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. ആഗസ്തിയും മകളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്.
നാല് സി.എഫ്.എല്‍ ബള്‍ബുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഫ്രിഡ്ജ്, മിക്സി, വാഷിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ ഒന്നും വീട്ടിലില്ല. കഴിഞ്ഞ ഒക്ടോബറില്‍ ആഗസ്തിയുടെ ഭാര്യ മരിച്ചു. ഈ സമയത്ത് വൈദ്യുതി ഉപയോഗം കൂടിയതിനാല്‍ 298 രൂപയുടെ ബില്ലാണ് അന്നു വന്നത്. അതിനു മുന്‍പും ശേഷവും രണ്ടു മാസം കൂടുമ്പോള്‍ 150 മുതല്‍ 190 രൂപ വരെയാണ് വൈദ്യൂതി ബില്‍ വന്നിരുന്നത്. ഈ മാസം ബില്ലു കൂടുതലാണെന്ന് മീറ്റര്‍ റീഡിങ്ങിനു വന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് 34,165 രൂപയാണെന്ന് വ്യക്തമായത്. ഉടന്‍തന്നെ ഉപ്പുതറ സെക്ഷന്‍ ഓഫിസില്‍ അന്വേഷിച്ചു. സബ് എന്‍ജിനിയര്‍ സ്ഥലത്തു വന്നു പരിശോധിക്കുകയും ചെയ്തു. വയറിംഗിലെ തകരാര്‍ മൂലം ചോര്‍ച്ച ഉണ്ടായ വൈദ്യുതിയുടെ അളവ് മീറ്ററില്‍ രേഖപ്പെടുത്തിയതാണെന്നും 14,000 രൂപ അടച്ചാല്‍ മതിയെന്നും പറഞ്ഞു.
കൂലിപ്പണി ചെയ്തു ജീവിക്കുന്ന ആഗസ്തിക്ക് ഇത്രയും തുകയടക്കാന്‍ മാര്‍ഗമുണ്ടായിരുന്നില്ല. തുടര്‍ന്ന് പതിനഞ്ചിന് അധികൃതര്‍ വീട്ടിലെത്തി വൈദ്യുതി വിഛേദിച്ചു. പുതിയ വയറിങ് നടത്തി, മീറ്ററും, മെയിന്‍ സ്വിച്ചും മാറ്റണമെന്നും നിര്‍ദേശിച്ചു. വയറിങിലെ തകരാര്‍ മൂലം ഷോര്‍ട്ടിംഗ് ഉണ്ടാകുന്നുണ്ടെന്നും അതു കൊണ്ട് മീറ്റര്‍ റീഡിങ് കൂടുന്നതാണെന്നും പറഞ്ഞു.
എന്നാല്‍ അംഗീകൃത ഇലക്ട്രീഷന്‍ നടത്തിയ പരിശോധനയില്‍ ഇങ്ങനെയുള്ള തകരാര്‍ കണ്ടെത്തിയില്ല. ബില്ലിന്റെ കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ ഒരാഴ്ചയായി മെഴുകുതിരി വെളിച്ചത്തില്‍ കഴിഞ്ഞുകൂടുകയാണ് ആഗസ്തിയും മകളും. എന്നാല്‍, സുരക്ഷാ കാരണങ്ങളാലാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും തകരാര്‍ പരിഹരിച്ചാല്‍ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും ഉപ്പുതറ സെക്ഷന്‍ ഓഫിസ് അസി. എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."