കണ്ഫ്യൂഷന് വേണ്ട: ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും ഇന്ത്യയില്‍ നടക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ മുഴുവന്‍ മത്സരക്രമവും ബി.സി.സി.ഐ പുറത്തുവിട്ടു. ഇത്തവണ മത്സരം മുഴുവനായും ഇന്ത്യയില്‍ തന്നെ നടത്തുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാരണം ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടം വിദേശത്ത് നടത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മെയ് 26ന് ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് ഫൈനല്‍. ആദ്യഘട്ടത്തില്‍ 21 മത്സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമായിരുന്നു പുറത്തുവിട്ടിരുന്നത്.
പ്ലേ ഓഫ് മത്സരങ്ങള്‍ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലും നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ക്വാളിഫയര്‍ വണ്‍, എലിമിനേറ്റര്‍ മത്സരങ്ങള്‍ മേയ് 21, 22 തീയതികളില്‍ അഹമ്മദാബാദില്‍ നടക്കും. ക്വാളിഫയര്‍ രണ്ട്, ഫൈനല്‍ മത്സരങ്ങള്‍ മേയ് 24, 26 തീയതികളില്‍ ചെന്നൈയിലും നടക്കും.
പോയ വര്‍ഷത്തെ ഫൈനലിസ്റ്റുകളാണ് ചെന്നൈയും ഗുജറാത്തും എന്നത് പരിഗണിച്ചാണ് പ്ലേ ഓഫ്, എലിമിനേറ്റര്‍, ഫൈനല്‍ മത്സരങ്ങള്‍ ഈ രണ്ട് സ്റ്റേഡിയങ്ങളില്‍ നിശ്ചയിക്കാന്‍ കാരണം. ജൂണ്‍ ഒന്നിനാണ് ടി20 ലോകകപ്പ് ആരംഭിക്കുക. ഐ.പി.എല്‍. കഴിഞ്ഞ് അഞ്ചു ദിവസം മാത്രമാണ് താരങ്ങള്‍ക്ക് ലോകകപ്പിനായി ഒരുങ്ങാനാവുക. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായിട്ടാണ് ലോകകപ്പ് മത്സരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."