സഊദിയിൽ വൈദ്യുതി മുടങ്ങി; ഒരു ലക്ഷത്തിലധികം പേര്‍ക്ക് നഷ്ടപരിഹാരം
റിയാദ്:സഊദിയിലെ ശറൂറ ഗവര്‍ണറേറ്റ് നിവാസികള്‍ക്ക് രണ്ട് ദിവസത്തെ വൈദ്യുതി മുടക്കത്തിന് മേഖലയിലെ ഒരു ലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് വിധി.കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലാണ് ശറൂറ ഗവര്‍ണറേറ്റിലെ വീടുകളിലും മറ്റുമുള്ള വൈദ്യുതി തടസപ്പെട്ടത്. വൈദ്യുതി വിതരണ ശൃംഖലയിലെ സാങ്കേതിക തകരാറായിരുന്നു വൈദ്യുതി മുടക്കത്തിന് കാരണം. എന്നാല്‍ ഇതിന് നഷ്ടപരിഹാരമായി സഊദിയിലെ വൈദ്യുതി കമ്പനി പ്രദേശവാസികള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം നല്‍കണമെന്ന് സഊദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി (സെറ) ഉത്തരവിടുകയായിരുന്നു.
സഊദി അറേബ്യയിൽ അതികഠിനമായ ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെക്കന്‍ സഊദി അറേബ്യയിലെ നജ്റാന്‍ മേഖലയിലുണ്ടായ വൈദ്യുതി മുടക്കം പ്രദേശത്തെ ഒരു ഒരു ലക്ഷത്തിലധികം നിവാസികളെ രണ്ട് ദിവസം കടുത്ത ദുരിതത്തിലാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവ് ഉണ്ടായത്. പരാതിക്കാരായ ആളുകള്‍ നഷ്ടപരിഹാരത്തിന് അപേക്ഷയോ മറ്റോ നല്‍കാതെ തന്നെ നഷ്ടപരിഹാരത്തുക നല്‍കണമെന്ന് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പത്ത് ദിവസത്തിനകം ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം.
കൂടാതെ, സംഭവവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കോ പരാതികള്‍ക്കോ വേണ്ടി പ്രത്യേക ടെലിഫോണ്‍ നമ്പറുകള്‍ നല്‍കണമെന്നും വൈദ്യുതി മുടങ്ങിയതു മൂലമുണ്ടായ പ്രയാസങ്ങള്‍ക്ക് ശറൂറ ഗവര്‍ണറേറ്റിലെ എല്ലാ ഉപഭോക്താക്കളോടും മാപ്പ് പറയണമെന്നും അതോറിറ്റി ഉത്തരവില്‍ . ഇതിനു പുറമെ ഉപഭോക്താവിന് ലഭിക്കുന്ന നഷ്ടപരിഹാര തുകയെക്കുറിച്ച് അറിയിക്കാന്‍ അവരുമായി ഉടന്‍ ബന്ധപ്പെടാനും സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സഊദിയിലെ ഗ്യാരണ്ടീഡ് ഇലക്ട്രിസിറ്റി സര്‍വീസ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍, ഏതെങ്കിലും പ്രദേശത്ത് വൈദ്യുതി മുടങ്ങിയാൽ ആറ് മണിക്കൂറിനുള്ളില്‍ സേവന ദാതാവ് വൈദ്യുത സേവനം പുനസ്ഥാപിക്കണമെന്നാണ് നിയമം. ഈ മാനദണ്ഡം പാലിച്ചില്ലെങ്കില്‍, ബാധിതരായ ഓരോ ഉപഭോക്താവിനും സേവന ദാതാവ് 200 റിയാല്‍ നഷ്ടപരിഹാരം നല്‍കണം. ആറ് മണിക്കൂറിന് ശേഷമുള്ള ഓരോ അധിക മണിക്കൂറിനും ഉപഭോക്താക്കള്‍ക്ക് 50 റിയാല്‍ അധികമായി നല്‍കണമെന്നും നിയമമുണ്ട്. ഉപഭോക്താവിന്റെ പ്രതിമാസ ബില്ലില്‍ കുറവ് വരുത്തിയോ അവരുടെ അക്കൗണ്ടിലേക്ക് ബാങ്ക് ട്രാന്‍സ്ഫര്‍ മുഖേനയോ മുടക്കം സംഭവിച്ച തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് നിയമം നിര്‍ദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."