എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ 20,000 ദിർഹം വരെ പിഴ നൽകേണ്ടി വരും
ദുബൈ: യുഎഇ പൗരന്മാരും പ്രവാസികളും നിർബന്ധമായി കയ്യിൽ കരുതേണ്ട തിരിച്ചറിയൽ കാർഡാണ് എമിറേറ്റ്സ് ഐഡി. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെങ്കിലും ഇത് കൃത്യസമയത്ത് പുതുക്കിയില്ലെങ്കിൽ നൽകേണ്ടിവരുന്ന പിഴയെകുറിച്ചോ നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചോ അറിവുണ്ടായിരിക്കണമെന്നില്ല. മാത്രമല്ല പിഴയുടെ കാര്യത്തിൽ യുഎഇ ഭരണകൂടം പലപ്പോഴും മാറ്റങ്ങൾ വരുത്താറുമുണ്ട്. ഇവയുമായി ബന്ധപ്പെട്ട വീഴ്‌ചകൾക്ക് കനത്ത പിഴ തന്നെ പലപ്പോഴും നൽകേണ്ടിവരും.
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രകാരം 14 നിയമലംഘനങ്ങൾ എമിറേറ്റ്സ് ഐഡി കാർഡ് സേവനങ്ങൾ, യുഎഇ വിസ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ലംഘനത്തിൻ്റെ തരം അനുസരിച്ച്, പിഴ പ്രതിദിനം 20 ദിർഹം മുതൽ 20,000 ദിർഹം വരെയാണ്.
എമിറേറ്റ്സ് ഐഡി പുതുക്കൽ പിഴ
ഐഡി കാർഡ് ലഭിക്കുന്നതിന് രജിസ്ട്രേഷൻ കാലതാമസം വരുത്തുകയോ അതിൻ്റെ കാലഹരണ തീയതി മുതൽ 30 ദിവസത്തിന് ശേഷം പുതുക്കുകയോ ചെയ്താൽ, പ്രതിദിനം 20 ദിർഹം എന്ന നിരക്കിൽ ഓരോ ദിവസവും കണക്കാക്കി പിഴ ഈടാക്കാം. ഇത് പരമാവധി 1,000 ദിർഹം വരെ പോകാം.
സിസ്റ്റം ഉപയോക്താക്കളിൽ നിന്നുള്ള പ്രിൻ്റിംഗ് അഭ്യർത്ഥനകളിലെ അപാകതകൾക്ക് പിഴ 100 ദിർഹമാണെന്നും, തെറ്റായ ഡാറ്റ (തെറ്റായ വിവരങ്ങൾ) നൽകിയാൽ 3,000 ദിർഹം പിഴ ഈടാക്കുമെന്നും പാസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. കൂടാതെ, നിലവിലില്ലാത്ത കമ്പനിയുടെ പേരിൽ വിസയോ പ്രവേശന പെർമിറ്റോ ആണ് നൽകിയിട്ടുള്ളതെങ്കിൽ 20,000 ദിർഹം പിഴ നൽകേണ്ടിവരും.
എമിറേറ്റ്സ് ഐഡി നഷ്ടപ്പെട്ടാൽ
നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി കാർഡ് നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ അത് മോഷ്‌ടിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ, നിങ്ങൾ ഉടൻ തന്നെ ഐസിപിയിൽ നിന്ന് മാറ്റി പകരം കാർഡിന് ഫീസടച്ച് അപേക്ഷ നൽകണം.
നഷ്‌ടപ്പെട്ടതോ കേടായതോ ആയ ഐഡി മാറ്റിസ്ഥാപിക്കുന്നതിന് അപേക്ഷകൻ 300 ദിർഹം ഫീസായി നൽകണം, കൂടാതെ ടൈപ്പിംഗ് സെൻ്ററുകൾ വഴി അപേക്ഷിക്കുമ്പോൾ 70 ദിർഹം അല്ലെങ്കിൽ ഐസിഎ വെബ്‌സൈറ്റിലെ ഇഫോം വഴി അപേക്ഷിക്കുകയാണെങ്കിൽ 40 ദിർഹം അപേക്ഷാ ഫീസും നൽകണം.
ഈ ഫീസ് എല്ലാ യുഎഇ പൗരന്മാർക്കും ജിസിസി പൗരന്മാർക്കും പ്രവാസി താമസക്കാർക്കും ബാധകമാണ്. ഐസിഎ മെയിനിൻ്റെ കസ്റ്റമർ ഹാപ്പിനസ് സെൻ്ററിൽ 150 ദിർഹം അധികമായി നൽകിക്കൊണ്ട് നിങ്ങൾക്ക് ഒരു എക്സ്പ്രസ് ഐഡി റീപ്ലേസ്‌മെൻ്റ് സേവനവും ഉപയോഗിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."