വയറുവേദനയുമായി എത്തി,കിഡ്‌നി സ്‌റ്റോണിന് കുത്തിവെച്ചു,പിന്നാലെ അബോധാവസ്ഥയില്‍; തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു
തിരുവവന്തപുരം: വയറുവേദയെ തുടര്ന്ന് ആശുപത്രിയിലെത്തി കുത്തിവെപ്പിന് പിന്നാലെ അബോധാവസ്ഥായിലായ യുവതി മരിച്ചു. മലയന്‍കീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആറ് ദിവസമായി ചികിത്സയിലായിരുന്നു കൃഷ്ണ.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വയറുവേദനയെ തുടര്‍ന്ന് കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യം തൈക്കാട് ആശുപത്രിയിലും പിന്നീട് മലയന്‍കീഴിലും കൊണ്ടുപോയെങ്കിലും കിഡ്‌നിസ്‌റ്റോണ്‍ ആണെന്ന് കാട്ടി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് നിര്‍ദേശിക്കുകയായിരുന്നു. ഇതുപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച യുവതിയും ഭര്‍ത്താവും നെയ്യാറ്റിന്‍കരയിലെത്തി. അവിടെ വെച്ച് യുവതിക്ക് കിഡ്‌നി സ്‌റ്റോണിന് ഇന്‍ജക്ഷന്‍ നല്‍കി. പിന്നാലെ യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്തു. മുഖത്തടക്കം കറുത്ത വലിയ പാടുകള്‍ ഉണ്ടാവുകയും ശാരീരിക ബുദ്ധിമുട്ടുകള്‍ അധികമാവുകയും ചെയ്ത ഇവരെ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്.
കൃഷ്ണയുടെ രക്തം പരിശോധിച്ചതിന്റെ റിസള്‍ട്ട് വാങ്ങാന്‍ ഭര്‍ത്താവ് ശരത് ലാബിലേക്ക് പോയ സമയം ആശുപത്രി അധികൃതര്‍ യുവതിക്ക് ഇന്‍ജക്ഷന്‍ നല്‍കിയതായാണ് ബന്ധുക്കള്‍ പറയുന്നത്. കൃഷ്ണയ്ക്ക് അലര്‍ജി ഉണ്ടായിരുന്നതായാണ് വിവരം. ഇതോടൊപ്പമാണ് വയറുവേദ വന്നത്. യുവതിയുടെ രോഗവിവരങ്ങള്‍ ഒന്നും തന്നെ തിരക്കാതെയാണ് ആശുപത്രി അധികൃതര്‍ ഇന്‍ജക്ഷന്‍ നല്‍കിയതെന്നാണ് കുടുംബം ആരോപിക്കുന്നു. ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെ ആശുപത്രിയിലെ ഡോക്ടര്‍ വിനുവിനെതിരെ പൊലിസ് കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."