കിനാക്കള്‍ കൈപ്പിടിയിലാക്കാന്‍ ഓടിയോടി പാരിസിലെത്തിയ കിമിയ യുസോഫി
ഭൂഗോളത്തിലെ അതികായന്‍മാര്‍ മാറ്റുരക്കുന്ന സംഗമ വേദിയില്‍ ഒരിക്കല്‍ കൂടി അവളെത്തുന്നു. കിമിയ യുസോഫി എന്ന 24 കാരി. അമേരിക്കയും ശിങ്കിടികളും ചതച്ചരതിന്റെ ശേഷിപ്പുകളില്‍ അഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും സംഘര്‍ഷങ്ങളും അശാന്തി വിതക്കുന്ന ഭൂമികയില്‍ നിന്നും ജീവനും കൊണ്ട് ഓടിപ്പോന്നതായിരുന്നു അവള്‍. ഓട്ടക്കാരിയാവുക എന്ന അദമ്യമായ മോഹത്തിനൊപ്പം ഇച്ഛാശക്തിയുടെ കരുത്തുകള്‍ കാലുകളിലേക്കാവഹിച്ച് അവളോടിത്തുടങ്ങിയത് ഇവിടെ ഇതാ പാരിസിലെ ഈ ഒളിമ്പിക് വേദിയില്‍ വന്നു നില്‍ക്കുന്നു.
ഏതുനിമിഷവും തനിക്കു മേല്‍ പതിച്ചേക്കാവുന്നൊരു ഡ്രോണുകളും ബോംബുകളും തീര്‍ത്ത ഭീതിയുടെ നിഴല്‍ പറ്റിയ വഴികളിലൂടെയായിരുന്നു അവളുടെ യാത്ര. ഒരു വെടിയൊച്ചകള്‍ക്കും തീക്കാറ്റുകള്‍ക്കും തകര്‍ക്കാനാവാത്ത കിനാവിന്റെ ഭാണ്ഡമേന്തിയാണ് അവള്‍ യാത്ര തുടങ്ങിയത്. തളംകെട്ടി നില്‍ക്കുന്ന ചോരപ്പാടുകളേറെ താണ്ടിയാണ് അവള്‍ ഒടുക്കം മൂന്നാം ഒളിംപിക്‌സിന് ഓടാനൊരുങ്ങി പാരിസിലെത്തിയിരിക്കുന്നത്. ടോക്കിയോയില്‍ നടന്ന ഗെയിംസില്‍ ഓടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അഫ്ഗാനിസ്ഥാനില്‍ സൈനിക അട്ടിമറി നടക്കുന്നതും താലിബാന്‍ ഭരണം പിടിച്ചെടുക്കുന്നതും. എന്നാല്‍ ടോകിയോയിലെ ഓട്ടത്തിന് ശേഷം പിന്നീട് ഇതുവരെ ഒരിക്കല്‍ പോലും നാട്ടിലേക്ക് പോകാന്‍ കിമിയക്ക് അവസരം ലഭിച്ചിട്ടില്ല.
ഗെയിംസ് കഴിഞ്ഞെങ്കിലും പിന്നീട് എന്തു ചെയ്യുമെന്നായിരുന്നു മുന്നിലുണ്ടായിരുന്ന പ്രധാന ചോദ്യം. എന്നാല്‍ പിന്നീട് ജപ്പാനില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ച് പോകാന്‍ കഴിയാതിരുന്നതോടെ അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിശീലനത്തിനായി ഇറാനിലേക്ക് അയക്കാന്‍ തീരുമാനിക്കുകായിരുന്നു. ടോക്കിയോ ഗെയിംസിന് മുന്നോടിയായി കിമിയ ഇറാനിലായിരുന്നു പരിശീലനം നേടിയത്. അതിനാല്‍ ഇറാനില്‍ കിമിയക്ക് അപരിചത്വം തോന്നിയില്ല. എന്നാല്‍ ഇറാനിലെ പരിശീലനം അനിശ്ചിതത്തിലായതോടെ വീണ്ടും ഒളിംപിക് കമ്മറ്റി ഇടപെട്ട് കിമിയയെ കാനഡയിലെത്തിക്കാന്‍ ശ്രമിച്ചു. പക്ഷെ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നായിരുന്നു ആസ്‌ത്രേലിയന്‍ ഒളിംപിക് കമ്മറ്റി കിമിയയെ ഏറ്റെടുക്കാമെന്ന് അറിയിച്ച് മുന്നോട്ടുവന്നത്.
പിന്നീട് ആസ്‌ത്രേലിയന്‍ അത്‌ലറ്റിക് പരിശീലകന്‍ ജോണ്‍ ക്വിക്കിന് കീഴിലായിരുന്നു കിമിയ പരിശീലനം നടത്തിയിരുന്നത്. ആസ്‌ത്രേലിയയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയാണ് അഭയാര്‍ഥികളെ പ്രതിനിധീകരിച്ച് ഓടുന്നതിന് വേണ്ടി കിമിയ ട്രാക്കിലിറങ്ങുന്നത്. വെല്ലുവിളികളോട് പടവെട്ടി മൂന്നാം ഒളിംപിക്‌സിന്റെ ട്രാക്കിലുമെത്തുമ്പോള്‍ സന്തോഷമുണ്ടെന്ന് കിമിയ വ്യക്തമാക്കുന്നു. ടോക്കിയോയില്‍ നടന്ന ഗെയിംസിന്റെ പതാക വാഹകയായിരുന്ന കിമിയയും വേഗരാജാക്കന്‍മാര്‍ അണിനിരക്കുന്ന പോരാട്ട വേദിയില്‍ ഒരു കൈ നോക്കാന്‍ ചൊവ്വാഴ്ച ട്രാക്കിലിറങ്ങും. മെഡലുകലില്‍ മുത്തമിട്ടാലും ഇല്ലെങ്കിലും അവളുടെ നാമം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."