ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് അബദ്ധം പിണഞ്ഞ് മഹാരാഷ്ട്ര പൊലിസ്; ഒടുവില്‍ യഥാര്‍ഥ് പ്രതികള്‍ക്ക് സമന്‍സയച്ചു
മുംബൈ: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ മകള്‍ അഞ്ജലിയെ കുറിച്ച് അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംഭവത്തില്‍ യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് അബദ്ധം പിണഞ്ഞ മഹാരാഷ്ട്ര പൊലിസ് ഒടുവില്‍ യഥാര്‍ഥ പ്രതികള്‍ക്ക് സമന്‍സയച്ചു. പാരഡി അക്കൗണ്ടിനെതിരെയാണ് നടപടി. റാഠിയുടെ പാരഡി അക്കൗണ്ടില്‍ വന്ന പോസ്റ്റിന് നേരത്തെ ധ്രുവ് റാഠിക്കെതിരെയാണ് മഹാരാഷ്ട്ര സൈബര്‍ പൊലിസ് കേസെടുത്തിരുന്നത്.
പരീക്ഷയ്ക്ക് ഹാജരാകാതെയാണ് അഞ്ജലി യു.പി.എസ്.സിയില്‍ വിജയിച്ചതെന്നായിരുന്നു റാഠിയുടെ പാരഡി അക്കൗണ്ടില്‍ ആരോപിച്ചിരുന്നത്. ഇത് ധ്രുവ് റാഠിയുടെ ഒറിജിനല്‍ അക്കൗണ്ടാണെന്നു തെറ്റിദ്ധരിച്ച് മഹാരാഷ്ട്ര സൈബര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സമന്‍സ് അയയ്ക്കുകയുമായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ തന്നെ ട്രോളുകള്‍ വന്നതോടെയാണു അബദ്ധം പൊലിസിനു ബോധ്യമാകുന്നത്. പിന്നീട് കേസ് പിന്‍വലിച്ച് പാരഡി അക്കൗണ്ടിനു പിന്നിലുള്ളയാളെ കണ്ടെത്തി സമന്‍സ് അയയ്ക്കുകയായിരുന്നു.
കേസ് നടപടികള്‍ക്കു പിന്നാലെ പാരഡി അക്കൗണ്ട് പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞിരുന്നു. മറ്റൊരാളുടെ പോസ്റ്റ് യാഥാര്‍ഥ്യം അറിയാതെ കോപി ചെയ്ത് പങ്കുവയ്ക്കുകയാണു ചെയ്തത്. സംഭവിച്ച തെറ്റില്‍ മാപ്പുപറയുന്നുവെന്നും പാരഡി അക്കൗണ്ടില്‍ വ്യക്തമാക്കി. മഹാരാഷ്ട്രാ സൈബര്‍ പൊലിസിന്റെ നിര്‍ദേശപ്രകാരം അഞ്ജലി ബിര്‍ലയെ കുറിച്ചുള്ള പോസ്റ്റുകളും കമന്റുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്.
കേസില്‍ യഥാര്‍ഥ പ്രതിക്കെതിരെ നിയമനടപടി ആരംഭിച്ചതായി സൈബര്‍ പൊലിസ് അറിയിച്ചു. അപകീര്‍ത്തിപ്പെടുത്തല്‍, കലാപത്തിനു പ്രേരണ നല്‍കുന്ന തരത്തിലുള്ള പരാമര്‍ശം തുടങ്ങിയ കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പാരഡി അക്കൗണ്ട് പൂട്ടാനും ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."