ജീവിതത്തിലേക്ക് ഒരു കൈ; ഉരുള്‍പൊട്ടലില്‍ ചളിയില്‍ പുതഞ്ഞയാളെ രക്ഷപ്പെടുത്തി
മരണത്തെ മുഖാമുഖം കണ്ട മണിക്കൂറുകള്‍ക്കൊടുവില്‍ അയാളിലേക്ക് ആ കൈകളെത്തി. മരണച്ചതുപ്പില്‍ നിന്ന് ജീവീതത്തിലേക്ക് വലിച്ചു കയറ്റിയ കൈകള്‍.
വയനാട് ഉരുള്‍പൊട്ടലില്‍ മണിക്കൂറുകളോളമാണ് അയാള്‍ പൂണ്ടു കിടന്നത്. സഹായത്തിനായി കേണ് ഇയാള്‍ ചെളിയില്‍ പൂണ്ട് കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്ക്യു ടീം ആണ് അദ്ദേഹത്തെ അതി സാഹസികമായി രക്ഷപ്പെടുത്തിയത്.പ്രാഥമിക വൈദ്യസഹായം നല്‍കിയ ശേഷം അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
ഉരുള്‍പൊട്ടലില്‍ നൂറ് കണക്കിന് കുടുംബങ്ങള്‍ ഒറ്റപ്പെട്ടിട്ടുണ്ട്. 57 പേര്‍ മരിച്ചു എന്നാണ് ഔദ്യോഗിക കണക്കുകള്‍.14 പേരെ തിരിച്ചറിഞ്ഞു.
അതേസമയം ചൂരല്‍മലയില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
രക്ഷാ പ്രവര്‍ത്തനം അതീവ ദുഷ്‌കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്.
കണ്ണൂരില്‍ നിന്നും കോഴിക്കോട് നിന്നും കണ്ണൂര്‍ നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."