ദുരന്തഭൂമിയില്‍ ആശ്വാസമേകാന്‍ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലുമെത്തി
വയനാട്: മുണ്ടക്കൈയിലെ പ്രകൃതിദുരന്തത്തില്‍ പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ മോഹന്‍ലാല്‍ എത്തി. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിലെത്തി ദുരിതബാധിതരെ ആശ്വസിപ്പിച്ച ശേഷം ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് പ്രവേശിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്.
2018ല്‍ ഉണ്ടായ മഹാപ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. നേരത്തെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടിയിരുന്നു. 'വയനാട് ജില്ലയിലെ മേപ്പാടിയിലെ മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ആറു സോണുകളായി നടത്തുകയാണ്. കാണാമറയത്ത് ഇനിയും ഒരുപാട് പേരുണ്ട്.
രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ സല്യൂട്ട് ചെയ്യുകയാണ്. ദുരന്ത മുഖത്ത് ധീരതയോടെ അക്ഷീണം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിസ്വാര്‍ത്ഥരായ സന്നദ്ധപ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനിക സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി അക്ഷീണം പ്രയത്‌നിക്കുന്ന ഓരോ വ്യക്തിയെയും അഭിവാദ്യം ചെയ്യുന്നു. മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്തിട്ടുണ്ട്.
ദുഷ്‌കരമായ സമയത്ത് നമ്മള്‍ക്ക് എല്ലാവര്‍ക്കും ഒറ്റക്കെട്ടായി നില്‍ക്കാനും ഐക്യത്തിന്റെ ശക്തി കാണിക്കാനും താന്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നു'- എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നത്. മുണ്ടക്കൈ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 300 ല്‍ അധികമായി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. 206 പേരെ ഇനിയും കണ്ടെത്താന്‍ ആയിട്ടില്ല. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9,328 പേരാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."