മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍; എഴുത്തു പരീക്ഷയ്ക്ക് 30 ശതമാനം മാര്‍ക്ക് നേടണം
തിരുവനന്തപുരം: സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഈ അധ്യയന വര്‍ഷം എട്ടിലും അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരും. 2026-27ല്‍ പത്തിലും മിനിമം മാര്‍ക്ക് നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ഇനി എട്ടുമുതല്‍ 'ഓള്‍ പാസ്' ഉണ്ടാകില്ല. എഴുത്തു പരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കും. നിരന്തര മൂല്യനിര്‍ണയത്തില്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നതിനും മെരിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങള്‍ പുറത്തിറക്കും.
ആദ്യ പടിയായി 1 മുതല്‍ 10 വരെയുളള ക്ലാസുകളില്‍ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടി രൂപീകരിക്കും. പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ പദ്ധതികളും പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിനായി സംഘടിപ്പിച്ച എകദിന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാണ് മന്ത്രിസഭാ തീരുമാനം.
നിലവില്‍ പാസാകാന്‍ നിരന്തര മൂല്യനിര്‍ണയത്തിനും എഴുത്തുപരീക്ഷയ്ക്കും കൂടി 30 ശതമാനം മതി. അതുകൊണ്ടുതന്നെ എല്ലാവരും പാസാകുന്ന സാഹചര്യമാണുള്ളത്. ഇതുമാറ്റിയാണ് ഓരോ വിഷയങ്ങള്‍ക്കും 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കിയുള്ള തീരുമാനം. ഘട്ടമായിട്ടാണ് നടപ്പാക്കുക.
ഇന്റേണല്‍ മാര്‍ക്ക് കൂടുതല്‍ നല്‍കുന്നതുമൂലവും 'ഓള്‍ പാസ്' മൂലവും സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം കുറയുന്നുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് മന്ത്രിസഭാ യോഗം നിര്‍ണായക തീരുമാനമെടുത്തത്. ദേശീയതലത്തിലുള്ള പരീക്ഷകളില്‍ കേരളത്തില്‍നിന്നുള്ള കുട്ടികള്‍ പിന്നോക്കം പോകുന്നുവെന്ന ആരോപണം മാറ്റിയെടുക്കുക കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമാണ്.
വാരിക്കോരി മാര്‍ക്ക്, എല്ലാവര്‍ക്കും എ പ്ലസ് എന്നിങ്ങനെയുള്ള ആക്ഷേപം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ മെയ് 6ന് തിരുവനന്തപുരത്ത് എസ്.സി.ഇ.ആര്‍.ടിയുടെ ആഭിമുഖ്യത്തില്‍ എജ്യൂക്കേഷന്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. കോണ്‍ക്ലേവ് ചര്‍ച്ചാ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
അക്കാദമിക മികവ് ഉയര്‍ത്തുന്നതിനായി സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനോടൊപ്പം നിരന്തര മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ മെറിറ്റിനെ അടിസ്ഥാനമാക്കി ആയിരിക്കുമെന്നത് ഉറപ്പുവരുത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതെങ്കിലും വിഷയത്തില്‍ പിന്നോക്കം പോകുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പകരം ക്ലാസുകള്‍ നല്‍കി പുനഃപരീക്ഷ നടത്തി മികച്ച വിജയം നേടാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു. മിനിമം മാര്‍ക്ക് കൊണ്ടുവരുന്നതിനെ സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയും ശാസ്ത്ര സാഹിത്യ പരിഷത്തും എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."