മതസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നില്ല; മുസ്‌ലിം സഹോദരങ്ങള്‍ക്ക് നീതി നല്‍കും- വഖ്ഫ് ഭേദഗതിയില്‍ മന്ത്രിയുടെ വിശദീകരണം ഇങ്ങനെ
ഡല്‍ഹി: പ്രതിപക്ഷ ബഹളത്തിനിടെ വഖഫ് ബില്‍ ഭേദഗതിയില്‍ ലോക്‌സഭയില്‍ മറുപടിയുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ചര്‍ച്ച നടത്താതെയാണ് ബില്‍ കൊണ്ടുവന്നതെന്ന പ്രതിപക്ഷ വാദത്തെ തള്ളിയ മന്ത്രിമുസ്‌ലിം സഹോദരങ്ങള്‍ക്ക് ഈ ബില്‍ നീതി നല്‍കുമെന്ന് അവകാശപ്പെട്ടു. വഖഫ് കൗണ്‍സിലിനെയും ബോര്‍ഡിനെയും ശാക്തീകരിക്കാനാണ് ബില്‍ അവതരിപ്പിക്കുന്നത്. മതസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നില്ല. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും റിജിജു ആരോപിച്ചു.
പലയിടത്തും വഖഫ് ഭൂമി മാഫിയകള്‍ പിടിച്ചുവെന്ന് റിജിജു ആരോപിച്ചു. കയ്യേറ്റത്തിനെതിരെ 194 പരാതികള്‍ കഴിഞ്ഞ വര്‍ഷം മാത്രം ലഭിച്ചെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 വര്‍ഷമായി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു. മുസ്‌ലിം വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് ആരോപിച്ച റിജിജു പല എംപിമാരും വ്യക്തിപരമായി ബില്ലിനെ പിന്തുണക്കുന്നതായും കൂട്ടിച്ചേര്‍ത്തു. ബില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിട്ടു.
ബില്ലിനെ എതിര്‍ത്ത് നിരവധി പ്രതിപക്ഷാംഗങ്ങളാണ് രംഗത്തെത്തിയത്. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ചോദിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഭരണഘടന നല്‍കുന്ന ഉറപ്പുകളുടെ ലംഘനമാണ് ബില്ലെന്നും അത് രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കുമെന്നും ആരോപിച്ചു. മുസ്‌ലിം സംഘടനകളുമായി കൂടിയാലോചന നടത്താതെ കൊണ്ടുവന്ന ബില്ലിന്റെ ലക്ഷ്യം വഖഫ് തകര്‍ക്കുകയാണെന്ന് കെ. രാധാകൃഷ്ണന്‍ എം.പി അഭിപ്രായപ്പെട്ടു. ബോര്‍ഡിന്റെ അധികാരങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ലക്ഷ്യംവയ്ക്കുന്ന ബില്‍ കോടതിയിലെത്തിയാല്‍ തള്ളപെടാവുന്നതാണെന്നും ഇതിലൂടെ മുസ്‌ലിം സമുദായത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുകയാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി തുറന്നടിച്ചു.
വഖഫ് ബില്‍ പിന്‍വലിക്കണമെന്നഭിപ്രായപ്പെട്ട സുപ്രിയ സുലെ ബില്ലിന്റെ കരട് പകര്‍പ്പ് ആദ്യം ലഭിച്ചത് മാധ്യമങ്ങള്‍ക്കാണെന്നും കേന്ദ്രം പാര്‍ലമെന്റിനെ അപമാനിച്ചെന്നും ആരോപിച്ചു. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് ബില്ലെന്ന് കനിമൊഴി എം.പി. പറഞ്ഞു. വിഷയത്തെ ചൊല്ലി അഖിലേഷ് യാദവും അമിത് ഷായും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. വഖഫ് ബില്‍ ഏകപക്ഷീയമാണെന്നും വഖഫിന്റേത് പൊതുസ്വത്തല്ലെന്നും അസദുദ്ദീന്‍ ഉവൈസി എം.പി ആരോപിച്ചു. രാജ്യത്തെ മുസ്‌ലിം വിഭാഗത്തിന് എതിരാണ് വഖഫ് ബില്ലെന്നും കേന്ദ്രം ഭരണഘടനയുടെ ധാര്‍മികത നഷ്ടമാക്കുകയാണെന്നും തൃണമൂല്‍ ആരോപിച്ചു.
എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമായ ടി.ഡി.പി.യും ജെ.ഡി.യുവും ബില്ലിനെ അനുകൂലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."