അയ്യോ... ബോംബ്; പേടിച്ച് ദൂരേക്കെറിഞ്ഞപ്പോള്‍ പൊട്ടി, പുറത്തുവന്നത് നിധിയുടെ കൂമ്പാരം
കണ്ണൂര്‍: കണ്ണൂരിലെ ചെങ്ങളായി പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മഴക്കുഴി കുഴിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ വന്നു. ഇവര്‍ക്ക് കുഴിയെടുത്തപ്പോള്‍ ഒരു കുടം കിട്ടി. അയ്യോ ബോംബ,് എന്ന് കരുതി പേടിച്ചു വിറച്ചാണ് തൊഴിലുറപ്പ് സംഘം ആ കുടം എടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞത്.
ഒറ്റ ഏറില്‍ തന്നെ പൊട്ടിയ കുടത്തില്‍ നിന്ന് പുറത്തുവന്നത് നിധികളുടെ കൂമ്പാരവും. കണ്ണൂര്‍ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എല്‍പി സ്‌കൂളിനടുത്തുള്ള സ്വകാര്യ ഭൂമിയില്‍ നിന്നാണ് നിധിശേഖരം കിട്ടിയത്. ചേലോറ സുലോചനയുടെ നേതൃത്വത്തില്‍ 18 പേരോളം അടങ്ങിയ തൊഴിലാളികള്‍ക്കാണ് നിധി ക്കുടം ലഭിച്ചത്. 13 സ്വര്‍ണ ലോക്കറ്റുകള്‍, 17 മുത്തുമണികള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, പഴയകാല അഞ്ചു മോതിരങ്ങള്‍, കമ്മല്‍, ഒട്ടേറെ വെള്ളിനാണയങ്ങള്‍ എന്നിവയാണ് കുടത്തില്‍ ഉണ്ടായിരുന്നത്.
ഒളിച്ചുവെച്ച നിലയിലും ഉപേക്ഷിക്കപ്പെട്ട നിലയിലുമെല്ലാം ജില്ലയുടെ പലഭാഗങ്ങളിലും ബോംബുകള്‍ കണ്ടെത്തുന്ന കാലമാണല്ലോ. അതുകൊണ്ട് തന്നെ മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കുടം കണ്ടപ്പോള്‍ ആദ്യം ബോംബാണെന്നു തന്നെയാണ് ഇവര്‍ കരുതിയത്. നിധിയാണെന്ന് തിരിച്ചറിഞ്ഞതോടെ ചെങ്ങളായി പഞ്ചായത്ത് ഓഫിസില്‍ വിവരമറിയിക്കുകയും പൊലിസെത്തി ഏറ്റുവാങ്ങുകയും ചെയ്തു.
ഈ നിധി തളിപ്പറമ്പ് കോടതിയില്‍ പൊലിസ് ഹാജരാക്കി. പുരാവസ്തു വകുപ്പിനെ വിവരം അറിയിച്ചതായും എസ്‌ഐ ഷിജു അറിയിച്ചു. നിധിയിലെ നാണയങ്ങളില്‍ വര്‍ഷം രേഖപ്പെടുത്തിയിട്ടില്ലെന്നും നാണയങ്ങള്‍ പരിശോധിച്ച് പഴക്കം നിര്‍ണയിക്കാമെന്നുമാണ് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഇ ദിനേശന്‍ പറയുന്നത്. ക്ഷേത്രങ്ങളിലും തറവാടുകളുടെ പടിഞ്ഞാറ്റകളിലും സൂക്ഷിക്കുന്ന മൂലഭണ്ഡാരത്തിന്റെ മാതൃകയാണ് നിധി കുടത്തിന്റേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."