വിടവാങ്ങിയത് ഫുട്ബോള്‍ രംഗത്തെ നിറസാന്നിധ്യം
കണ്ണൂര്‍: വാര്‍ധക്യ സഹജമായ അസുഖം തളര്ത്തുന്നതുവരെ ഫുട്ബോള്‍ രംഗത്തെ നിറസാന്നിധ്യമായിരുന്നു പി മാധവന്. കളിക്കളത്തിലെ മുന്നേറ്റക്കാരനായിരുന്ന ഇദ്ദേഹത്തിലൂടെ കണ്ണൂരിനു ലഭിച്ചത് മികച്ച സംഘാടകനെ കൂടിയാണ്. ജില്ലയിലെ പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം സംഘാടക സമിതിയില്‍ മാധവന്റെ പേരുമുണ്ടായിരുന്നു. സൗമ്യസ്വഭാവത്തോടെ അദ്ദേഹം കളിക്കാരെയും സംഘാടകരെയും സ്നേഹിച്ചു. സ്വന്തം ആശുപത്രിയില്‍ ഫുട്ബോള്‍ താരങ്ങള്‍ പരുക്കുമായി എത്തിയാല്‍ സൗജന്യ പരിശോധന നല്‍കും. ഫുട്ബോള്‍ എന്നും കൂടെ നിര്‍ത്തിയിരുന്ന ഡോക്ടറായിട്ടാണ് സഹകളിക്കാര്‍ അദ്ദേഹത്തെ ഇന്നും ഓര്‍ത്തെടുക്കുന്നത്. തളാപ്പ് ബ്ലൂസ് ക്ലബിലൂടെ ഫുട്ബോള്‍ രംഗത്തെത്തിയ അദ്ദേഹം കണ്ണൂരിലെ പ്രമുഖ ക്ലബായ സ്പിരിറ്റഡ് യൂത്ത്സിന്റെ കളിക്കാരനായി. പിന്നീട് മദ്രാസ് ക്രിസ്റ്റിയന്‍ കോളജില്‍ ബി.എയ്ക്ക് പഠിക്കുമ്പോഴാണ് മദ്രാസ് സര്‍വകലാശാല ടീമിലെത്തുന്നത്. 1946ല്‍ എം.ബി.ബി.എസിന് ചേര്‍ന്നിട്ടും കളിയോടുള്ള ആവേശം കെട്ടടങ്ങിയില്ല. 1947 മുതല്‍ മാധവന് മദ്രാസ് സ്റ്റേറ്റ് ടീമിന്റെ ജഴ്സിയണിഞ്ഞു. പിന്നീട് 1950ലെ സന്തോഷ്ട്രോഫിക്കുള്ള മദ്രാസ് ടീമിലും അംഗമായി. പ്രധാന ടൂര്‍ണമെന്റുകളെല്ലാം മദ്രാസിനു വേണ്ടി കളിച്ചെങ്കിലും 1970ല്‍ കേരള ഫുട്ബാള്‍ അസോസിയേഷന്റെ പ്രസിഡന്റായി. കളിക്കളം വിട്ടതിനു ശേഷം സംഘാടകനായി ഫുട്ബോളിനെ ചേര്‍ത്തു നിര്‍ത്തിയാണ് മാധവന് വിടവാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."