റോഡരികിലെ മാലിന്യങ്ങള്‍; തെരുവു നായ ശല്യം രൂക്ഷമാകുന്നു
മഞ്ചേരി: നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നത് തെരുവുനായകള്‍ വര്‍ധിക്കുന്നതിനു കാരണമാകുന്നുണ്ടന്ന പരാതി വ്യാപകമാവുന്നു. പ്രധാന റോഡുകള്‍ക്ക് ഇരുവശവും തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ തിന്നാനായി തെരുവുനായകള്‍ പല ഭാഗങ്ങളില്‍ നിന്നായി എത്തുകയാണ്.
മുനിസിപ്പാലിറ്റിയില്‍ തെരുവുനായ ശല്യം വര്‍ധിച്ചുകൊണ്ടിരിക്കുന്നതായും ഇതിനു വേഗത്തില്‍ പരിഹാരം കാണണമെന്നും അവശ്യപ്പെട്ടു നിരവധി പരാതികളാണ് അധികൃതര്‍ക്കു ലഭിച്ചിട്ടുള്ളത്. എന്നാല്‍ അതിനു പരിഹാരമുണ്ടായില്ലെന്നു മാത്രമല്ല മാലിന്യങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ പോലും അധികൃതര്‍ പോംവഴി കണ്ടില്ല.
മാലിന്യങ്ങള്‍ തടയാതെ ഈ പ്രശ്‌നത്തിനു ശാശ്വത പരിഹാരം കാണാനാവില്ലന്ന അഭിപ്രായമാണ് ഉയര്‍ന്നുവരുന്നത്. നഗരത്തെ മാലിന്യ മുക്തമാക്കുമെന്ന് കൊട്ടിഘോഷിക്കുമ്പോഴും മാലിന്യസംസ്‌കരണത്തിനുള്ള ശാസ്ത്രീയമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലന്നതിന്റെ തെളിവാണ് ഇത്തരം മാലിന്യ കൂമ്പാരങ്ങള്‍. പ്രധാനമായും മഞ്ചേരി ചെങ്ങണ ബൈപ്പാസിലാണ് മാലിന്യങ്ങള്‍ കുന്നുകൂടിയിരിക്കുന്നത്.
കടകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍, വിവാഹ,സല്‍ക്കാരങ്ങളിലെ ഭക്ഷണ അവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് പ്ലാസ്റ്റിക്ക് കവറുകളിലാക്കി പ്രധാന വഴിയോരങ്ങളില്‍ തള്ളിയിരിക്കുന്നത്. പാണ്ടിക്കാട് റോഡിന്റെ ഇരു വശങ്ങളിലും മാലിന്യങ്ങള്‍ ചീഞ്ഞുനാറികിടക്കുന്നുണ്ട്.
ഇതിനു പുറമെ മെഡി.കോളജ് പരിസരം, കച്ചേരിപ്പടി ബൈപ്പാസ് എന്നിവിടങ്ങളിലും മാലിന്യ കൂമ്പാരങ്ങള്‍ കെട്ടി കിടക്കുകയാണ്.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ കടന്നുപോവുന്ന ഇത്തരം പ്രധാന കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനെകുറിച്ച് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നില്ല. തെരുവുനായകളുടെ കടിയേറ്റ് മഞ്ചേരി പുല്ലൂരിലും പരിസരങ്ങളിലും ആടുകള്‍ ചത്തൊടുങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."