സംസ്ഥാനത്ത് മാസം ശരാശരി ആയിരം പേരെ കാണാതാകുന്നു
മലപ്പുറം: സംസ്ഥാനത്ത് മാസംതോറും ശരാശരി ആയിരം പേരെ കാണാതാവുന്നതായി പൊലിസ് ക്രൈം റെക്കോര്‍ഡ് ബ്യൂറോ കണക്ക്. കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെ 6103 പേരാണ് വിവിധ ജില്ലകളില്‍നിന്ന് പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ സാഹചര്യങ്ങളില്‍ കാണാതാകുന്നുണ്ട്. കൊവിഡിനു ശേഷം ഇതു കൂടുതലാണ്.
കേസുകളില്‍ ഭൂരിഭാഗം പേരെയും തിരിച്ചുകിട്ടിയതായി പൊലിസ് രേഖകളില്ല. സ്ത്രീകളെയും കുട്ടികളെയും കാണാതായ പരാതികളാണ് കൂടുതലും. കാണാതാകുന്നവരില്‍ കൂടുതല്‍ പേര് തിരുവനന്തപുരം ജില്ലയിലാണ്.
മൂന്നര വര്‍ഷത്തിനിടെ 38,835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകളാണ് കാണാതാകുന്നവരില്‍ കൂടുതലും. ഇതില്‍തന്നെ 15നും 35നും ഇടയില്‍ പ്രായമുള്ളവരാണ് അധികവും. വീട്ടില്നിന്നുകാണാതാകുന്നുവെന്നാണ് മിക്ക പരാതികളിലും പറയുന്നത്.
വീട്ടുകാരറിയാതെ പ്രണയ വിവാഹം ചെയ്ത് നാടുവിടുന്നവരും അക്കൂട്ടത്തിലുണ്ട്. അന്യസംസ്ഥാനങ്ങളില്‍നിന്നടക്കം ഇവരെ കണ്ടെത്താന്‍ പൊലിസിന് കഴിയുന്നുണ്ട്.
എന്നാല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നവരെ കണ്ടെത്താന്‍ പൊലിസിനാകുന്നില്ല.
വാര്‍ധക്യത്തില്‍ വീടു വിട്ടിറങ്ങിപ്പോകുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. കാണാതാവുന്ന പുരുഷന്മാരില് കൂടുതലും 50 വയസിനുമുകളില്‍ പ്രായമുള്ളവരാണ്. അന്യസംസ്ഥാന മോഷണ, ഭിക്ഷാടന മാഫിയകളുടെ കൈകളില്‍ കാണാതാകുന്ന കുട്ടികള്‍ എത്തിപ്പെടുന്നുണ്ടെന്ന സൂചനയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."