മുകേഷിന്റെ രാജി: കേരളത്തിലെ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറി; ആനി രാജയെ തള്ളി ബിനോയ് വിശ്വം
ആലപ്പുഴ: ലൈംഗികാരോപണങ്ങളുടേയും കേസിന്റേയും പശ്ചാത്തലത്തില്‍ എം.മുകേഷ് എം.എല്‍.എ സ്ഥാനം രാജിവക്കണമെന്ന ആനിരാജയുടെ നിലപാട് തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. കേരളത്തിലെ വിഷയങ്ങളില്‍ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫിന് ഇക്കാര്യത്തിലെല്ലാം വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. ഇടതുപക്ഷം എന്നാല്‍ വെറുംവാക്കല്ല. ഇടതുപക്ഷകാഴ്ച്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാന്‍ സി.പി.എമ്മും സിപി.ഐയും പ്രതിജ്ഞാബദ്ധരാണ്. സി.പി.ഐ-സി.പി.എം വഴക്ക് എന്ന വ്യാമോഹം ആര്‍ക്കും വേണ്ട എന്നും ബിനോയ് വിശ്വം ആലപ്പുഴയില്‍ പറഞ്ഞു. മാധ്യമങ്ങള്‍ എഴുതാപ്പുറം വായിക്കേണ്ട. ഇനിയൊരു പുതിയ നിലപാട് സി.പി.ഐക്ക് വ്യക്തമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈംഗികാതിക്രമ കേസില്‍ ആരോപണ വിധേയന് എന്ന നിലയില്‍ ഒരു നിമിഷം പോലും അദ്ദേഹം എംഎല്‍എ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നാണ് ആനിരാജ പറഞ്ഞത്. മുകേഷ് രാജി വെക്കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു. ആനി രാജയുടെ നിലപാടിനെ പിന്തുണച്ച് മന്ത്രി ചിഞ്ചുറാണിയും രംഗത്തെത്തിയിരുന്നു.
അതേസമയം, മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.പാര്‍ട്ടി നിലപാട് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിട്ടുണ്ട്. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്.
മുകേഷിന്റെ രാജി സംബന്ധിച്ച് സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് സി.പി.എം. ബലാത്സംഗക്കുറ്റം ചുമത്തി പൊലിസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സി.പി.ഐ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."