പി.വി അന്‍വറുമായുള്ള ഫോണ്‍ സംഭാഷണ വിവാദം; പത്തനംതിട്ട എസ്.പി സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചു
തിരുവനന്തപുരം: പത്തനംതിട്ട എസ്.പി സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചു. മൂന്നുദിവസത്തേക്കാണ് അവധി അപേക്ഷ നല്‍കിയത്. ഫോണ്‍ സംഭാഷണം പുറത്തായതിന് തൊട്ടുപിന്നാലെയാണിത്. തന്നെ കാണാനെത്തിയ സുജിത് ദാസിന് എ.ഡി.ജി.പി അനുമതി നല്‍കിയിരുന്നില്ല.
എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ പി.വി അന്‍വര്‍ എം.എല്‍.എയോട് എസ്.പി ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.
അതേസമയം ഫോണ്‍ സംഭാഷണത്തില്‍ വകുപ്പുതല അന്വേഷണമുണ്ടാകും. അന്വേഷണം ആവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കി.
കഴിഞ്ഞ ദിവസമാണ് മലപ്പുറം മുന്‍ ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസും പി.വി അന്‍വര്‍ എം.എല്‍.എയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായത്. നിലവില്‍ എസ്പി ഓഫീസില്‍ നല്‍കിയ മരം മുറി പരാതി പിന്‍വലിക്കണമെന്ന് സുജിത് ദാസ് ആവശ്യപ്പെടുന്നതാണ് സംഭാഷണത്തിലുള്ളത്. പരാതി തനിക്ക് എതിരായി വരുമെന്നും അതിനാല്‍ പരാതി പിന്‍വലിക്കണമെന്നും അദ്ദേഹം എം.എല്‍.എയോട് ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."