ബൈക്ക് യാത്രികനെ മനഃപൂർവം ഇടിച്ച ഡെലിവറി റൈഡറെ അറസ്റ്റ് ചെയ്തു
ദുബൈ: ബൈക്ക് യാത്രികനെ ബോധപൂർവം ഇടിച്ചതിന് ഡെലിവറി റൈഡറെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തു. മറ്റൊരു റൈഡറെ ഇടിക്കുന്ന വിഡിയോ വൈറലായതോടെ നിയമം ലംഘിച്ചതിന് ഡ്രൈവറെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി പൊലിസ് അറിയിച്ചതായി ഇതുസംബന്ധിച്ച റിപ്പോർട്ടിൽ പറഞ്ഞു. ഇടിച്ച വണ്ടിക്ക് പിന്നിൽ കാറിലുണ്ടായിരുന്ന ഒരാളാണ് വിഡിയോ ചിത്രീകരിച്ചത്. അദ്ദേഹം കാർ നിർത്തി റൈഡറെ സഹായിച്ചു.
മനപ്പൂർവം വാഹനമിടിച്ച് റൈഡർ പിന്നോട്ട് നോക്കി നിർത്താതെ വേഗത്തിൽ പോകുന്നത് വിഡിയോയിൽ കാണാമായിരുന്നു. റോഡിലുണ്ടായ തർക്കമായിരിക്കാം ഈ സംഭവത്തിന് കാരണം. എന്നാൽ, അത്തരം സന്ദർഭങ്ങളിൽ പൊലിസിനെ അറിയിക്കുകയാണ് വേണ്ടത്.
അതല്ല ഇവിടെ ഉണ്ടായതെന്നതും മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ചുവെന്നതും ഈ സംഭവത്തിന്റെ ഗൗരവം കൂട്ടി. പൊതുസുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം പൊലിസ് ഊന്നിപ്പറഞ്ഞു.
റോഡിൽ ഇത്തരം അക്രമ സംഭവങ്ങൾ യു.എ.ഇയിൽ അപൂർവമാണ്. ഇവിടത്തെ നിയമങ്ങളുടെ കാർക്കശ്യം തന്നെയാണ് കാരണം. റോഡിൽ പരുഷമായ ആംഗ്യങ്ങൾ കാണിക്കുന്നത് പോലും യു.എ.ഇയിൽ ശിക്ഷക്ക് അർഹമാകുന്ന കാര്യമാണ്. 2022ൽ ജബൽ അലിക്ക് സമീപമുള്ള അൽ ഖൈൽ റോഡിൽ മറ്റൊരു ഡ്രൈവറുടെ മുഖത്ത് മർദിച്ചതിന് 34കാരനായ യൂറോപ്യൻ പൗരനെ ക്രിമിനൽ കോടതി 10,000 ദിർഹം പിഴ ചുമത്തി ശിക്ഷിക്കുകയുണ്ടായി. 2017ൽ എയർപോർട്ടിലേക്ക് വാഹനമോടിക്കുന്നതിനിടെ മറ്റൊരു ഡ്രൈവറോട് അപമര്യാദയായി പെരുമാറിയ ബ്രിട്ടിഷ് വിനോദ സഞ്ചാരിയെ കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."