മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസ് ബലാത്സംഗം ചെയ്തു; ഗുരുതര ആരോപണവുമായി യുവതി, കുടുംബം തകര്‍ക്കാന്‍ ശ്രമമെന്ന് സുജിത് ദാസ്
മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് ബലാത്സംഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡി.വൈ.എസ്.പി വി.വി ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതി പറയുന്നത്. ഇന്നലെ പൊന്നാനിയിലെ സി.പി.എം നേതാവിന്റെ വീട്ടിലെത്തിയ പി.വി അന്‍വറിനെ അവിടെ പോയി കണ്ടിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു.
എസ്.പി സുജിത്ത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. എന്നാല്‍ പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് പറഞ്ഞു. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ കൂടെയുണ്ടായിരുന്നു. അത് കസ്റ്റംസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നും അയാള്‍ക്ക് കൂടി വഴങ്ങണമെന്നും എസ്.പി സുജിത്ത് ദാസ് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ സമ്മതിച്ചില്ലെന്നും വീട്ടമ്മ പറയുന്നു.
2022ലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതി. ആദ്യം പരാതി നല്‍കിയ പൊന്നാനി സി.ഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡി.വൈ.എസ്.പി ബെന്നിക്ക് കൈമാറിയെന്നും എന്നാല്‍, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവര്‍ പറയുന്നു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്.പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു. പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് സുജിത് ദാസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തലുണ്ട്. എസ്.പിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്താന്‍ തീരുമാനിച്ചതെന്നും സ്ത്രീ പറയുന്നു.
അതേസമയം, യുവതിയുടെ ആരോപണം എസ്.പി സുജിത് ദാസ് പൂര്‍ണമായി നിഷേധിച്ചു. തന്റെ കുടുംബം തകര്‍ക്കാനാണ് ശ്രമം നടക്കുന്നത്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിവിലായും ക്രിമിനലായും കേസ് നല്‍കുമെന്നും സുജിത് ദാസ് പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്ന പരാതിക്ക് പിന്നില്‍ ഒരു മനുഷ്യനെ എങ്ങനെയെങ്കിലും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും സുജിത് ദാസ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."