'ഇവിടം മാലിന്യ കൂമ്പാരമായിരുന്നു'
കുമ്പള: റോഡരികില്‍ മാലിന്യം തള്ളരുതെന്ന് നിര്‍ദേശവും ഉപദേശവും നല്‍കിയിട്ടും ചെവിക്കൊള്ളാതിരുന്നപ്പോള്‍ മാലിന്യം തള്ളുന്നിടത്ത് ഉഗ്രനൊരു പൂന്തോട്ടമുണ്ടാക്കി ക്ലബ് പ്രവര്‍ത്തകര്‍ മാതൃകയായി. സ്ഥിരമായി മാലിന്യം തള്ളുന്നിടത്ത് ഒറ്റ ദിവസം കൊണ്ടൊരു പൂന്തോട്ടം കണ്ടതോടെ മാലിന്യം തള്ളാനെത്തുന്നവര്‍ പിന്‍വാങ്ങിയതോടെ പ്രദേശമിപ്പോള്‍ മാലിന്യമുക്തമായ ആഹ്ലാദത്തിലാണ് നാട്ടുകാര്‍.
റോഡരുകില്‍ മാലിന്യം തള്ളുന്നത് പതിവായതോടെ മുന്നറിയിപ്പ് ബോര്‍ഡും വെച്ചും അധികൃതര്‍ക്ക് പരാതിയും നല്‍കിയിട്ടും രക്ഷയില്ലാതായതോടെയാണ് പ്രദേശത്തെ ക്ലബ് പ്രവര്‍ത്തകര്‍ മാലിന്യം തള്ളുന്നവരെ വെട്ടിലാക്കി അവിടെ മനോഹരമായ പൂന്തോട്ടമൊരുക്കിയത്. കുമ്പള ശാന്തിപ്പള്ള വളവില്‍ ശാന്തിപ്പള്ളയിലെ ഫ്രണ്ട്ഷിപ്പ് ബോയ്‌സ് ക്ലബ് പ്രവര്‍ത്തകരാണ് റോഡരുകില്‍ മനോഹരമായി പൂന്തോട്ടമൊരുക്കിയത്. കുമ്പള ബദിയടുക്ക റോഡിലെ ശാന്തിപ്പള്ളയില്‍ വാഹനങ്ങളിലും മറ്റു എത്തിച്ച് മാലിന്യം തള്ളുന്നത് പരിസരത്തെ നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കിയിരുന്നു. മാലിന്യത്തില്‍ നിന്നും ദുര്‍ഗ്ഗന്ധവും വലിച്ചെറിയുന്ന മാലിന്യം കാക്കകളും തെരുവ് നായ്ക്കളും കടിച്ച് പരിസരത്തെ കിണറുകളിലും വീട്ടുപരിസരത്തും ഉപേക്ഷിക്കുന്നത് കാരണം പരിസരവാസികള്‍ രോഗ ഭീതിയിലായിരുന്നു.
ഇതേ തുടര്‍ന്ന് മാലിന്യം തള്ളുന്നത് ഒഴിവാക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡ് വെക്കുകയും മാലിന്യം തള്ളുന്നവര്‍ക്കെതിരേ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്നിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് മാലിന്യം തള്ളുന്നത് തടയാന്‍ സ്ഥലത്ത് മനോഹര പൂന്തോട്ടം ഒരുക്കാന്‍ ക്ലബ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.
സമീപത്തെ കാടുകളെല്ലാം വെട്ടിമാറ്റി. പരിസരത്ത് നിന്നും മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കിയാണ് ക്ലബ് പ്രസിഡന്റ് ശരണ്‍ രാജ് സെക്രട്ടറി ജയരാജ് എന്നിവരുടെ നേതൃത്വത്തില്‍ പൂന്തോട്ടം ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."