ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം:കേരളത്തെ ആകെ നടുക്കിയ വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഠിനമായ പരീക്ഷണ ഘട്ടത്തിലൂടെ കടന്നുപോകുന്ന ശ്രുതിക്ക് ഈ സങ്കടകാലത്തെ അതിജീവിക്കാന്‍ കഴിയണം. ശ്രുതിയെ നമ്മള്‍ ചേര്‍ത്തുപിടിക്കണം. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കയച്ച കത്തില്‍ വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
വയനാട് ഉരുള്‍പൊട്ടലില്‍ അമ്മ, അച്ഛന്‍, സഹോദരി അടക്കം കുടുംബത്തിലെ ഒന്‍പത് പേരെയാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്. ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിനിടെ താങ്ങും തണലുമായി ചേര്‍ത്തുപിടിച്ച പ്രതിശ്രുത വരന്‍ ജെന്‍സനേയും ശ്രുതിക്ക് നഷ്ടമായി. ശ്രുതിയുടെ ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം വിവാഹം നടത്താനിരിക്കെ കല്‍പറ്റയില്‍വച്ചുണ്ടായ അപകടത്തില്‍ ജെന്‍സന്‍ മരിക്കുകയായിരുന്നു. ജെന്‍സനും ശ്രുതിയും അടക്കം സഞ്ചരിച്ച വാനിലേയ്ക്ക് സ്വകാര്യ ബസ് ഇടിച്ചു കയറിയായിരുന്നു അപകടം. വാനിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
ജെന്‍സന് തലയ്ക്ക് അകത്തും പുറത്തും സാരമായി പരിക്ക് പറ്റിയിരുന്നു. ശ്രുതിയുടെ കാലിനായിരുന്നു പരിക്ക്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെ ജെന്‍സന്‍ മരണത്തിന് കീഴടങ്ങി. ഇന്നലെ ആണ്ടൂര്‍ നിത്യസഹായമാതാ പള്ളിയില്‍ ജെന്‍സന്റെ മൃതദേഹം സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."