ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു
ബെയ്‌റൂത്ത്:ലബനാനിന്റെ തലസ്ഥാന നഗരിയായ ബെയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു ഹിസ്ബുല്ല കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 37 പേര്‍ കൊല്ലപ്പെട്ടു. നേരത്തെ ഒരു കമാന്‍ഡര്‍ കൊല്ലപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇബ്രാഹീം അഖീല്‍ ആണ് ആദ്യ റിപ്പോര്‍ട്ടുകളില്‍ കൊല്ലപ്പെട്ടത്. അഹ്‍മദ് വഹ്ബിയാണ് കൊല്ലപ്പെട്ട രണ്ടാമന്‍. മൂന്നു കുട്ടികളും ഏഴു സ്ത്രീകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഈവര്‍ഷം ബെയ്‌റൂത്തിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. 16 അംഗങ്ങള്‍ കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടതായി ഹിസ്ബുല്ല അറിയിച്ചു.പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ച് ലബനാനില്‍ 39 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം ശക്തിപ്പെടുത്തിയത്. ഈ ആക്രമണത്തില്‍ 3000 പേര്‍ക്ക് പരുക്കേറ്റിരുന്നു.
ഇസ്‌റാഈല്‍- ലബനാന്‍ അതിര്‍ത്തികളില്‍ യുദ്ധസമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി പ്രദേശത്തുനിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. വടക്കന്‍ ഇസ്‌റാഈലിലെ വ്യോമ മേഖലയിൽ സ്വകാര്യ വിമാനങ്ങൾക്കുള്ള പ്രവേശനം തടഞ്ഞതായി ഇസ്‌റാഈല്‍ അറിയിച്ചു. ഹഡേര നോര്‍ത്ത് വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ വിമാനങ്ങള്‍ സര്‍വിസ് നടത്തിയില്ല. അന്താരാഷ്ട്ര സര്‍വിസുകളെ ബാധിച്ചില്ലെന്നും ഇസ്‌റാഈല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."