'കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ കുറ്റകൃത്യം'- സുപ്രിം കോടതി; കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി
ഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കാണുന്നതും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും പോക്‌സോ നിയമ പ്രകാരമുള്ള കുറ്റകൃത്യമെന്ന് സുപ്രിം കോടതി. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമ പ്രകാരവും, ഐടി നിയമ പ്രകാരവും കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രധാനമായ ഈ വിധിപ്രസ്താവം. സന്നദ്ധ സംഘടനയായ ജസ്റ്റ് റൈറ്റ്‌സ് ഫോര്‍ ചില്‍ഡ്രന്‍ അലിയന്‍സ് നല്‍കിയ അപ്പീലില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
മദ്രാസ് ഹൈക്കോടതിയുടെ വിധിയില്‍ വലിയ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രിംകോടതി വിചാരണ കോടതി വിഷയം വീണ്ടും പരിശോധിച്ച് തീരുമാനമെടുക്കണമെന്നും നിര്‌ദ്ദേശിച്ചു. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ദുരുദ്ദേശമുണ്ടോയെന്ന് പരിശോധിക്കണം. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ പോക്‌സോ നിയമ പ്രകാരം കുറ്റകരം ആകുമെന്നും സുപ്രിം കോടതി വ്യക്തമാക്കി. പോക്‌സോ നിയമത്തില്‍ പാര്‍ലമെന്റ് ഭേദഗതി വരുത്തണമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു.
ഇത്തരം അശ്ലീല ദൃശ്യങ്ങള്‍ ലഭിച്ചാല്‍ അത് പോലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റകരമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ചൈല്‍ഡ് പോണോഗ്രഫി എന്ന പദത്തിന് പകരം ചൈല്‍ഡ് സെക്ഷ്വല്‍ ആന്‍ഡ് എക്‌സ്പ്‌ളോറ്റീവ് ആന്‍ഡ് അബ്യൂസ് മെറ്റീരിയല്‍ എന്ന പ്രയോഗം കൊണ്ട് വരാന്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് ഉടന്‍ കൊണ്ടുവരണമെന്നും സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കുട്ടികളുടെ അശ്ലീല വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരവും, ഐടി ആക്ട് പ്രകാരവും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചാല്‍ മാത്രമേ അത് കുറ്റകരമാകുകയുള്ളു എന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല ചിത്രങ്ങളോ വീഡിയോകളോ ആകസ്മികമായി ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിശദീകരിച്ചത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമപ്രകാരം ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമായി വ്യാഖ്യാനിക്കാന്‍ കഴിയില്ല. പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കവെയായിരുന്നു കോടതി പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."