'നസ്‌റുല്ല രക്തസാക്ഷി' തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിര്‍ത്തിവച്ച് മെഹബൂബ മുഫ്തി; കശ്മീര്‍ തെരുവുകളെ ഇളക്കി മറിച്ച് അമേരിക്ക-ഇസ്‌റാഈല്‍ വിരുദ്ധ പ്രതിഷേധം
ബാരാമുല്ല: ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയുടെ വധത്തില്‍ പ്രതിഷേധമലയടിച്ച് ജമ്മുകശ്മീരിലെ തെരുവുകള്‍. അമേരിക്കക്കും ഇസ്‌റാഈലിനുമെതിരേ വടക്കന്‍ കശ്മീരിലെ ബാരാമുല്ലയില്‍ വമ്പന്‍ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. ബാരാമുല്ല ജില്ലയിലെ ഹഞ്ച് വീര, പത്താന്‍ തെരുവുകള്‍ അക്ഷരാര്‍ഥത്തില്‍ പ്രതിഷേധ ജ്വാലയായി. അമേരിക്കക്കും ഇസ്‌റാഈലിനുമെതിരെ മുദ്രാവാക്യം വിളിച്ച് സ്ത്രീകള്‍ ഉള്‍പെടെ തെരുവില്‍ ഇറങ്ങി.
ഷിയാ വിഭാഗത്തിന് സ്വാധീനമുള്ള ബാരാമുല്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിന്റെ അവസാന ദിവസമാണ് ഇന്ന്. ബാരാമുല്ല അടക്കമുള്ള സ്ഥലങ്ങളില്‍ കൊട്ടിക്കലാശം നടക്കാനിരിക്കെയാണ് നസ്‌റുല്ല വധത്തില്‍ ആളുകള്‍ പരസ്യ പ്രതിഷേധം സംഘടിപ്പിച്ചത്.
നസ്‌റുല്ല വധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വരെ നിര്‍ത്തിവെച്ചാണ് പി.ഡി.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി പ്രതിഷേധിച്ചത്. ഹസന്‍ നസ്‌റുല്ല രക്തസാക്ഷിയാണെന്ന് എക്‌സിലെ പോസ്റ്റില്‍ മെഹബൂബ പ്രഖ്യാപിച്ചു. പ്രചാരണങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്നും അവര്‍ അറിയിച്ചു.
ഫലസ്തീനിലെയും ലബനാനിലെയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ്. അഗാധ ദുഃഖത്തിന്റെയും മാതൃകപരമായ പ്രതിരോധത്തിന്റെയും മണിക്കൂറിലാണ് ലബനാനെന്നും മുഫ്തി എക്‌സില്‍ കുറിച്ചു.
ലബനീസ് തലസ്ഥാനമായ ബൈറൂത്തിന് തെക്ക് ദഹിയയില്‍ വെള്ളിയാഴ്ച ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടത്. ഇക്കാര്യം ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്തു. 64കാരനായ നസ്‌റുല്ലയുടെ മരണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിസ്ബുല്ലയുടെ ദക്ഷിണ മേഖല കമാന്‍ഡര്‍ അലി കരാക്കെയാണ് കൊല്ലപ്പെട്ട മറ്റൊരു പ്രധാനി. എന്നാല്‍, കരാക്കെയുടെ മരണം ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച, ഹിസ്ബുല്ലയുടെ മിസൈല്‍ വിഭാഗം മേധാവി ഇബ്രാഹീം ഖുബൈസിയെയും ഇസ്‌റാഈല്‍ വധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."