ഖന്ദഖ്, ഖൈബർ യുദ്ധ വേളയിലെ പ്രവചനങ്ങൾ (സത്യദൂതർ. ഭാഗം 30)
പ്രവാചകത്വത്തിന്റെ തെളിവുകള്‍' പരിചയപ്പെടുത്തുന്ന 'സത്യദൂതര്‍' എന്ന പരമ്പരയുടെ മുപ്പതാം ഭാഗം. വീഡിയോ സന്ദേശങ്ങള്‍ സുപ്രഭാതം ഓണ്‍ലൈനിലൂടെയും suprabhaathamonline ലേഖനങ്ങള്‍ വെബ് പോര്‍ട്ടലിലൂടെയും പ്രസിദ്ധീകരിക്കും. ഇവ അടിസ്ഥാനപ്പെടുത്തി അവസാനം നടക്കുന്ന പരീക്ഷയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് നേടുന്നവര്‍ക്ക് 10000, 5000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും നല്‍കും.
ഖന്ദഖ്, ഖൈബർ യുദ്ധ വേളയിലെ പ്രവചനങ്ങൾ
ഖന്ദഖ് യുദ്ധവേളയിൽ നടത്തിയ പ്രവചനങ്ങൾ
മദീനയിൽ നിന്നും ഏതാണ്ട് 130 km ദൂരെ തെക്കുപടിഞ്ഞാറായാണ് ബദ്ർ സ്ഥിതി ചെയ്യുന്നത്. ഉഹദ് മദീനയുടെ 5 km വടക്കും. അഹ്സാബ് യുദ്ധം നടന്നത് മദീനയുടെ അതിർത്തിയിലാണ്. ഓരോ പരാജയങ്ങളും മക്കക്കാരെ കൂടുതൽ പ്രതികാരദാഹികളാക്കി എന്നർത്ഥം. അജുകൊണ്ടാണല്ലോ ഇങ്ങോട്ട് പരമാവധി കടന്നു വന്നുകൊണ്ട് യുദ്ധം ചെയ്യുന്നത്. അഹ്‌സാബ് യുദ്ധം തന്നെയാണ് ഖന്ദഖ് യുദ്ധമെന്നും അറിയപ്പെടുന്നത്. ശത്രു പക്ഷത്ത് ഖുറൈശികളോടൊപ്പം മറ്റു അറബ് ഗോത്രങ്ങളും ജൂത ഗോത്രങ്ങളും ഉണ്ടായിരുന്നതിനാലാണ് സൈന്യങ്ങൾ എന്നർത്ഥമുള്ള അഹ്‌സാബ് എന്ന പേരു ലഭിച്ചത്. ശത്രുക്കളുടെ സഖ്യസേനയിൽ നിന്നും രക്ഷപ്പെടാൻ മദീനയുടെ വടക്കുഭാഗത്ത് 6 കിലോമീറ്ററോളം നീളത്തിൽ ഒരു കിടങ്ങു കീറിയാണ് വിശ്വാസികൾ സുരക്ഷ ഉറപ്പാക്കിയത്. പർവ്വതനിരകളും ഈത്തപ്പന തോട്ടങ്ങളും ഉള്ളതിനാൽ തെക്കു നിന്നും അഗ്നി പർവ്വതങ്ങൾ ഉള്ളതിനാൽ കിഴക്കു നിന്നും പടിഞ്ഞാറു നിന്നും മദീനയെ ആക്രമിക്കാൻ കഴിയുമായിരുന്നില്ല. കിടങ്ങു കീറിയാൽ നമുക്ക് ശത്രുക്കളെ പരാജയപ്പെടുത്താം എന്ന ആശയം മുന്നോട്ടു വച്ചത് സൽമാനുൽ ഫാരിസി(റ) ആയിരുന്നു.
അനുചരർ നല്ല വിശപ്പു സഹിച്ചാണ് കിടങ്ങു കീറുന്നത്. 3000 പേർ ചേർന്ന് 6 ദിവസം കൊണ്ട് 6 km കിടങ്ങ് കീറി. ശത്രു സൈന്യത്തിന്റെ കുതിരകൾക്ക് പോലും ചാടികടക്കാൻ കഴിയാത്തവിധം 5 മീറ്റർ വീതി ആ കിടങ്ങിനുണ്ടായിരുന്നു. അനുചരർ നല്ല വിശപ്പു സഹിച്ചാണ് കിടങ്ങു കീറുന്നത്. വയറു കാലിയായാൽ ശരീരം ഒടിഞ്ഞു തൂങ്ങുമല്ലോ. അതില്ലാതിരിക്കാൻ എല്ലാവരും വയറിൽ പരന്ന കനം കുറഞ്ഞ കല്ല് കെട്ടിവച്ചിട്ടുണ്ട്. അതിനിടക്ക് വലിയൊരു പാറക്കഷ്ണം കുഴിയുണ്ടാക്കാൻ തടസമായപ്പോൾ അവർ നബിയെ സമീപിച്ചു. അങ്ങനെ തിരുദൂതർ മഴു എടുത്ത് ആ പറ പൊളിക്കാനായി ശ്രമിക്കാൻ തുടങ്ങി. ആദ്യ അടിയിൽ പാറയിൽ നിന്നും ഒരു മിന്നലുണ്ടായി. അപ്പോൾ തങ്ങൾ പറഞ്ഞു, ‘ഈ വെളിച്ചത്തിൽ പേർഷ്യൻ രാജകൊട്ടാരത്തിന്റെ താക്കോലുകൾ എന്റെ കയ്യിൽ ലഭിച്ചിരിക്കുന്നു. എന്റെ സമുദായം അവരെ കീഴടക്കും. രണ്ടാമത്തെ അടിയിൽ മിന്നൽ പാറിയപ്പോൾ പറഞ്ഞത് ‘ഈ വെളിച്ചത്തിൽ, റോമാസാമ്രാജ്യത്തിന്റെ താക്കോലുകൾ എന്റെ കയ്യിൽ ലഭിച്ചിരിക്കുന്നു. എന്റെ സമുദായം അവരെയും കീഴടക്കും. മൂന്നാമത്തെ അടിക്കു ശേഷം യമന്റെ താക്കോലുകൾ എന്റെ കയ്യിൽ ലഭിച്ചിരിക്കുന്നു. എന്റെ സമുദായം അവരെയും കീഴടക്കും’ എന്നും പറഞ്ഞു. (ഫത്ഹുൽ ബാരി, 7/458)
പേർഷ്യൻ സാമ്രാജ്യം ഇസ്‌ലാമിന്റെ കീഴിൽ വരുന്നു
ഉമർ(റ) ന്റെ ഭരണകാലത്താണ് സഅദുബ്നു അബീ വഖാസ്(റ) വിന്റെ നേതൃത്വത്തിൽ പേർഷ്യൻ സാമ്രാജ്യവുമായി ഖാദിസിയ്യ യുദ്ധം ഉണ്ടാകുന്നത്. 636 ൽ നടന്ന പ്രസ്തുത യുദ്ധത്തിൽ പേർഷ്യൻ സാസാനികളുടെ സൈന്യം ഏതാണ്ട് കീഴടങ്ങി. ശേഷം 642ൽ നഹാവന്ത് യുദ്ധം കൂടി വിജയിക്കുന്നത്തോടെ അവശേഷിക്കുന്ന പ്രദേശം കൂടി മുസ്‌ലിംകളുടെ കയ്യിലായി. ഇന്നത്തെ ഇറാനും ഇറാഖിന്റെ പകുതിയും അന്ന് പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
റോമൻ ബൈസന്റൈൻ സാമ്രാജ്യം ഇസ്‌ലാമിന്റെ കീഴിൽ വരുന്നു
636 ൽ തന്നെ നടന്ന യർമൂക് യുദ്ധത്തിലൂടെയാണ് ബൈസന്റൈൻ സാമ്രാജ്യം ഇസ്‌ലാമിന് കീഴിൽ വരുന്നത്. ഖാലിദുബ്നു വലീദ് ആയിരുന്നു സൈന്യാധിപൻ. ഏകപക്ഷീയമായ വിജയമായിരുന്നു അത്. അങ്ങനെ അന്നത്തെ ശാമ് മുസ്‌ലിംകളുടെ കീഴിലായി. സാസാനികൾക്കെതിരെ നഹാവന്ത് യുദ്ധം നടന്ന അതേ വർഷം(642) അംറുബ്നുൽ ആസ് (റ)ന്റെ നേതൃത്വത്തിൽ ഈജിപ്‌തും മുസ്‌ലിം സൈന്യം കീഴ്പ്പെടുത്തി.
യമൻ ഇസ്‌ലാമിന്റെ കീഴിൽ വരുന്നു
പ്രവാചകന്റെ കാലത്ത് യമൻ ഒരു സ്വതന്ത്ര ഭരണകൂടമായിരുന്നില്ല. മറിച്ച് പേർഷ്യൻ സാമ്രാജ്യത്തിന്റെ കീഴിലുള്ള പ്രദേശമായിരുന്നു. 628ൽ (ഹുദൈബിയ്യ സന്ധിക്ക് ശേഷം) ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് പ്രവാചകൻ വിദേശ രാജാക്കന്മാർക്ക് കത്തയച്ചിരുന്നല്ലോ. കത്ത് ലഭിച്ച പേർഷ്യൻ രാജാവ് പ്രവാചകനെ തനിക്കു മുൻപിൽ എത്തിക്കാൻ യമനിലെ ഗവർണർ ആയ ബാസാന് ഉത്തരവ് നൽകി. അദ്ദേഹം തന്റെ ആളുകളെ അതിനായി നിയോഗിച്ചു. എന്നാൽ മദീനയിലെത്തിയ പ്രസ്തുത സംഘത്തോട് പ്രവാചകൻ ഒരു പ്രവചനം അറിയിച്ചു. ‘പേർഷ്യൻ രാജാവായ കൈസർ തന്റെ പുത്രനാൽ കൊലചെയ്യപ്പെട്ടിരിക്കുന്നു’. ഈ പ്രവചനം പിന്നീട് സത്യമായി പുലർന്ന വിവരം അറിഞ്ഞപ്പോൾ യമൻ ഗവർണറായ ബാസാം ഇസ്ലാം സ്വീകരിക്കുകയും തന്റെ പ്രദേശം മുഴുവൻ സമാധാനപരമായി ഇസ്‌ലാമിന് കീഴടങ്ങുകയും ചെയ്തു.
റോമാ പേർഷ്യൻ സാമ്രാജ്യങ്ങളുമായുള്ള യുദ്ധങ്ങളുടെ കാരണം
പല സൈനിക നീക്കങ്ങളുടെയും പിന്നിൽ രാഷ്ട്രീയവും ഭൂമിശാസ്ത്ര പരവുമായ കാരണങ്ങളും ഉണ്ട്. അറേബ്യയുടെ കിഴക്കുഭാഗമായ ഇറാൻ, ഇറാഖ് പ്രദേശങ്ങളിൽ പേർഷ്യൻ സാസാനി സാമ്രാജ്യവും , പടിഞ്ഞാറു ഭാഗമായ സിറിയ, ഈജിപ്ത് പ്രദേശങ്ങളിൽ റോമൻ ബൈസന്റൈൻ സാമ്രാജ്യവും ആയിരുന്നു ഭരണം നടത്തിയിരുന്നത്. ഇരുവരുടെയും പരസ്പര ഏറ്റുമുട്ടലുകൾ നൂറ്റാണ്ടുകളോളം നീണ്ടു നിന്നു. അതിനിടയിൽ പുതിയ ഒരു സംസ്കാരവും ഭരണവും വളരുന്നതിനെ ഇരുകൂട്ടരും ഭയപ്പെട്ടു.
സ്വാഭാവികമായും ഇസ്‌ലാമിന്റെ നിലനിൽപ്പിനു ഈ രണ്ടു സാമ്രാജ്യ ങ്ങൾക്ക് മുൻപിലും തങ്ങളുടെ സൈനിക ശക്തി കാണിക്കേണ്ടത് അനിവാര്യമാണെന്ന് വന്നു. ചില സമയങ്ങളിൽ റോമക്കാരുടെ ഭാഗത്ത് നിന്നും പ്രകോപനങ്ങൾ ഉണ്ടാകുകയും ചെയ്തു. ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് റോമാ സാമ്രാജ്യത്തിലേക്ക് നബി(സ) യുടെ കത്തുമായി ചെന്ന ഹാരിസ് ബിൻ അംർ അൽ അസദി എന്ന സ്വാഹാ ബിയെ അവർ വധിച്ചു. സന്ദേശവാഹകരെ വദിക്കരുത് എന്ന എക്കാലവും നിലനിന്ന അലിഖിത നിയമം ലംഘിക്കൽ യുദ്ധത്തിനുള്ള മതിയായ കാരണമാണ്. അങ്ങിനെയാണ് തബൂക്കും അതേ തുടർന്ന് യർമൂക്കും സംഭവിക്കുന്നതും അതിന്റെ അനുരണനമായി സിറിയയും ഈജിപ്തുമെല്ലാം ഇസ്‌ലാമിലേക്ക് വരുന്നതും.
റോമാ സാമ്രാജ്യത്തിന്റെ ഭാഗമായ ഇറാക്കിന്റെ പകുതി മുസ്ലിംകൾ കീഴടക്കുന്നത് തങ്ങളുടെ സാമ്രാജ്യത്തിന് ഭീഷണിയാണെന്ന് മനസ്സിലാക്കിയ പേർഷ്യക്കാർ മുസ്ലിം സൈന്യവുമായി ചില സംഘട്ടനങ്ങൾ നടത്തി. ഒന്നാം ഖലീഫയുടെ കാലം മുതലേ ഈ പ്രശ്നമുണ്ട്. അങ്ങനെയാണ് പേർഷ്യൻ സാമ്രാജ്യത്തിനെതിരെയുള്ള ഖാദിസിയ യുദ്ധത്തിനു വഴിയൊരുങ്ങുന്നത്. രണ്ടു ഭരണകൂടങ്ങളും ജനദ്രോഹപരമായ ഭരണമാണ് കാഴ്ചവച്ചത് എന്നതിൽ തർക്കമില്ല. അഴിമതിയും ചൂഷണവും വിവേചനവും ന്യൂനപക്ഷ നിഷ്ക്കാർശനങ്ങളും ഇരു ഭരണകൂടങ്ങളുടെയും മുഖമുദ്രയായിരുന്നു.
റോഡറിക്ക് എന്ന ക്രൂരനായ ഭരണാധികാരിയുടെ പീഡനങ്ങളിൽ നിന്നും തങ്ങളെ രക്ഷിക്കണമെന്ന് അന്ദലൂസ് (ഇന്നത്തെ സ്പെയിൻ) നിവാസികൾ ആഫ്രിക്കൻ അമവി ഗവർണരായ മൂസ ബിൻ നുസൈ റിനോട് അഭ്യർത്തിച്ചതിന്റെ ഫലമായാണ് അന്നത്തെ അമവി ഭരണാ ധികാരി ത്വാരിഖ് ബിൻ സിയാദ്(റ) വിന്റെ നേതൃത്വത്തിൽ സൈന്യത്തെ അയക്കുന്നത്. അങ്ങിനെ സ്പെയിൻ ഇസ്‌ലാമിക ഭരണത്തിന്റെ കീഴിൽ വന്നു. അവിടത്തുകാർക്ക് നീതിപൂർണമായ ഭരണം ലഭിച്ചെന്നു മാത്രമല്ല, ഇന്നത്തെ യുറോപ്പിനെയും ആധുനിക ലോക ത്തെ തന്നെയും പാകപ്പെടുത്താൻ കാരണമായ വൈജ്ഞാനിക പുരോഗതി കൊറഡോവ കേന്ദ്രമായി മുസ്‌ലിങ്ങൾ നേടി.
ഖൈബർ യുദ്ധവുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ
ഖൈബർ യുദ്ധത്തിന്റെ തലേദിവസം നബി തങ്ങൾ പറഞ്ഞു, ‘ അല്ലാഹു വിജയം നൽകുന്ന ഒരു വ്യക്തിയുടെ കൈകളിൽ നാളെ ഞാൻ ഈ പതാക നൽകും’. അനുയായികൾ സാഹോദ്യം വീക്ഷിച്ചു ആർക്കാണ് ആ ഭാഗ്യം ലഭിക്കുക. പുണ്യ നബി തെരഞ്ഞെടുത്തത് അലി (റ) വിനെ ആയിരുന്നു. ആ സമയത്ത് തന്റെ കണ്ണിന് അസുഖം ഉണ്ടായിരുന്ന അലിയുടെ കണ്ണിൽ തന്റെ ഉമിനീർ പുരട്ടുകയും പ്രാർത്ഥിക്കുകയും ചെയ്തു പ്രവാചകൻ. (സഹീഹ് മുസ്‌ലിം 2406a). അതായത് ഹൈബർ യുദ്ധത്തിന്റെ തലേദിവസം തന്നെ പുണ്യ നബി വിജയം പ്രഖ്യാപിക്കുകയാണ്. ഈ പ്രവചനങ്ങളെല്ലാം തങ്ങളുടെ ജീവിതകാലത്തുതന്നെ പുലരുന്നത് കണ്ടാ അനുയായികളുടെ വിശ്വാസം ദൃഢമായില്ലെങ്കിലല്ലേ അത്ഭുതം.
ഹൈബർ യുദ്ധം കഴിഞ്ഞ് സൈനബ് ബിന്ത് ഹാരിസ് എന്ന ഒരു ജൂത സ്ത്രീ പുണ്യ നബിക്ക് ആട്ടിറച്ചി കൊണ്ടുവന്നു. വായിൽ വെച്ചപ്പോഴേക്കും അതിൽ വിഷമുണ്ടെന്ന് ഇറച്ചി തന്നെ അറിയിച്ചതായി പുണ്യനബി പറഞ്ഞു. അതു ഭക്ഷിച്ച ബിശ്റുബ്നുൽ ബറാഅ (റ) മരണപ്പെടുകയും ചെയ്തു (സുനൻ അബു ദാവൂദ് 4512). വിഷം കലർത്തിയിട്ടുണ്ട് എന്ന് മാംസം അറിയിക്കുകയും അതു സത്യമാണെന്ന് മറ്റൊരു അനുയായിയുടെ മരണത്താൽ ബോധ്യപ്പെടുകയും ചെയ്ത ഈ സംഭവം പുണ്യ നബിയുടെ പ്രവാചകത്വത്തിന്റെ തെളിവ് അല്ലെങ്കിൽ മറ്റെന്ത്.
വിഡിയോ കാണുന്നതിന്: https://youtu.be/mJdEGF1HMcA
മുൻ ലേഖനങ്ങൾ വായിക്കുന്നതിന്: https://www.suprabhaatham.com/readmore?tag=Sathyadoothar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."