കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മാണം പുരോഗമിക്കുന്നു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെര്‍മിനല്‍ നിര്‍മാണത്തിന്റെ ആദ്യഘട്ട പ്രവൃത്തികള്‍ പുരോഗമിക്കുന്നു.വിമാനത്താവളത്തിനു കിഴക്ക് ഭാഗത്തു നിലവിലെ ടെര്‍മിനലിനോട് ചേര്‍ന്നാണ് രാജ്യത്തെ മികച്ച വിമാനത്താവള ടെര്‍മിനല്‍ ഒരുക്കുന്നത്.
വിമാനത്താവള വികസനത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ടെര്‍മിനല്‍ നിര്‍മിക്കുന്നത്. 17,000 ചതുരശ്ര മീറ്ററില്‍ രണ്ടു നിലയായാണ് ടെര്‍മിനല്‍ ഒരുക്കുന്നത്. 85.5 കോടി ചിലവില്‍ ഹരിത ടെര്‍മിനലായാണ് നിര്‍മാണം. യു.ആര്‍ സി കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവം നീളംകൂടിയ ടെര്‍മിനലെന്ന ഖ്യാതി ഇതോടെ കരിപ്പൂരിനായിരിക്കും. നിര്‍മാണത്തിന്റെ 27 ശതമാനം പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായി. അടുത്ത വര്‍ഷം സെപ്റ്റംബറോടെ മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കും.
നിലംകുഴിച്ചു കൂറ്റന്‍ ഫില്ലര്‍ നിര്‍മിച്ചുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയായിയിട്ടുണ്ട്. ഒന്നാംനിലയുടെ പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. പ്രകൃതിയിലെ കാറ്റും വെളിച്ചവും പരമാവധി പ്രയോജനപ്പെടുത്താനായി സ്റ്റീലും ഗ്ലാസുമാണ് തുടര്‍ന്നുള്ള പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുക. അതിനാല്‍ ഗ്രൗണ്ട് നിര്‍മാണ പ്രവൃത്തികള്‍ കഴിഞ്ഞാല്‍ പിന്നീടുള്ളവ എളുപ്പത്തില്‍ പൂര്‍ത്തിയാക്കും. പൂര്‍ണമായും എയര്‍ക്കണ്ടീഷന്‍ ചെയ്തതായിരിക്കും ടെര്‍മിനല്‍. 20 കസ്റ്റംസ് കൗണ്ടറുകള്‍, 44 എമിഗ്രേഷന്‍ കൗണ്ടറുകള്‍, ഇന്‍ലൈന്‍ ബാഗേജ് സംവിധാനം, എസ്‌കലേറ്ററുകള്‍, രണ്ട് അത്യാധുനിക എയറോബ്രിഡ്ജുകള്‍, വാഹന പാര്‍ക്കിങ് സൗകര്യം എന്നിവ ടെര്‍മിനലില്‍ ഒരുക്കും.
അയ്യായിരത്തിലേറെ പേര്‍ക്ക് ഒരേസമയം ഉപയോഗിക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ഇതോടൊപ്പം പൊലിസ് സ്റ്റേഷന്‍, പൊലിസ് ഔട്ട് പോസ്റ്റ് എന്നിവയ്ക്കും സൗകര്യമൊരുക്കും. എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ ടെക്‌നിക്കല്‍ ബ്ലോക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്യും. ഐസുലേഷന്‍ ബേ നവീകരിക്കാനും പദ്ധതിയുണ്ട്. മൃഗങ്ങള്‍ കയറുന്നതു തടയാന്‍ റണ്‍വേയ്ക്കു ചുറ്റും നെറ്റ് വേലി സഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കരിപ്പൂരില്‍ നിലവിലുള്ള ടെര്‍മിനലില്‍ കൂടുതല്‍ യാത്രക്കാര്‍ക്കു സൗകര്യമില്ല. ആയതിനാല്‍ വിമാനങ്ങള്‍ ഒന്നിച്ചെത്തുമ്പോള്‍ ടെര്‍മിനലില്‍ ഇരിക്കാന്‍പോലും കഴിയാതെ യാത്രക്കാര്‍ വലയുകയാണ്. അതിനിടെ, വിമാനത്താവളത്തില്‍ പിന്‍വലിച്ച വലിയ വിമനങ്ങളുടെ തിരിച്ചുവരവില്‍ അനിശ്ചിതത്വം തുടരുകയാണ്. റണ്‍വേ നവീകരണത്തിന്റെ ഭാഗമായി പിന്‍വലിച്ച വിമാനങ്ങള്‍ റണ്‍വേ പ്രവൃത്തികള്‍ പൂര്‍ത്തിയായാലും തിരിച്ചുവരാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."